താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രി.മു ഏഴാം നൂറ്റാണ്ടോടെയാണ് വ്യാപാരികളും സഞ്ചാരികളും വഴി കാൽദിയൻ ജ്യോതിഷം ഗ്രീസിൽ പ്രചാരം നേടുന്നത്. എങ്കിലും അലക്സാണ്ടറുടെ പടയോട്ടവും തുടർന്നു നടന്ന വർധിച്ച സാംസ്കാരിക വിനിമയവുമാണ് ജ്യോതിഷത്തെ ഗ്രീസിലും മറ്റിടങ്ങളിലും ഇത്ര വ്യാപകമാക്കിയത്. ബാബിലോണിയരുടെ ഗ്രഹദൈവങ്ങളുടെ സ്ഥാനത്ത് അവർ സമാനസ്വഭാവമുള്ള സ്വന്തം ഗ്രഹദൈവങ്ങളെ (അവരുടെ പുരാണ കഥകളിൽ നിന്നെടുത്ത്) പ്രതിഷ്ഠിച്ചു. ബുധൻ ഹെർമസ്സും (സിയൂസ് ദേവന്റെ മകൻ) ശുക്രൻ അഫ്രോഡൈറ്റും ചൊവ്വ ആരസും (ചിലപ്പോൾ ഹെർകുലീസ് - രണ്ടും യുദ്ധ വീരന്മാർ) വ്യാഴം ജൂപ്പിറ്ററും (സിയൂസ് ദേവൻ) ശനി ക്രോണോസും (കാലത്തിന്റെ ദേവൻ) ആയി രൂപാന്തരപ്പെട്ടു.


3.3 ജ്യോത്സ്യം പിടിമുറുക്കുന്നു

കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഗ്രഹനില കുറിക്കുക എന്ന രീതി എന്നു മുതലാണ് ഭാരതത്തിൽ നിലവിൽ വന്നത് എന്നു കൃത്യമായി പറയാനാവില്ല. രാമായണം പോലുള്ള പുരാണങ്ങളിൽ അതിന്റെ സൂചനയുണ്ട്. അതിൽ ജന്മനക്ഷത്രങ്ങൾക്കു നല്ല പ്രാധാന്യം നൽകപ്പെട്ടിരുന്നു. പക്ഷേ, അത് ഫലഭാഗത്തിനു വേണ്ടി ആയിരുന്നില്ല. പ്രായഗണനയ്ക്കു വേണ്ടിയായിരുന്നു. ഏതു ചാന്ദ്രമാസത്തിലെ ഏതു നാളിലാണ് ജനനം എന്നറിഞ്ഞാൽ പിറന്നാളുകൾ വരുന്നതറിയാം. വിവാഹത്തിനു പൊരുത്തം നോക്കാനോ അതുപോലുള്ള ആവശ്യങ്ങൾക്കോ അന്ന് ജാതകം ഉപയോഗിച്ചിരുന്നില്ലെന്ന് എളുപ്പം ബോധ്യമാകും. രാമൻ സീതയെ വിവാഹം കഴിച്ചതോ ശ്രീകൃഷ്ണൻ രുഗ്മിണിയെ വേട്ടതോ ജാതകം നോക്കിയല്ലല്ലോ. അർജുനൻ പാഞ്ചാലിയെ വരിച്ചതും ദുഷ്യന്തൻ ശകുന്തളയെ വരിച്ചതും പൊരുത്തം നോക്കിയല്ല. പ്രാചീന ഭാരതത്തിൽ ആ ഏർപ്പാടുണ്ടായിരുന്നില്ല എന്നു വ്യക്തം. രാജാക്കന്മാരുടെയും ഉന്നതന്മാരുടെയും ഇടയിൽ സ്വയംവരങ്ങൾ വ്യാപകമായിരുന്നു എന്ന് അക്കാലത്തെ സാഹിത്യങ്ങൾ പരിശോധിച്ചാൽ കാണാം. സ്വയംവരവും ജാതകവും ഒന്നിച്ചുപോവില്ലല്ലോ. ജാതിയിൽ താഴ്ന്നവർക്കാകട്ടെ ജാതകം ഉണ്ടായിരുന്നുമില്ല.

ഇന്ത്യയിൽ ജ്യോത്സ്യം വ്യാപകമാകുന്നതിനു മുമ്പു തന്നെ യൂറോപ്പിനെയും മധ്യധരണ്യാഴിക്കു ചുറ്റുമുള്ള പ്രദേശങ്ങളെയും (പേർഷ്യ, സിറിയ, ഈജിപ്ത്, പാലസ്തീൻ...) അതു കീഴടക്കി ക്കഴിഞ്ഞിരുന്നു. ക്രി.മു.നാലാം നൂറ്റാണ്ടോടെ അതു ഗ്രീസിനെ ഗ്രസിച്ചു. പിന്നെ റോമിനെയും. റോമാ സാമ്രാജ്യത്തെയും ഇന്ത്യയെയും എല്ലാം അത് അടിപ്പെടുത്തി. ലോകത്തിലെ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും അത് സ്വാധീനം ചെലുത്തി. ജ്യോത്സ്യത്തെ ഇന്നത്തെ രീതിയിൽ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും വലിയ പങ്ക് വഹിച്ച രാജ്യങ്ങൾ കാൽദിയയും ഗ്രീസും (പിൽക്കാലത്ത്) ഇന്ത്യയുമാണ്.

ഗ്രഹങ്ങൾക്ക് ദൈവികത്വം കൽപിച്ച ശേഷം കാൽദിയർ ചെയ്തത് രാശികളെ ഭാവങ്ങളാക്കി തിരിക്കുകയായിരുന്നു. ലഗ്നരാശിയെ (കുഞ്ഞു ജനിക്കുമ്പോൾ കിഴക്കുദിച്ചുകൊണ്ടിരുന്ന രാശി) അവർ ഒന്നാം ഭാവം (First House) എന്നു വിളിച്ചു. തുടർന്നുള്ള രാശികളെ 2,3,4,.... ഇങ്ങനെ 12 ഭാവങ്ങളാക്കി. ഇനി ആ കുഞ്ഞിന്റെ ഭാവിഭാഗധേയങ്ങളെല്ലാം ഈ ഭാവങ്ങളിലെ ഗ്രഹനില അനുസരിച്ചായിരിക്കുമെന്നവർ പ്രഖ്യാപിച്ചു. ചുരുക്കത്തിൽ മേടം, ഇടവം... എന്നിങ്ങനെ രാശികൾ എണ്ണുന്നതിനു പകരം, ഇനി ഓരോ ജാതകനും, അയാളുടെ ലഗ്നരാശി മുതൽ ഭാവ