താൾ:പ്രപഞ്ചവും മനുഷ്യനും.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16

വർഗ്ഗസമരത്തിൻ്റെ പ്രായോഗികപ്രശ്നങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉരുത്തിരിഞ്ഞുവന്നത്.

എന്നാൽ ഇതിൽനിന്നു വ്യത്യസ്തമായി, ലോകകമ്യൂണിസ്റ്റു പ്രസ്ഥാനത്തിറന്റെ ഈ ഔദ്യോഗിക ചരിത്രത്തിൽനിന്നു വേറിട്ടു നിന്നുകൊണ്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനവും മാർക്സിസവും നേരിടുന്ന വെല്ലുവിളികൾക്ക് സൈദ്ധാന്തികതലത്തിൽ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങൾ ഒക്ടോബർ വിപ്ലവത്തിനുശേഷമുള്ള കാലഘട്ടത്തിൽ ഏതാണ്ട് തുടർച്ചയായി തന്നെ നടന്നിട്ടുണ്ട്. 'പാശ്ചാത്യ മാർക്സിസം' എന്നും 'നവീന ഇടതുപക്ഷം' എന്നും ഇന്ന് പലരും വിശേഷിപ്പിച്ചിരുന്ന ഒരു ധാരയാണ് ഇതിൻ്റെ ഫലമായി ജന്മമെടുത്തത്. പാശ്ചാത്യ മാർക്സിസം കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനമല്ല. വളരെ വ്യത്യസ്തങ്ങളായ വീക്ഷണഗതികളും സമീപനങ്ങളും അതിനുള്ളിലുണ്ട്. എങ്കിലും അവയെയെല്ലാം പൊതുവിൽ ബന്ധിപ്പിക്കുന്ന ചില സാമാന്യസവിശേഷതകളുണ്ട്. പ്രയോഗവുമായി ബന്ധപ്പെടുത്താതെ, ഉയർന്ന തലത്തിലുള്ള സൈദ്ധാന്തികചർച്ചയിൽ കേന്ദ്രീകരിച്ചുകൊണ്ട്, മാർക്സിസത്തിൻ്റെ പല അടിസ്ഥാന പ്രമാണങ്ങളും വിമർശനബുദ്ധ്യാ പുനഃപരിശോധിക്കാനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഈ ധാരയുടെ പൊതുസ്വഭാവമാണ്‌. പ്രയോഗത്തിൻ്റെ തത്വശാസ്ത്രമെന്ന നിലയ്ക്കാണ് മാർക്സിസം വിപ്ലവപരമായിരിക്കുന്നത് എന്ന മൗലികസത്യം വീണ്ടും തെളിയിച്ചുകൊണ്ട്‌, സാംസ്കാരികവിപ്ലവം പോലുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച ഉത്തരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായി എടുത്തുപറയത്തക്ക ഒരു സംഭാവനയും ചെയ്യാൻ ഈ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് കഴിഞ്ഞില്ല എന്നു കാണാം. എങ്കിലും പ്രായോഗിക വിപ്ലവപ്രവർത്തനത്തിൻ്റെ തലത്തിൽ ഗൗരവപൂർവ്വം പ്രശ്നങ്ങളെ നേരിടാൻ ശ്രമിക്കുന്നവരെ കൂടുതൽ ജാഗരൂകരാക്കത്തക്കവിധം കാതലായ പല പുതിയ പ്രശ്നങ്ങളും ഉന്നയിക്കാൻ ഈ സൈദ്ധാന്തികാന്വേഷണങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത നിഷേധിച്ചുകൂടാ.

രണ്ടാം ഇന്റർനാഷണൽ കാലഘട്ടത്തിൽ മാർക്സിസത്തെ സാമ്പത്തികശാസ്ത്രത്തിൽ ഊന്നിനില്ക്കുന്ന വെറും ആനുഭവിക ശാസ്ത്രമാക്കി താഴ്ത്തിക്കെട്ടാൻ നടന്ന ശ്രമങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്കാണ് ഈ സൈദ്ധാന്തികാന്വേഷണങ്ങൾ അധികവും ആരംഭിച്ചത്. രണ്ടാം ഇന്റർനാഷനലിന്റെ രാഷ്ട്രീയത്തെ തുറന്നുകാട്ടാനും പരാജയപ്പെടുത്താനും ലെനിനു കഴിഞ്ഞെങ്കിലും അതിൻ്റെ യാന്ത്രികവാദപരമായ അടിത്തറയെ തകർക്കാൻ ലെനിൻ കാര്യമായി ഒന്നും ചെയ്തില്ലെന്നും തന്മൂലം ലെനിനുശേഷം ആ പഴയ ദാർശനികാടിത്തറതന്നെയാണ് കോമിന്റേണിനെ നയിച്ചിരുന്നതെന്നുമുള്ള നിരീക്ഷണമാണ് ഈ അന്വേഷണങ്ങൾക്ക് അടിസ്ഥാനമായി വർത്തിച്ചത്. സാമ്പത്തികാടിത്തറയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ഉപരിഘടനയുടെ പ്രാധാന്യത്തെ അവഗണിച്ച യാന്തികസമീപനത്തെ എതിർത്തുകൊണ്ട്, ഉപരിഘടനയെക്കുറിച്ചുള്ള പഠനങ്ങൾക്ക് ഏകപക്ഷീയമായ ഊന്നൽ