താൾ:പ്രപഞ്ചവും മനുഷ്യനും.djvu/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രാവശ്യം തിരയുന്നതിന് ഒരു മാസത്തോളം കാലം വേണം. അതേസമയം വ്യാഴവും ശനിയും മറ്റും പത്തുമണിക്കൂർ കൊണ്ട് തിരിയും. ഇത്ര വേഗത കുറഞ്ഞ സൂര്യൻ ഇത്രയധികം വേഗതയുള്ള ഗ്രഹങ്ങൾക്കെങ്ങനെ ജന്മമേകും? നെബുലസിദ്ധാന്തം ഇതിന് പരിഹാരമേകുന്നില്ല.

ജെയിംസ്ജീൻ, ചേംബർലിൻ തുടങ്ങിയവർ ചേർന്നാവിഷ്കരിച്ച സിദ്ധാന്തപ്രകാരം, ഒരജ്ഞാതനക്ഷത്രം സൂര്യന്റെ മേഖലയിൽ കടന്നുവന്ന് തൊട്ടടുത്തുകൂടി പാഞ്ഞുപോകാനിടയായപ്പോഴുണ്ടായ ശക്തമായ മർദ്ദത്തിന്റെ ഫലമായി സൂര്യനിൽ നിന്ന് തെറിച്ചുപോയ പദാർത്ഥഭാഗങ്ങളാണ് ഗ്രഹങ്ങളായിത്തീർന്നത്. ഈ സിദ്ധാന്തത്തിന് വലിയ പോരായ്മകളുണ്ട്. ഒന്നാമത് ഈ കൂട്ടിമുട്ടൽ തികച്ചും സാങ്കല്പികമായ ഒന്നാണ്. പ്രപഞ്ചത്തിൽ സാധാരണ നടക്കുന്ന ഒരു സംഭവമല്ല അത്. ഇനി കൂട്ടിമുട്ടിയാൽ തന്നെ, തൽഫലമുണ്ടാകുന്ന വമ്പിച്ച താപത്തിന്റെ ഫലമായി ഛിന്നഭിന്നമായ വസ്തുക്കൾ ഘനീഭവിക്കുകയല്ല; അപ്രത്യക്ഷമാവുകയാണ് ചെയ്യുക. പിന്നെ, മുകളിലത്തെ സിദ്ധാന്തത്തിലെപ്പോലെ, ഇരുമ്പും കല്ലും മറ്റും എവിടെനിന്നു വന്നു എന്ന പ്രശ്നവുമവശേഷിക്കുന്നു.

ഇനിയും മറ്റൊരു സിദ്ധാന്തപ്രകാരം, ഇന്നു നമുക്ക് കാണാവുന്ന മറ്റു പല നക്ഷത്രങ്ങളെയും പോലെ സൂര്യനും മറ്റൊരു നക്ഷത്രത്തെപ്പോലെ ഇരട്ടനക്ഷത്രമായാണ് സ്ഥിതിചെയ്തിരുന്നതത്രേ! സൂര്യന്റെ കൂട്ടുകാരൻ പൊട്ടിത്തെറിക്കുകയും, ഛിന്നഭിന്നമായ ഭാഗങ്ങൾ സൂര്യന്റെ ആകർഷണവലയത്തിൽ പെട്ട് ഗ്രഹങ്ങളായിത്തീരുകയും ചെയ്തു. സൂര്യനിൽ അധികമില്ലാത്ത വസ്തുക്കൾ ഗ്രഹങ്ങളിൽ എങ്ങനെയുണ്ടായി എന്നതിന് പരിഹാരമിതിലടങ്ങിയിട്ടുണ്ട്. പക്ഷേ, സൂര്യന്റെ കൂടെ ഒരു കൂട്ടുകാരനുണ്ടായിരുന്നു എന്നതും അതു പൊട്ടിത്തെറിച്ചു എന്നതും തികച്ചും സാങ്കല്പികമേഖലയിൽതന്നെ സ്ഥിതിചെയ്യുന്നു.

ഏതാനും വർഷങ്ങൾക്കുമുമ്പ് കുറേക്കൂടി യുക്തിസഹങ്ങളായ രണ്ടു സിദ്ധാന്തങ്ങൾ ആവിഷ്കരിക്കപ്പെടുകയുണ്ടായി. സി.എഫ്.ഫോൺ വിസിക്കറുടെ സിദ്ധാന്തപ്രകാരം, സൂര്യൻ നക്ഷത്രങ്ങൾക്കിടയിലുള്ള ഒരു വാതകമേഘത്തിലൂടെ കടന്നുപോകാനിടയായപ്പോൾ ആ മേഘത്തിലെ കുറെ ഭാഗങ്ങളെ തന്റെകൂടെ കൊണ്ടുവന്നു. ഈ പ്രക്രിയയ്ക്കിടയിലുണ്ടായ വമ്പിച്ച ചുഴികളിൽപ്പെട്ട്, ആ മേഘപദാർത്ഥങ്ങൾ പല ഭാഗങ്ങളായി കേന്ദ്രീകരിക്കുകയും ഗ്രഹങ്ങളായി തീരുകയുമാണുണ്ടായതത്രേ.

വിസിക്കറുടെ സിദ്ധാന്തപ്രകാരം സൂര്യൻ കത്തിജ്വലിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് ഗ്രഹങ്ങളുണ്ടായത്. എന്നാൽ, എച്ച്.സി.ഉറെയുടെ സിദ്ധാന്തപ്രകാരം, സൂര്യനും ഗ്രഹങ്ങളും ഒരേ സമയത്താണുത്ഭവിച്ചത്. ആദ്യഘട്ടത്തിൽ, ഏതാണ്ട് 500 കോടി വർഷങ്ങൾക്കു മുമ്പ് ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന വമ്പിച്ചൊരു വാതകധൂളിമേഘമാണ് സൗരയൂഥത്തിന്റെ സ്ഥാനത്തു നിലനിന്നിരുന്നത്. കാലക്രമത്തിൽ ഈ ഭ്രമണം നിമിത്തം