താൾ:പ്രപഞ്ചവും മനുഷ്യനും.djvu/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സൗരയൂഥം 109


ആദിമ ഹൈഡ്രജൻ വാതകത്തോടൊപ്പം സൂപ്പർനോവ സ്ഫോടനംമൂലം പൊട്ടിത്തെറിച്ച മറ്റൊരു നക്ഷത്രത്തിലെ, രൂപാന്തരീകരിച്ച ആന്തരികമൂലകങ്ങളും ഇടകലർന്നിരുന്നു. പിന്നീടുള്ള ഒരു 100 കോടി വർഷങ്ങൾക്കിടയ്ക്ക് ഭൂമിയും മറ്റു ഗ്രഹങ്ങളും ഈ നെബുലയിൽനിന്ന് ഉരുത്തിരിഞ്ഞുവന്നു.

ഈ നിഗമനങ്ങളുടെ ഫലമായി കുറേക്കൂടി വ്യാപകമായ ചില നിഗമനങ്ങൾ രൂപം കൊള്ളുന്നുണ്ട്. അതായത് സൗരയൂഥത്തെപ്പോലുള്ള ഒട്ടേറെ ഗ്രഹവ്യവസ്ഥകൾ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെയേറെയാണ്. മറ്റൊന്ന്, ഭൂമിയും മറ്റു ഗ്രഹങ്ങളും, അതുപോലെ മറ്റു നക്ഷത്രങ്ങൾക്കു ചുറ്റുമുള്ള ഗ്രഹങ്ങളും തണുത്തിരുന്ന സാഹചര്യങ്ങളിൽ നിന്നാണ് ജന്മമെടുത്തതെന്ന് സിദ്ധിക്കുന്നു. തന്മൂലം അധികം വൈകാതെതന്നെ അവിടങ്ങളിൽ ജീവന്റെ ആവിർഭാവത്തിനുള്ള സാഹചര്യങ്ങളുമുണ്ടായിരുന്നു. മാത്രമല്ല, ആദിമധൂളിപടലത്തിൽ വല്ല ജൈവാംശങ്ങളുമുണ്ടായിരുന്നെങ്കിൽ അത് നശിക്കാതെ പുതിയ ഗ്രഹങ്ങളിലേയ്ക്ക് സംക്രമിക്കുന്നതിനുള്ള സാധ്യതയും നിലവിലുണ്ട്. എങ്കിലും ഈ വക നിഗമനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകൾ രൂപീകരിക്കാൻ നമുക്കിന്നു കഴിയുകയില്ല.

1969-ൽ ചന്ദ്രനിലിറങ്ങിയ അമേരിക്കൻ ബാഹ്യാകാശവാഹനമായ അപ്പോളോ 11-ലെ ചന്ദ്രയാത്രികർ ചന്ദ്രനിൽനിന്ന് കൊണ്ടുവന്ന ചന്ദ്രപ്പാറകളുടെയും ധൂളിയുടെയും മറ്റും പഠനഫലമായി, ചന്ദ്രന്റെ ഉത്ഭവകാലം ഭൂമിയുടേതിന് പത്തുകോടിയോളം വർഷം മുമ്പുതന്നെ നടന്നിരിക്കാമെന്ന സൂചനകൾ ലഭ്യമായിട്ടുണ്ട്. അതുപോലെ ചന്ദ്രനിലെ പാറകളെക്കാൾ 100 കോടിയോളം വർഷത്തെ പ്രായകൂടുതൽ ധൂളികൾക്കുണ്ടത്രെ! ചന്ദ്രനിലെ മൂലകങ്ങളെല്ലാം ഭൂമിയിലേതുതന്നെയാണെങ്കിലും ചില ഖനിജങ്ങൾ മാത്രം പുതുതായി കണ്ടെത്തിയിട്ടുണ്ട്. ജീവികളുടെ ഉത്ഭവത്തിനാവശ്യമായ എല്ലാ രാസവസ്തുക്കളും ചന്ദ്രനിലുണ്ടെങ്കിലും ജീവൻ നിലനിൽക്കുന്നതിന്റെ യാതൊരു സൂചനയും ലഭ്യമായിട്ടില്ല: ഈ വക വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇത്തരം പ്രശ്നങ്ങളിൽ എന്തെങ്കിലും അവസാന തീർപ്പ് കല്പിക്കാനുള്ള അവസരമായിട്ടില്ല.