Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യത്യസ്തവും സ്ഥായിയായിട്ടുള്ളതുമായിരിക്കും. ജീനുകളെക്കുറിച്ച് അടുത്ത അദ്ധ്യായത്തിൽ വിശദമായി വിവരിക്കുന്നതു കൊണ്ട് ഇവിടെ ഇത്രയും കൊണ്ടവസാനിപ്പിക്കാം.

വർണ്ണതന്തുക്കളെക്കൂടാതെ ഗോളാകൃതിയിലുള്ള ഒന്നോ രണ്ടോ ന്യൂക്ലിയോലസ് എന്ന ചെറുഭാഗങ്ങൾ ന്യൂക്ലിയസിൽ കാണാം. ക്രോമസങ്ങളിലെ ഡി.എൻ.എ.യുടെ സഹായത്തോടെ റിബോസോം നിർമ്മിക്കുന്നത് ഈ ന്യൂക്ലിയോലസുകളാണ്. കോശദ്രവ്യത്തിൽ വെച്ച് നടക്കുന്ന പ്രോട്ടീൻ നിർമ്മിതിയിൽ അതിപ്രധാനമായ പങ്കുവഹിക്കുന്നവയാണ് റിബോസോമുകൾ എന്നു നേരത്തെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഈ റിബോസോമുകളിൽ പ്രധാനമായുള്ളത് ആർ.എൻ.എ യാണ്. ആകെ മൂന്നു തരം ആർ.എൻ.എകളിൽ ഒന്ന് ഇതാണ്. ഈ ആർ.എൻ.എ നിർമ്മിയ്ക്കേണ്ടത് ഡി.എൻ.എ യാണെങ്കിലും അവയ്ക്കു നിയതമായ രൂപം കൊടുത്ത് റിബോസോമാക്കി കോശദ്രവ്യത്തിലേയ്ക്ക് അയയ്ക്കുന്ന ജോലി നിർവഹിയ്ക്കുന്നത് ന്യൂക്ലിയോലസുകളാണ്.

സാമാന്യമായി ഒരു ജീവകോശത്തിന്റെ ഘടന ഇതാണെങ്കിലും, വിവിധ ജീവികളിലും, ഒരേ ജീവിയിൽ തന്നെ വ്യത്യസ്ത അവയവങ്ങളിലും കോശഘടനയിലും പ്രവർത്തനത്തിലും കാര്യമായ അന്തരം കാണാം. വ്യത്യസ്ത കൃത്യങ്ങൾ നിർവഹിയ്ക്കേണ്ടി വരുന്ന കോശങ്ങളുടെ ഘടനയും അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിയ്ക്കും.