താൾ:പ്രപഞ്ചവും മനുഷ്യനും.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യത്തോടെ, ഈ പ്രക്രിയ നടക്കുന്നു. ഓക്സിജന്റെ സാന്നിദ്ധ്യമില്ലാതെയാണ് ഇതു നടക്കുന്നത് നേരത്തെ സൂചിപ്പിച്ച മൈറ്റോക്കോണ്ഡ്രിയനുകളിൽ നടക്കുന്ന രാസമാറ്റങ്ങളുടെ മുന്നോടിയായിട്ടാണ് ഇതു കോശദ്രവത്തിൽ നടക്കുന്നത്.

കോശദ്രവത്തിൽ വെച്ചു നടക്കുന്ന ഫെർമെന്റേഷന്റെ ഫലമായി ലഭിക്കുന്ന പൈറുവേറ്റുകളാണ് മൈറ്റോക്കോൺഡ്രിയയിൽ ഉപയോഗിക്കപ്പെടുന്നത്. പൈറുവേറ്റ് അവിടെവെച്ചു പടിപടിയായി ഓക്സീകരണം ചെയ്യപ്പെടുന്നതിന്റെ ഫലമായി, ഊർജവാഹികളായ ഇലക്ട്രോണുകൾ സ്വതന്ത്രമാക്കപ്പെടുന്നു. ഇങ്ങനെ ലഭിക്കുന്ന ഇലക്ട്രോണുകളാണ് മുകളിൽ വിവരിച്ചതുപോലെ എ.ടി.പി. നിർമ്മിതിയിൽ സഹകരിക്കുന്നത്. മൈറ്റോക്കോൺഡ്രിയണുകളിൽ നടക്കുന്ന ഈ പ്രക്രിയകളാണു യഥാർത്ഥത്തിൽ, ശരീരക്രിയാപരമായ ശ്വസനം. നാം സാധാരണഗതിയിൽ ശ്വസനം എന്നതുകൊണ്ടർത്ഥമാക്കുന്നത് ശ്വാസകോശംവഴി ഓക്സിജനെ ഉൾക്കൊള്ളുകയും കാർബൺ ഡയോക്സൈഡിനെ പുറം തള്ളുകയും ചെയ്യുന്ന പ്രക്രിയയെയാണ്. എന്നാൽ, വാസ്തവത്തിൽ, ആ ഓക്സിജൻ, മുകളിൽ വിവരിച്ച പ്രവർത്തനങ്ങളിൽ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ഘടകമാണ്. ഈ സങ്കീർണ്ണ രാസപ്രവർത്തനങ്ങളുടെ അന്തിമഫലമെന്ന നിലയ്ക്ക് കാർബൺ ഡൈഓക്സൈഡും ഹൈഡ്രജനും രൂപം കൊള്ളുമ്പോൾ, ആ ഹൈഡ്രജനെ സ്വീകരിച്ച് വെള്ളമായി മാറുക മാത്രമാണ് ഓക്സിജന്റെ ജോലി. കാർബൺ ഡൈഓക്സൈഡ് പുറത്തുപോവുകയും ചെയ്യുന്നു.

മൊത്തത്തിൽ ഒരു ഗ്ലൂക്കോസ് തന്മാത്ര ഓക്സീകരിക്കപ്പെട്ട് വെള്ളവും കാർബൺ ഡൈഓക്സൈഡുമായി തീർമ്പോഴേയ്ക്ക് 38 എ.ടി.പി. തന്മാത്ര ഉദ്ദേശം 1000 കലോറി ഊർജം നൽകുന്നു. അപ്പോൾ ആകെ 38,000 കലോറി ഊർജമാണ് ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നു ലഭിയ്ക്കുന്നത്. എന്നാൽ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ ഏകദേശം 69,000 കലോറി ഊർജമുണ്ട്. അതിന്റെ 55% മാത്രമേ ഈ പ്രവർത്തനങ്ങളിലൂടെ ലഭിയ്ക്കുന്നുള്ളൂ. ബാക്കി അധികവും ഈ രാസപ്രക്രിയയ്ക്കിടയിൽ തന്നെ ഉപയോഗിയ്ക്കപ്പെടുന്നു.

ഈ സുദീർഘമായ രാസപ്രക്രിയകൾ നടക്കാൻ ഏറെ സമയം വേണ്ടിവരുമെന്ന് തോന്നിയേക്കാം. എന്നാലിത് വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് നടക്കുന്നത്. കൂടിയത് ഒരു മിനിറ്റ്. അതായത്, ഓരോ മിനിറ്റിലും നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് തന്മാത്രകൾ ഈ രാസപ്രവർത്തനങ്ങളിലൂടെയെല്ലാം കടന്നുപോയി കാർബൺ ഡൈ ഓക്സൈഡും ജലവുമായി തീരുകയും അത്യധികം ഊർജം ഉല്പാദിപ്പിയ്ക്കുകയും ചെയ്യുന്നു. ഈ ഊർജം ഉല്പാദിപ്പിയ്ക്കപ്പെടുന്നതിനനുസരിച്ച് ശേഖരിയ്ക്കപ്പെടുകയും നിരന്തരം ചെലവഴിയ്ക്കപ്പെടുകയും ചെയ്തുകൊണ്ടിരിയ്ക്കുന്നു.