താൾ:പ്രപഞ്ചവും മനുഷ്യനും.djvu/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഫോസ്ഫേറ്റ്) ഒരു അജൈവ ഫോസ്ഫേറ്റിനോടുകൂടി ചേർന്ന് എ.ടി.പി. (അഡനോസിൻ ട്രൈ ഫോസ്ഫേറ്റ്) എന്ന സംയുക്തമുണ്ടാക്കുന്നതിന് സാധാരണയിൽ കവിഞ്ഞ ഊർജം ആവശ്യമുണ്ട്. അതുകൊണ്ട് ഇലക്ട്രോൺ കൈമാറ്റം നടക്കുമ്പോഴുണ്ടാകുന്ന ഊർജത്തെ ഇവർ അവസരോചിതമായി ഉപയോഗപ്പെടുത്തി കിട്ടിയ ഊർജത്തെ മുഴുവൻ എ.ടി.പി.യുടെ രൂപത്തിൽ സംഭരിച്ചുവയ്ക്കുന്നു. സാധാരണഗതിയിൽ ഹൈഡ്രജന്റെ ഉത്തേജിതാവസ്ഥയിലുള്ള രണ്ട് ഇലക്ട്രോണുകളെ ഈ എൻസൈമുകളുടെ കയ്യിൽ കിട്ടിയാൽ കൈമാറ്റങ്ങൾവഴി, മൂന്ന് എ.ടി.പി. തന്മാത്രകളുണ്ടാക്കാനുള്ള ഊർജം അവരുല്പാദിപ്പിക്കും.

ഇത്തരം ഊർജസംഭരണത്തിന് രണ്ടു പ്രധാനോപാധികൾ അത്യാവശ്യമാണെന്നു കാണാം. ആദ്യമായി ഹൈഡ്രജൻ ഇലക്ട്രോണുകളെ എൻസൈം സംഘടനയ്ക്ക് നൽകണം. പിന്നെ, അവസാനത്തിൽ ആ ഇലക്ട്രോണുകളെ അവരിൽനിന്നു സ്വീകരിക്കാൻ പാകത്തിൽ ഓക്സിജൻ തയ്യാറാക്കി നിൽക്കയും വേണം. നാം ശാസോച്ഛ്വാസത്തിലൂടെ സ്വീകരിക്കുന്ന ഓക്സിജന്റെ ജോലി ഇവിടെയാണു നടക്കുന്നത്. ആ ഓക്സിജനാണ് ഈ രാസപ്രവർത്തനങ്ങളിൽ ഹൈഡ്രജനെ സ്വീകരിച്ച് വെള്ളമുണ്ടാക്കുന്ന പണി ചെയ്യുന്നത്. എന്നാൽ ഈ പ്രക്രിയകൾ തുടങ്ങുന്നതിന്, ഊർജപ്രദായികളായ ഇലക്ട്രോണുകളെ നൽകേണ്ട കാര്യം കുറെ കുഴപ്പം പിടിച്ചതാണ്. അതിന് വളരെ സങ്കീർണ്ണമായ രാസപ്രക്രിയകളുടെ ഒരു പരമ്പരതന്നെ ആവശ്യമാണ്.

നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഉപയോഗം ഇവിടെയാണ് വരുന്നത്. സസ്യങ്ങൾ പാകം ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുവിലെ പ്രധാന ഘടകം സ്റ്റാർച്ചാണെന്ന് പറഞ്ഞുവല്ലോ. നാം ആഹരിക്കുന്ന ഭക്ഷണങ്ങളിലും ഒരു വലിയ ഭാഗം സ്റ്റാർച്ചാണ്. ദഹനവ്യവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സ്റ്റാർച്ച് വിശ്ലേഷിക്കപ്പെട്ട് ഗ്ലൂക്കോസായി മാറുന്നു. ഈ ഗ്ലൂക്കോസാണ് പോഷകാംശമെന്ന പേരിൽ രക്തത്തിൽ കലരുന്ന വസ്തുക്കളിൽ മുഖ്യമായിട്ടുള്ളത്. ഇങ്ങനെ രക്തത്തിൽ കലരുന്ന ഗ്ലൂക്കോസ് ശരീരത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിച്ചേരുന്നു. അങ്ങനെ എല്ലാ കോശങ്ങളിലും വന്നുചേരുന്ന ഗ്ലൂക്കോസ് കാർബൺ ഡൈ ഓക്സൈഡുമായി ചേർന്ന് നിരവധി എൻസൈമുകളുടെ സഹയത്തോടെ ഒരു നീണ്ട രാസപ്രക്രിയയിൽ ഏർപ്പെടുന്നു. ഇതു നടക്കുന്നതു കോശദ്രവത്തിൽ വെച്ചാണ്. ഇതിന്റെ ഫലമായി ഒരു ഗ്ലൂക്കോസ് തന്മാത്രയിൽനിന്നു രണ്ടു തന്മാത്ര പൈറുവേറ്റ് എന്ന രാസസംയുക്തം രൂപം കൊള്ളുന്നു. ഈ രാസപ്രക്രിയയെ ഗ്ലൈക്കോലൈസിസ് അഥവാ ഫെർമെന്റേഷൻ എന്നാണു വിളിക്കുന്നത്. റൊട്ടിയുണ്ടാക്കാനുള്ള മാവും കള്ളും മറ്റും പുളിക്കുന്നത് ഈ പ്രക്രിയ മുഖാന്തിരമാണ്. തന്മൂലം ഇതിനെ 'പുളിപ്പിക്കൽ' എന്നും പറയുന്നു. യീസ്റ്റ് അഥവാ കിണ്വം എന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യത്തിലാണ് മാവും മറ്റും പുളിപ്പിക്കുന്നത്. യീസ്റ്റിലെ എൻസൈമുകളാണ് ഈ കൃത്യം നിർവ്വഹിക്കുന്നത്. അതുപോലെതന്നെ എല്ലാ ജീവകോശങ്ങളിലും എൻസൈമുകളുടെ സഹാ