ക്കൊള്ളിച്ചിരുന്നു. മാനുകളിൽ നടത്തിയ ചില പരീക്ഷണങ്ങളുടെ ഫലമായി ഇതേ കാലഘട്ടത്തിൽ, വില്യം ഹാർവിയാണ് അരിസ്റ്റോട്ടിലിന്റെ സിദ്ധാന്തത്തെ ആദ്യമായി ചോദ്യം ചെയ്യാൻ തുനിഞ്ഞത്. എങ്കിലും വ്യക്തമായ ഒരു പുതിയ നിഗമനത്തിലെത്താൻ ഹാർവിക്കും കഴിഞ്ഞില്ല.
മൈക്രോസ്കോപ്പിന്റെ നിർമ്മാതാവായിരുന്ന ലിവൻഹോക്ക്, വിവിധ ജീവികളുടെ ശുക്ലദ്രവത്തിൽ പുംബീജങ്ങളെ കണ്ടെത്തിയതോടെ അതുവരെ മൂടിക്കെട്ടിനിന്നിരുന്ന കുറെ അവ്യക്തതകൾ നീങ്ങി. പല ജീവികളുടെയും പുംസ്ത്രീബീജകോശങ്ങൾ തമ്മിൽ സംയോജിച്ച് ഭ്രൂണമായി വളരുന്നതായും അദ്ദേഹം കണ്ടെത്തുകയുണ്ടായി. എന്നാൽ പുംബീജമാണ് ഭ്രൂണത്തിന് ജീവൻ നൽകുന്നതെന്നും, സ്ത്രീബീജം ഭ്രൂണവളർച്ചക്കാവശ്യമായ മാധ്യമവും ഭക്ഷണവും നൽകുക മാത്രമെ ചെയ്യുന്നുള്ളുവെന്നുമാണ് അദ്ദേഹം വിശ്വസിച്ചത്.
അല്പകാലത്തിനുശേഷം, രണ്ടു നൂറ്റാണ്ടുകളോളം ചിന്തകന്മാരുടെയും ശാസ്ത്രജ്ഞന്മാരുടെയും ശ്രദ്ധയെ പിടിച്ചു നിർത്തിയ ഒരു സിദ്ധാന്തം ഉടലെടുക്കുകയുണ്ടായി. ഡച്ചുശാസ്ത്രജ്ഞനായിരുന്ന സ്വാമ്മർഡാം ആയിരുന്നു ഇതിന്റെ ഉപജ്ഞാതാവ്. 'പൂർവരൂപീകരണതത്ത്വം' എന്നറിയപ്പെടുന്ന ഈ സിദ്ധാന്തപ്രകാരം, പുരുഷബീജത്തിലോ സ്ത്രീ ബീജത്തിലോ ആദ്യമേതന്നെ സൂക്ഷ്മരൂപത്തിൽ നിലനിൽക്കുന്ന അവയവങ്ങളും മറ്റും വലുതാവുക മാത്രമാണ് ഭ്രൂണത്തിന്റെ വളർച്ചയിൽ സംഭവിക്കുന്നത്. ചില ശാസ്ത്രജ്ഞന്മാർ, ബീജകോശത്തിനുള്ളിൽ മനുഷ്യന്റെ സൂക്ഷ്മരൂപം അതേപടി കാണുന്നതായി വിഭാവന ചെയ്യാൻ തുടങ്ങി. ഈ സമയത്ത്, ശാസ്ത്രജ്ഞന്മാർ തമ്മിൽ വലിയ തർക്കങ്ങൾ ആരംഭിക്കുകയുണ്ടായി. ചിലരുടെ അഭിപ്രായത്തിൽ പുരുഷബീജമാണ് സൂക്ഷ്മമനുഷ്യനെ ഉൾക്കൊള്ളുന്നതെങ്കിൽ മറ്റു ചിലരുടെ അഭിപ്രായത്തിൽ അത് സ്ത്രീ ബീജത്തിലാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ഫ്രഞ്ചുശാസ്ത്രജ്ഞൻ, മോപ്പെർഷ്യസ്, ഈ സിദ്ധാന്തത്തെ പാടെ നിരാകരിച്ചു. അദ്ദേഹം കുറെക്കൂടി യുക്തിസഹമായതും യാഥാർത്ഥ്യങ്ങളോട് അല്പമെങ്കിലും പൊരുത്തപ്പെട്ടു പോകാവുന്നതുമായ നിഗമനങ്ങളാവിഷ്കരിച്ചു. മാതാപിതാക്കളുടെ വിവിധ ശരീരഭാഗങ്ങളിൽ നിന്നും അവയെ പ്രതിനിധീകരിക്കുന്ന സൂക്ഷ്മകണികകൾ ലൈംഗികാവയവങ്ങളിൽ എത്തിച്ചേരുകയും ബീജദ്രവങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപംകൊള്ളുന്ന സ്ത്രീപുരുഷദ്രവങ്ങൾ സംയോജിച്ച് ഭ്രൂണം ജന്മമെടുക്കുന്നു. ഈ ഭ്രൂണത്തിന്റെ ഓരോ അവയവങ്ങൾക്കും ഹേതുവായി മാതാവിൽനിന്നും പിതാവിൽനിന്നും വന്ന പ്രസ്തുതാവയവത്തിന്റെ പ്രതിനിധികൾ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തെ കണക്കിലെടുക്കുമ്പോൾ ഈ നിഗമനങ്ങൾ വളരെ പുരോഗമനപരങ്ങളായിരുന്നു.