താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രഹണമുണ്ടാകുന്നത് ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പതിക്കുമ്പോഴും ചന്ദ്രൻ സൂര്യനെ മറയ്ക്കുമ്പോഴും ആണെന്ന്. അവരുടെ കരണ കൃതികളിൽ ഗ്രഹണം ഗണിക്കുന്നത് അതനുസരിച്ചാണുതാനും". ബൃഹത് സംഹിതയിൽ നിന്ന് അതിന് ഉപോൽബലകമായ ഭാഗങ്ങൾ അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. രാഹു-കേതു കഥപറഞ്ഞശേഷം അതിനെ തള്ളിക്കളയുകയും യഥാർത്ഥ ഗ്രഹണ കാരണം വിശദമാക്കുകയും ചെയ്ത വരാഹൻ പിന്നീട് ബ്രാഹ്മണരുടെ ആചാരങ്ങളേയും കർമങ്ങളേയും ന്യായീകരിക്കുന്നതിനെയാണ് അൽ-ബിറൂണി പരിഹസിക്കുന്നത്.

'ഗ്രഹണവും പരിഹാര സ്നാനവും'

ഗ്രഹണം തുടങ്ങിയാൽ ബ്രാഹ്മണർ അനുഷ്ഠിക്കേണ്ട പ്രധാന കർമം ഇതായിരുന്നു. ദേഹം മുഴുവൻ ചൂടുള്ള എണ്ണ പുരട്ടി,കഴുത്തോളം വെള്ളത്തിൽ ഇറങ്ങിനിന്ന് മന്ത്രങ്ങൾ ഉരുവിടണം. മന്ത്രങ്ങൾ ഉരുവിട്ടു തുടങ്ങിയാൽ അല്പനേരത്തിനുള്ളിൽ 'രാഹു' കടി വിടുന്നതു കാണാം. ആളുകൾ അത്ഭുതാദരങ്ങളോടെയാണ് ഈ കാഴ്ച കണ്ടുനിന്നത്. മന്ത്രം ചൊല്ലിയില്ലെങ്കിലും ഗ്രഹണം തീരുമെന്ന് അവർക്കറിയില്ലല്ലോ.

അൽ-ബിറൂണി എഴുതുന്നു; വരാഹന്റെ ന്യായം ഇതാണ്: "സാധാരണക്കാർ ചോദിക്കുന്നു, രാഹു വരുന്നില്ലെങ്കിൽ പിന്നെ ബ്രാഹ്മണർ എന്തിനു സ്നാനം നടത്തണം? അതിനു കാരണമുണ്ട്. തല വേർപെട്ട രാഹു കരുണയ്ക്കായി യാചിച്ചു. ബ്രാഹ്മണർ ഗ്രഹണസമയത്ത് അഗ്നിയിൽ അർപ്പിക്കുന്ന ഹോമദ്രവ്യങ്ങളിൽ ഒരു പങ്ക് ബ്രഹ്മാവ് അവനു നൽകി. അതുകൊണ്ട് ഗ്രഹണം നടക്കുമ്പോഴെല്ലാം അവൻ തന്റെ പങ്കിനായി ഗ്രഹണസമീപമെത്തുന്നു. അപ്പോൾ ആളുകൾ അവനാണ് ഗ്രഹണകാരകൻ എന്നു ധരിക്കുന്നു. യഥാർത്ഥത്തിൽ അവനതിൽ പങ്കൊന്നുമില്ല. അത് ചാന്ദ്രപഥത്തിന്റെ ചെരിവിനെയാണ് ആശ്രയിച്ചിരിക്കുന്നത്."

വരാഹന് രാഹു എന്ന അസുരനിൽ ഒരു വിശ്വാസവുമില്ലെന്ന് അൽ-ബിറൂണിക്കു തീർച്ചയുണ്ട്. രാഷ്ട്രീയ സുരക്ഷയ്ക്കാണ് അദ്ദേഹം അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ ആര്യഭടന് സംഭവിച്ച തമസ്കരണം വരാഹനും സംഭവിക്കും.

ബ്രഹ്മഗുപ്തന്റെ കാലമായപ്പോഴേക്കും ബ്രാഹ്മണാധിപത്യവും ആചാരങ്ങളും കൂടുതൽ രൂക്ഷമായിരുന്നു. വരാഹനെപ്പോലെ ഒരു ന്യായീകരണച്ചടങ്ങ് നടത്തി രക്ഷപ്പെടാൻ കഴിയില്ലെന്നു വന്നു. മണ്ടത്തരമാണെന്ന് അറിയാമായിട്ടും ബ്രഹ്മസ്ഫുടസിദ്ധാന്തത്തിന്റെ തുടക്കത്തിൽ ബ്രഹ്മഗുപ്തനും പറയേണ്ടിവന്നു: "ചിലർ കരുതുന്നു ഗ്രഹണമുണ്ടാക്കുന്നത് രാഹുവല്ല എന്ന്. അത് അബദ്ധമാണ്. കാരണം, ഗ്രഹണമുണ്ടാക്കുന്നത് അവൻ തന്നെയാണ്. ലോകവാസികളിൽ ഭൂരിഭാഗവും പറയുന്നത് അപ്രകാരമാണ്. ബ്രഹ്മാവിന്റെ തന്നെ മൊഴിയായ വേദവും മനുവിന്റെ സ്മൃതിയും ബ്രഹ്മസുതനായ ഗാർഗന്റെ സംഹിതയും പറയുന്നത് രാഹുവാണ് ഗ്രഹണമുണ്ടാക്കുന്നത് എന്നാണ്. മറിച്ച് വരാഹമിഹിരനും ശ്രീശേഷണനും ആര്യഭടനും വിഷ്ണുചന്ദ്രനും പറയുന്നത് രാഹുവല്ല, ചന്ദ്രനും ഭൂമിയുടെ നിഴലുമാണ് ഗ്രഹണമുണ്ടാക്കുന്നത് എന്നാണ്. ഇത് ആചാരവിരുദ്ധമാണ്.