താൾ:തപ്തഹൃദയം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൂനമുണ്ടെൻ കയ്യിലാ-
 ബ്ഭൂഷണം സംഖ്യാതീതം;
കൈനീട്ടി വാങ്ങാമതെൻ
 മുന്നിൽവന്നാർക്കും നിന്നാൽ
അന്നന്നു നേരം ചെറ്റും
 തെറ്റാതെ കൃത്യം ചെയ്യു-
മെന്നിൽനിന്നൊറ്റപ്പാഠ-
 മേവർക്കും പഠിച്ചിടാം
ശ്രേയസ്സിനാശിക്കുവോ-
 രീശ്വരൻ കനിഞ്ഞേകു-
മായുസ്സു പാഴാക്കാതെ
 പോകണം മുന്നോട്ടെന്നും
നിങ്ങൾക്കും നിവർന്നുയർ-
 ന്നധ്വാനം ചെയ്താൽ നേടാം
നിങ്ങൾതൻ സനാതനം
 സാമ്രാജ്യസിംഹാസനം"

കരച്ചിലോ?

കരയുന്നല്ലോ ! വരൂ!
 കാര്യമെന്തെൻ ചങ്ങാതി ?
വെറുതേ കണ്ണീർമുത്തു
 പാഴ്മണ്ണിൽ വീഴ്ത്തുന്നല്ലോ!
കരയാനല്ലാതെ മ-
 റ്റെന്താകുമെന്നാൽ, ദൈവം
കരൾചുട്ടെരിക്കുമ്പോ,-
 ളെന്നോ നിൻ മറുമൊഴി?
ആരു കാണുവാനാണി-
 ച്ചൂടുവെള്ളത്തിൽക്കുളി-
യാരു കേൾക്കുമെന്നോർത്താ-
 ണീമട്ടിലയ്യംവിളി ?
വാനവൻ തിരിഞ്ഞൊന്നു
 നില്ക്കാനില്ലൊരാൾ വിണ്ണിൽ
മാനവൻ കുനിഞ്ഞൊന്നു
 നോക്കാനുമെങ്ങും മന്നിൽ
അരു,തിപ്പിച്ചും പേയു-
 മാണുങ്ങൾക്കടുത്തത-
ല്ലെരിയും ചെന്തീ കെടാ-
 നെണ്ണയാരൊഴിച്ചീടും?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/19&oldid=173329" എന്ന താളിൽനിന്ന് ശേഖരിച്ചത്