താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണങ്ങളിൽ നിന്ന് പഞ്ചാംഗം പരിഷ്കരിക്കണം, ചിലപ്പോൾ ഗണനാരീതി തന്നെ മാറ്റണം. കുറെക്കാലമായി അതൊന്നും ചെയ്യാത്തതുകൊണ്ട് നമ്മുടെ മലയാളം കലണ്ടറിൽ ധാരാളം പിശകുകൾ കടന്നുകൂടിയിട്ടുണ്ട്. അക്കാര്യം വഴിയെ.

ഗ്രഹങ്ങളുടെ വക്രഗതി

പ്രാചീന ജ്യോതിശാത്രജ്ഞരെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമാണ് ഗ്രഹങ്ങളുടെ വക്രഗതി അഥവാ പശ്ചാദ്ഗമനം((Retrograde motion). സാധാരണയായി ഗ്രഹങ്ങൾ പടിഞ്ഞാറുനിന്ന് കിഴക്കോട്ടു സഞ്ചരിക്കുന്നതായാണ് നാം കാണാറ്. അതായത് ഇന്ന് ഏത് നക്ഷത്രത്തിന്റെ സമീപത്താണോ ഗ്രഹം നിൽക്കുന്നത് അതിൽ നിന്നല്പം കിഴക്കോട്ടു മാറിയായിരിക്കും നാളെ അതിന്റെ സ്ഥാനം. ഇതാണ് ക്രമഗമനം (ദിവസേന നക്ഷത്രങ്ങൾക്കൊപ്പം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്ന ദിനചലനത്തിനു പുറമെയാണ് നക്ഷത്രമണ്ഡലത്തിലൂടെയുള്ള ഈ ആപേക്ഷിക സഞ്ചാരം). ഇങ്ങനെ ക്രമഗമനം നടത്തിക്കൊണ്ടിരുന്ന ഗ്രഹം കുറച്ചുനാൾക്കകം വേഗത കുറക്കുകയും ഒരു നാൾ നിശ്ചലമാകുകയും പിന്നെ തിരിച്ച് (കിഴക്കു നിന്ന് പടിഞ്ഞാറോട്ട്) സഞ്ചരിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഇതാണ് വക്രഗതി. കുറേ നാൾ വക്രഗതി നടത്തിയ ശേഷം വീണ്ടും ക്രമഗതിയിലേക്കു തിരിച്ചുവരും. ജ്യോതിഷത്തിലെ ഗ്രഹങ്ങളിൽ സൂര്യനും ചന്ദ്രനും വക്രഗതിയില്ല. രാഹു-കേതുക്കൾക്ക് വക്രഗതി മാത്രമേയുള്ളൂ. മറ്റു ഗ്രഹങ്ങൾക്ക് ക്രമഗതിയും ഇടയ്ക്കിടെ വക്രഗതിയും സംഭവിച്ചുകൊണ്ടിരിക്കും.

എന്തുകൊണ്ടാണ് വക്രഗതിയുണ്ടാകുന്നത് എന്നുനോക്കാം. ചിത്രം നോക്കൂ. ചൊവ്വയുടെ വക്രമാണതിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭൂമി വേഗത്തിൽ സൂര്യനെ ചുറ്റുന്നു. ചൊവ്വ പതുക്കെയും. 1,2,3,...7 എന്നടയാളപ്പെടുത്തിയിരിക്കുന്നത് ഒരേ ഇടവേളകൾക്കു ശേഷം (ഏകദേശം 1 മാസം) ഭൂമിയും ചൊവ്വയും സ്ഥിതി ചെയ്യുന്ന സ്ഥാനങ്ങളും, ഭൂമിയിൽ നിന്ന് ചൊവ്വയെ നോക്കുന്ന ഒരാൾ നക്ഷത്രമണ്ഡലത്തെ അപേക്ഷിച്ചു ചൊവ്വയെ കാണുന്ന സ്ഥാനങ്ങളുമാണ്. ചൊവ്വ നക്ഷത്രങ്ങൾക്കിടയിലൂടെ ആദ്യം കിഴക്കോട്ടും (ചിത്രത്തിൽ ഇടത്തോട്ട്) പിന്നീട് പടിഞ്ഞാറോട്ടും വീണ്ടും തിരിച്ച് കിഴക്കോട്ടും സഞ്ചരിക്കുന്നതായി അയാൾ കാണും.

ഭൂമിയും ചൊവ്വയും സൂര്യനെ ചുറ്റുന്ന വേഗതയിലുള്ള വ്യത്യാസമാണ് വക്രഗതിക്കിടയാക്കുന്നത് എന്നു വ്യക്തം. മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും ഇതേ അനുഭവം തന്നെയുണ്ടാകും. ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന ധാരണയുണ്ടെങ്കിലേ ഈ പ്രതിഭാസം മനസ്സിലാക്കാൻ കഴിയൂ. മറിച്ച്, ഗ്രഹങ്ങളും നക്ഷത്രങ്ങളുമെല്ലാം ഭൂമിയെയാണ് ചുറ്റുന്നതെന്ന് വിശ്വസിച്ചിരുന്ന കാലത്ത് വക്രഗതിയെ

ഒരു ഉദാഹരണത്തിലൂടെ ഗ്രഹനില എന്തെന്ന് വ്യക്തമാക്കാം. ചിത്രം നോക്കൂ. ഭൂമിയിൽ A എന്ന സ്ഥലത്ത് ഒരു കുഞ്ഞ് ജനിക്കുന്നു.ജനിച്ച സ്ഥാനത്തുനിന്ന് നോക്കിയാൽ പടിഞ്ഞാറുചക്രവാളം മുതൽ കിഴക്ക് ചക്രവാളം വരെ 6-7 രാശികൾ ദൃശ്യരാശികളായുണ്ടാകും. ചിത്രത്തിൽ ചിങ്ങം, കന്നി......തുടങ്ങി കുംഭം വരെ 7 രാശികൾ ദൃശ്യരാശികളാണ്. കുംഭവും ചിങ്ങവും ഭാഗികമായേ ചക്രവാളത്തിന് മുകളിലുള്ളു, ബാക്കിതാഴെയാണ്. പകുതി ആകാശം ഭൂമിയുടെ മറുവശത്താണ്. ശനി (മ), കേതു(ശി), ശുക്രൻ(ശു),ചൊവ്വ(കു) ഇത്രയും അദൃശ്യരാശികളിലാണ്. ചന്ദ്രൻ(ച), വ്യാഴം(ഗു), രാഹു(സ), സൂര്യൻ(ര), ബുധൻ(ബു) ഇവ ദൃശ്യ രാശികളിലുണ്ട്.