തുലോം ഭിന്നമായ ഒരു യാഥാർത്‌ഥ്യമാണ് സാമൂഹ്യതലത്തിൽ സൃഷ്‌ടിക്കപ്പെടുന്നത്. വ്യക്തികളുടെ മാനസികവ്യാപാരത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ, അതിൽനിന്ന് സ്വതന്ത്രമായ സാമൂഹ്യസത്തയുടെ സാന്നിദ്ധ്യം, സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിൽ കൈകാര്യം ചെയ്യാനുള്ള കളമൊരുക്കുന്നു.
എന്നാൽ ഈ സാദൃശ്യത്തോടൊപ്പം കാതലായ ചില അന്തരങ്ങളും നാം കാണേണ്ടതുണ്ട്. സാമൂഹ്യസത്തയുടെ അസ്തിത്വം, വസ്തുനിഷ്ഠമായി ഗോചരീയമല്ല. സാമൂഹ്യഘടനയുടെ പ്രവര്ത്തനങ്ങളിലൂടെയാണ് നമുക്ക് അത്അനുഭവവേദ്യമാകുന്നത്. മറ്റു പ്രാകൃതിക പ്രതിഭാസങ്ങളിൽ നിന്ന് വ്യത്യസ്തമായി, സാമൂഹ്യഘടനയ്ക്ക് അതിന്റെ പ്രവർത്തനങ്ങളിൽനിന്ന് സ്വതന്ത്രമായി നിലനില്‌ക്കുക സാധ്യമല്ല. കാരണം ഈ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് സാമൂഹ്യഘടനയുടെ അസ്തിത്വംതന്നെ സ്‌ഥാപിക്കപ്പെടുന്നത്. ഈ സാമൂഹ്യഘടന, സാമൂഹ്യസൃഷ്‌ടിയുമാണ്. ഈ സാമൂഹ്യോല്പാദനം നിരന്തരം നടക്കുന്ന പ്രക്രിയയായതുകൊണ്ട് സാമൂഹ്യഘടനയുടെ സ്വഭാവവും നിരന്തരമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും. പ്രകൃതിശാസ്ത്രത്തിന് കണ്ടെത്താൻ കഴിയുന്ന വിധത്തിൽ കൂടുതൽ സ്‌ഥായീസ്വഭാവമുള്ള നിയമങ്ങൾ കണ്ടെത്താൻ സാമൂഹ്യശാസ്ത്രങ്ങളിൽ സാധ്യമല്ലെന്നാണ് ഇതു കാണിക്കുന്നത്. പക്ഷേ, ഈ സവിശേഷതകൾ സാമൂഹ്യശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളിൽനിന്ന് തുലോം വിഭിന്നമാക്കുന്നില്ല. പ്രകൃതിശാസ്ത്രങ്ങളുടെ പൊതുവായ ചട്ടക്കൂടിനുള്ളിൽ, വ്യത്യസ്ത ശാസ്ത്രശാഖകൾക്ക്അവയുടെ മേഖലയുടെ സവിശേഷതകൾക്കനുസരിച്ച് വ്യത്യസ്ത സമ്പ്രദായങ്ങൾ സ്വീകരിക്കേണ്ടതായി വരും. സാമൂഹ്യശാസ്ത്രങ്ങളുടെ സ്‌ഥിതിയും ആ രീതിയിലാണ് കാണേണ്ടത്. മറ്റു പ്രകൃതിശാസ്ത്രങ്ങളുടെ തലത്തിലേക്ക് സാമൂഹ്യശാസ്ത്രങ്ങളെ ചുരുക്കാൻ ശ്രമിക്കുന്നത് സാമൂഹ്യശാസ്ത്രങ്ങളുടെ സവിശേഷതകൾ കണക്കിലെടുക്കാത്ത സമീപനത്തിന്റെ ഫലമാണ്. ശാസ്ത്രമാത്രവാദത്തിന്റേയും ചരിത്രമാത്രവാദത്തിന്റേയും ഏകപക്ഷീയതകൾ ഒഴിവാക്കിക്കൊണ്ട് യാഥാർത്‌ഥ്യബോധത്തോടുകൂടിയ ഒരു സമീപനമാണ്ആവശ്യം.
സാമൂഹ്യഘടന അതിന്റെ അസ്തിത്വം സ്ഥാപിക്കുന്നത് സമൂഹത്തിലെ വ്യക്തികളുടെ ബോധപരമായ പ്രവർത്തനങ്ങളിലൂടെയാണ് എന്ന വസ്തുത വീണ്ടും വ്യക്തികളുടെ ആത്‌മനിഷ്‌ഠ പ്രവർത്തനങ്ങളാണ് സമൂഹത്തിന്റെ അടിത്തറ എന്ന വാദഗതിയെ ബലപ്പെടുത്തുന്നു എന്നു തോന്നിച്ചേക്കാം. വ്യക്തികളുടെ ആത്‌മനിഷ്‌ഠ പ്രവർത്തനങ്ങൾ കൂടിച്ചേർന്നാൽ സമൂഹത്തിന്റെ ആത്‌മനിഷ്‌ഠത സൃഷ്‌ടിക്കപ്പെടുകയില്ലെന്നതാണ് കാതലായ കാര്യം. വ്യക്തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങളിൽ നിന്ന് ഭിന്നമായ ഒരു വസ്തുനിഷ്‌ഠതയാണ് സാമൂഹികതലത്തിൽ രൂപംകൊള്ളുന്നത്. ആത്‌മനിഷ്‌ഠതയെ സാമൂഹ്യതലത്തിലേക്ക് വ്യാപരിപ്പിച്ചുകൊണ്ട് ചർച്ചചെയ്യുമ്പോഴാണ് ആശയവാദത്തിന്റെ പടുകുഴിയിൽ നിപതിക്കുന്നത്. വ്യക്തിനിഷ്‌ഠതല