Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രിക്കും. കോശവിഭജനം നടന്നുതുടങ്ങുന്നതിനു മുമ്പുതന്നെ അവയുടെ ഇരട്ടിക്കൽ പ്രക്രിയ നടന്നുകഴിഞ്ഞിട്ടുണ്ടായിരിക്കും. ഈ ഘട്ടത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും ഈ അർദ്ധക്രോമസങ്ങൾ കുറേക്കൂടി വ്യക്തമായിട്ടുണ്ടാകും.

ഈ സമയത്ത് ന്യൂക്ലിയസ്സിനു പുറത്തുള്ള സെൻട്രിയോൾ എന്നു വിളിക്കപ്പെടുന്ന ഒരു ഘടകം രണ്ടായി വിഭജിച്ച് ന്യൂക്ലിയസ്സിന്റെ രണ്ടുവശത്തായി സ്ഥാനമുറപ്പിക്കുന്നു. ന്യൂക്ലിയചർമ്മം, ക്രമേണ അപ്രത്യക്ഷമാവുകയും രണ്ടു സെൻട്രിയോളുകൾക്കിടയിലായി നേർത്ത തന്തുക്കൾ വന്നണിനിരക്കുകയും ചെയ്യുന്നു. ഇതേസമയം തന്നെ സെൻട്രിയോളുകൾക്കു ചുറ്റും രശ്മികൾപോലെ ചെറു തന്തുക്കൾ രൂപംകൊള്ളുന്നു. ഇങ്ങനെ സെൻട്രിയോളുകളും അവയ്ക്കിടയിലും ചുറ്റിലുമായി രൂപംകൊണ്ട ലോലതന്തുക്കളും ചേർന്ന് ഒരു അവർണ്ണരൂപം സൃഷ്ടിക്കപ്പെടുന്നു.

അടുത്ത ഘട്ടത്തിൽ ക്രോമസങ്ങളെല്ലാം ഈ അവർണ്ണരൂപത്തിന് നടുവിൽ വന്നു നിരക്കുന്നു. അതോടൊപ്പം, ഇരട്ട ക്രോമസങ്ങളിലെ കേന്ദ്രകണികകൾ വിഭജിക്കയും, രണ്ടു ധ്രുവങ്ങളിലുമുള്ള സെൻട്രിയോളുകളിൽനിന്നു പുറപ്പെടുന്ന തന്തുക്കളുമായി ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഇതിനടുത്ത ഘട്ടത്തിൽ ഇരട്ട ക്രോമസങ്ങളിലെ ഓരോ അംഗവും വിപരീത ധ്രുവങ്ങളിലേക്ക് ആനയിക്കപ്പെടുന്നു. ഈ പ്രയാണത്തിൽ കേന്ദ്രകണികകൾ വഴികാട്ടികളായി വർത്തിക്കുന്നു. കോശവിഭജനത്തിന്റെ അവസാനഘട്ടത്തിൽ, രണ്ടു ധ്രുവങ്ങളിലുമെത്തിച്ചേർന്ന ക്രോമസങ്ങൾ ഒന്നിച്ചുചേരുകയും, അവ രണ്ടു ന്യൂക്ലിയസ്സുകളായിത്തീരുകയും ചെയ്യുന്നു. ഇങ്ങനെ ഒരേ കോശത്തിന്റെ രണ്ടറ്റങ്ങളിലായി രണ്ടു ന്യൂക്ലിയസ്സുകൾ രൂപംകൊണ്ടുകഴിഞ്ഞാൽ, അവയെ വേർപെടുത്തിക്കൊണ്ട് നടുക്കായി ഒരു കോശഭിത്തി ഉടലെടുക്കുന്നു. തൽഫലമായി ഒന്നിൽ നിന്ന് രണ്ടു കോശങ്ങൾ ജനിക്കുന്നു.

ഇതാണ് സാധാരണഗതിയിൽ ഒരു ഭ്രൂണകോശം വിഭജിച്ച് ഒരു മനുഷ്യനായി വരുന്നതിനിടയിൽ നടക്കുന്ന കോശവിഭജനരീതി. പൂർണ്ണവളർച്ച പ്രാപിച്ചതിനുശേഷവും തേയ്മാനം വന്ന് നശിച്ചു പോകുന്ന കോശങ്ങൾക്കു പകരമായും പുതിയ കോശങ്ങൾ രൂപംകൊള്ളുന്നുണ്ട്. ഈ വിഭജനങ്ങളെല്ലാം നടക്കുമ്പോൾ ക്രോമസങ്ങൾ കൃത്യമായി വിഭജിക്കപ്പെടുകയും തന്മൂലം ജീനുകൾ തുല്യമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

ഇരട്ടക്കുട്ടികൾ

ഒരേ ഭ്രൂണകോശം വിഭജിച്ചുണ്ടാകുന്ന രണ്ടു പ്രഥമകോശങ്ങളിലെ ജീനുകൾ തുല്യസ്വഭാവങ്ങളോടുകൂടിയവയായിരിക്കുമല്ലോ. അപ്പോൾ അവ രണ്ടിനെയും വേർപെടുത്തി വളർത്തിയാൽ തുല്യരൂപഭാവങ്ങളുള്ള രണ്ടു ജീവികളുണ്ടാകണം. എന്നാൽ തുടർന്നുള്ള വിഭജനങ്ങളുടെ ഫലമായുണ്ടാവുന്ന കോശങ്ങൾ സവിശേഷീകരണ പ്രക്രിയയ്ക്ക് വിധേയമാകുന്നു. അതായത് ഓരോ കോശവും വ്യത്യസ്ത ധർമ്മങ്ങൾ ഏറ്റെടുക്കുന്നു. ഭ്രൂണകോ