താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


സ്ഫുടം പഞ്ചാംഗത്തിൽ 4-18-22 ആണെങ്കിൽ, അതിനർഥം ചന്ദ്രൻ മേഷാദിയിൽ നിന്ന് 4 രാശി കഴിഞ്ഞ് (ചിങ്ങത്തിൽ) 18 ഭാഗ 22 കല (അഥവാ മേഷാദിയിൽനിന്ന് ആകെ 138 ഭാഗ 22 കല) മാറി സ്ഥിതി ചെയ്യുന്നു എന്നാണ്. അതിനെ കലയാക്കി (1 ഭാഗം=60 കല) 800 കൊണ്ട് ഹരിച്ചാൽ 8302÷800=10, ശിഷ്ടം 302 എന്നു കിട്ടും. 10 നക്ഷത്രങ്ങൾ പിന്നിട്ട് 11-ാം നക്ഷത്രമായ പൂരമാണ് അന്നേ ദിവസത്തെ നക്ഷത്രം. ശിഷ്ടത്തെ 60 കൊണ്ട് ഗുണിച്ച് 800 കൊണ്ട് ഹരിച്ചാൽ (302x60)÷800-22.65 എന്നു കിട്ടും. അന്ന് സൂര്യോദയ സമയത്ത് ചന്ദ്രൻ പൂരത്തിൽ 22.65 നാഴിക ചെന്നിരുന്നു എന്നാണതിനർഥം. 37.35 നാഴിക കൂടി കഴിഞ്ഞാൽ പൂരം നാളുമാറി ഉത്രമാകും. (നാളിന്റെ നീളം 60 നാഴിക എന്ന സങ്കൽപത്തിലാണ് ഈ കണക്കുകൂട്ടൽ. ഇത് എപ്പോഴും ശരിയല്ല. ഓരോ നാളിന്റെയും നീളം പഞ്ചാംഗത്തിൽ നിന്ന് എടുക്കണം.)

Jj40.JPG
സമയത്തിന്റെ മാത്രകൾ

പണ്ടുകാലത്ത് നിത്യജീവിതത്തിൽ ആവശ്യമായി വന്ന ചില കാല വിഭജനങ്ങളാണ് പഞ്ചാംഗത്തിൽ നാം കാണുന്നത്. ഇതുകൂടാതെ സമയത്തെ സ്ഥൂലവും സൂക്ഷ്മവുമായി പല തരത്തിൽ വിഭജിക്കാനുള്ള ശ്രമങ്ങൾ ഭാരതത്തിൽ നടന്നിരുന്നതായി കാണാം.

സമയമളവിന്റെ അടിസ്ഥാന ഘടകം ലോകത്തിലെല്ലായിടത്തും ദിവസം ആയിരുന്നു. ഗ്രീക്ക് സംസ്കാര കാലം തൊട്ട് യൂറോപ്പിൽ ദിവസത്തെ 24 മണിക്കൂറും മണിക്കൂറിനെ 60 മിനിട്ടും മിനുട്ടിനെ 60 സെക്കന്റും ആയി വിഭജിക്കുന്ന രീതിയാണുള്ളത് (ഇത് ബാബിലോണിയരുടെ സൃഷ്ടിയാണ് എന്ന് കരുതപ്പെടുന്നു). സെക്കന്റിനേക്കാൾ ചെറിയ മാത്രകൾക്കൊന്നും പശ്ചാത്യർക്ക് പേരുണ്ടായിരുന്നില്ല. ഇപ്പോൾ പോലും മില്ലി സെക്കന്റ് (10-3സെ), മൈക്രോസെക്കന്റ് (10-6സെ) എന്നിങ്ങനെ ഉപസർഗം ചേർത്തുപറയാനേ പറ്റൂ. ഇക്കാര്യത്തിൽ പ്രാചീന ഭാരതീയർ ബഹുദൂരം മുന്നിലായിരുന്നു. അമരത്തിലും ഭാഗവതത്തിലും മറ്റും കാണുന്ന കാല പരിഛേദനം നോക്കൂ: ദിവസത്തിന്റെ 60ൽ ഒന്ന് നാഴിക, നാഴികയുടെ 60ൽ ഒന്ന് വിനാഴിക, വിനാഴികയുടെ 60ൽ ഒന്ന് വീർപ്പ്, വീർപ്പിന്റെ 10ൽ ഒന്ന് ഗുർവക്ഷരം, ഗുർവക്ഷരത്തിന്റെ 4 ൽ ഒന്ന് മാത്ര, മാത്രയുടെ 30ൽ ഒന്ന് കല, കലയുടെ 30ൽ ഒന്ന് തുടി, തുടിയുടെ 30ൽ ഒന്ന് അൽപകാലം. രണ്ടു താമരയിലകൾ ഒന്നിനു മീതെ ഒന്നായി വെച്ച് ഒരു സൂചികൊണ്ട് വേഗത്തിൽ കുത്തിയാൽ തുളച്ചുകടക്കുവാൻ എടുക്കുന്ന സമയമാണത്രേ അൽപകാലം. ഒരു ദിവസമെന്നത് 2332 കോടി 80 ലക്ഷം അൽപകാലങ്ങളാണത്രെ. എന്നാൽ സൂചികൊണ്ട് എത്ര വേഗത്തിൽ കുത്തണമെന്നോ, അത് എങ്ങനെ അളക്കാൻ കഴിയുമെന്നോ ഒരിടത്തും പറയുന്നില്ല. ഭാവനയുടെ വിലാസം എന്നതിനപ്പുറം ശാസ്ത്രത്തിന്റെ കൃത്യത അതിനൊന്നും കാണുന്നില്ല. സമയത്തിനു വേറെയും വിഭജന രീതികൾ ഉണ്ടായിരുന്നു എന്ന് പ്രാചീന കൃതികൾ പരിശോധിച്ചാൽ കാണാം.

ദീർഘകാല ഗണനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ ഭാവനയ്ക്ക് ജ്യോതിശാസ്ത്രത്തിന്റെ അടിത്തറ കൂടിയുള്ളതായി കാണാം. പാശ്ചാത്യരുടെ ദീർഘകാലമാത്രകൾ വർഷവും മില്ലിനീയവും (1000 വർഷം) ആണെങ്കിൽ ഭാരതീയ സങ്കൽപത്തിൽ യുഗങ്ങളും മഹായുഗങ്ങളും കൽപങ്ങളും പ്രത്യക്ഷപ്പെടുന്നു. ഗ്രഹങ്ങൾക്കെല്ലാം ഭൂമിക്കു ചുറ്റും പൂർണസംഖ്യാ പരിക്രമണങ്ങൾ നടത്താൻ വേണ്ട കാലയളവാണ് ഒരു മഹായുഗം എന്ന് കണക്കാക്കുന്നു.