താൾ:പ്രപഞ്ചവും മനുഷ്യനും.djvu/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എക്സ്റേ ഉപയോഗിച്ച് ക്രോമസങ്ങളിൽ ഭൗതികമാറ്റം വരുത്തിയതിന്റെ ഫലമായി പുതിയ സ്വഭാവങ്ങൾ സൃഷ്ടിക്കാൻ 1926-ൽ എച്ച്.ജെ. മുള്ളർക്കു കഴിഞ്ഞു. ഇതോടെ എല്ലാ ജൈവപ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായ ജീൻ മനുഷ്യന്റെ നിയന്ത്രണത്തിനു വിധേയമാകുമെന്നു തെളിഞ്ഞു. ഇങ്ങനെയാക്കെയാണെങ്കിലും ജീനിന്റെ ഭൗതികഘടനയെക്കുറിച്ചും, അത് വിവിധ സ്വഭാവങ്ങളെ എങ്ങനെയാണു നിയന്ത്രിക്കുന്നത് എന്നതിനെക്കുറിച്ചും വസ്തുനിഷ്ഠമായ ഒരറിവും ശാസ്ത്രജ്ഞന്മാർക്കുണ്ടായിരുന്നില്ല.

മെൻഡലിൽനിന്നാരംഭിച്ച് ഡിവ്രീസ്, മോർഗൻ, മുള്ളർ എന്നിവരിലൂടെ പാരമ്പര്യശാസ്ത്രം ദ്രുതഗതിയിൽ വളർന്നുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ അവരുടെയെല്ലാം കണ്ടുപിടുത്തങ്ങൾക്കാധാരമായ ഭൗതിക വസ്തു, പശിമയുള്ള ഒരു വെളുത്ത പൊടി, ആരാലും ശ്രദ്ധിക്കപ്പെടാതെ പല പരീക്ഷണശാലകളിലെയും അലമാരകളിൽ കിടന്നിരുന്നു. 'ന്യൂക്ളിക്കമ്ളം' എന്ന മുദ്രയൊട്ടിച്ച ആ കുപ്പികൾ പൊടിപിടിച്ചു കിടന്നപ്പോൾ അവയിലടങ്ങിയിട്ടുള്ള അമൂല്യവസ്തുവിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരുംതന്നെ ബോധവാന്മാരായിരുന്നില്ല.

മെൻഡൽ തന്റെ സിദ്ധാന്തങ്ങൾ അവതരിപ്പിച്ച് നാലു വർഷങ്ങൾക്കു ശേഷമാണ് 1869-ൽ ഫ്രീഡ്രിക് മീഷർ എന്ന സ്വിസ് രസതന്ത്രജ്ഞൻ ജീവകോശങ്ങളിലെ ന്യൂക്ളിയസ്സിനെ മാത്രം വേർതിരിച്ചെടുത്തത്. മറ്റു കോശവസ്തുക്കളുടെ രാസഘടനയിൽനിന്ന് തുലോം വ്യത്യസ്തമായിരുന്ന ഈ രാസപദാർത്ഥത്തിന് അദ്ദേഹം 'ന്യൂക്ളീൻ' എന്നു പേരിട്ടു. ന്യൂക്ളിയസ്സിൽനിന്നും പ്രോട്ടീനും മറ്റും നീക്കംചെയ്ത് ശുദ്ധമായ ന്യൂക്ളിൻ തന്നെ വേർതിരിച്ചെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്മൂലം അതിന്റെ രാസഘടകങ്ങൾ പരിശോധിച്ചപ്പോൾ മറ്റെല്ലാ രാസസംയുക്തങ്ങളെയുംപോലെ ഇതിലും കാർബൺ, ഓക്സിജൻ, ഹൈഡ്രജൻ, നൈട്രജൻ, ഫോസ്ഫറസ് എന്നീ മൂലകങ്ങളാണുള്ളതെന്ന് മനസ്സിലായി. മീഷറുടെ ഗവേഷണങ്ങൾ തുടർന്ന മറ്റു ശാസ്ത്രജ്ഞന്മാർ ന്യൂക്ളിൻ ഒരു അമ്ളഗുണമുള്ള വസ്തുവായതിനാൽ അതിനെ ന്യൂക്ളിക്കമ്ളം എന്നു വിളിക്കാമെന്നു നിർദ്ദേശിച്ചു.

തുടർന്നുള്ള ഗവേഷണങ്ങൾ ഈ ന്യൂക്ലിക്കമ്ലത്തിന്റെ ഘടനയെക്കുറിച്ച് ഒരേകദേശം രൂപം നൽകാൻ സഹായിച്ചു. മറ്റേതൊരു തന്മാത്രയെ അപേക്ഷിച്ചും വളരെ വലിയ ചരടുപോലുള്ള തന്മാത്രകളാണ് ഈ രാസവസ്തുവെന്നു വ്യക്തമായി. അതിനെ വിഛേദിക്കാൻ ശ്രമിച്ചപ്പോൾ ഓരോ മൂലകവും വേർതിരിഞ്ഞില്ലെങ്കിലും കുറേ കീഴ്ഘടകങ്ങളായി അവ വേർപെട്ടു. ഓരോ കീഴ്ഘടകത്തിന്റെയും രാസഘടന ഇങ്ങനെയായിരുന്നു. അഞ്ചു പഞ്ചസാര തന്മാത്രകൾ, അവയോടു ബന്ധപ്പെട്ടുകൊണ്ടു വ്യത്യസ്ത തരത്തിലുള്ള നൈട്രജൻ വാഹികളായ നാലു സംയുക്തങ്ങളും. ഏതാണ്ട് മൂവായിരത്തോളം വരുന്ന ഇത്തരം കീഴ്ഘടകങ്ങളെല്ലാം ഫോസ്ഫോറിക് അമ്ലത്താൽ ബന്ധിക്കപ്പെട്ടിരുന്നു. ഈ സങ്കീർണ്ണരാസവസ്തുവിനു നൽകിയ