Jump to content

താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രീക്കു-റോമൻ ജ്യോതിശ്ശാസ്ത്രത്തിന്റെ സ്വാധീനത്തിൽ ഒരു പുതിയ ജ്യോതിഷത്തെ സൃഷ്ടിച്ചെടുക്കാൻ ശ്രമിച്ചവർ കണ്ടെത്തിയതാണ്. ബൃഹത് സംഹിതയിൽ വരാഹമിഹിരൻ പറയുന്ന ജ്യോതിഷികൾ ഈ രണ്ട് വിഭാഗത്തിലും പെടുന്നവരാണ്. പിതാമഹൻ, സൂര്യൻ, വസിഷ്ഠൻ, കശ്യപൻ, നാരദൻ, വിഷ്ണു

ഇന്ത്യയിൽ ഫലഭാഗ ജ്യോതിഷത്തിന്റെ ആരംഭം

ലോകത്ത് എല്ലായിടത്തുമെന്നപോലെ ഭാരതത്തിലും ജ്യോതിഷവുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങൾ തുടക്കത്തിലേ ഉണ്ടായിരുന്നു. മുഹൂർത്തങ്ങളും നിമിത്തങ്ങളും ശകുനങ്ങളും മറ്റും ഭാവിയുടെ സൂചനകളാണെന്ന വിശ്വാസമായിരുന്നു അതിൽ പ്രധാനം. ഇത് സ്വാഭാവികമായിരുന്നുതാനും. നക്ഷത്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കാർഷികവൃത്തികളിൽ ഏർപ്പെടുകയും ബലികളർപ്പിക്കുകയും ചെയ്തിരുന്ന ഒരു ജനതയ്ക്ക് ചില നക്ഷത്രങ്ങൾ നല്ലതും ചിലത് ചീത്തയുമായതിൽ അത്ഭുതപ്പെടേണ്ടതില്ല. “അനിഴം നാളിൽ അവർ ഉഴവ് തുടങ്ങുകയും ആദിത്യ നാളിൽ അഗ്നിപൂജ നടത്തുകയുംചെയ്യുന്നു എന്ന് തൈത്തരീയ ബ്രാഫ്മണം പറയുന്നത് ഉദാഹരണം. ഭർത്താവിന് പ്രിയങ്കരിയായിരിക്കാൻ മകളെ സ്വാതിനാളിൽ വിവാഹം കഴിച്ചുനല്കണംഎന്നും അതേ കൃതിയിൽ കാണാം. എന്നാൽ അന്നൊന്നും ജാതകവും പൊരുത്തം നോട്ടവും ആരംഭിച്ചിട്ടില്ല. മുഹൂർത്തങ്ങളുടെ ശുഭാശുഭങ്ങൾ മാത്രമെ നോക്കിയിരുന്നുള്ളു.

ശകുനങ്ങളുടെയും ദുശ്ശകുനത്തിനുള്ള പരിഹാരങ്ങളുടെയും ഒരു പട്ടിക ആദ്യമായി കാണുന്നത് കൗശിക സൂത്രത്തിലാണ്. ക്രിസ്തുവർഷാരംഭത്തിന്റെ ആരംഭത്തിലോ തൊട്ടു മുമ്പോ രചിക്കപ്പെട്ട ഗാർഗസംഹിതയിലും ശകുനങ്ങളേയും നിമിത്തങ്ങളേയും കുറിച്ച് വിശദമായ പ്രതിപാദ്യമുണ്ട്.

ജാതകം ആദ്യമായി ഇന്ത്യയിലെത്തുന്നത് ഏതാണ്ടിക്കാലത്താണ്. ഗാർഗനും പരാശരനും ഗ്രീക്കു ജ്യോതിഷത്തെ ഇന്ത്യയിൽ പറിച്ചു നടുന്നതിൽ മുഖ്യ പങ്കു വഹിച്ചവരാണ്. പിന്നീട് ക്രി.വ. 150-ൽ ഉജ്ജയ്നിയിൽ രുദ്രദാമൻ എന്ന ചക്രവർത്തിയുടെ സദസ്സിൽ അവിടുത്തെ ഗ്രീക്കു തലവനായ യവനേശ്വരൻ ഒരു ഗ്രീക്കു ജ്യോതിഷഗ്രന്ഥത്തിന്റെ പരിഭാഷ അവതരിപ്പിച്ചു. (അലക്സാണ്ടറുടെ വരവിനുശേഷം പല ഇന്ത്യൻ നഗരങ്ങളിലും ഗ്രീക്ക് സമൂഹങ്ങൾ വ്യാപാരത്തിനും മറ്റുമായി കുടിയേറിപ്പാർത്തിരുന്നു). യവനേശ്വരന്റെ ഗദ്യപരിഭാഷ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. എന്നാൽ സ്ഫുജിധ്വജൻ എന്നൊരാൾ അത് യവന ജാതകം എന്ന പേരിൽ പദ്യത്തിലാക്കിയതിൽ ഏറിയ പങ്കും ലഭ്യമാണ് (ക്രി.വ 270). യവന ജ്യോതിഷം അപ്പോഴേക്കും ഭാരതവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. യവനജാതകത്തിൽ 79 അധ്യായങ്ങളാണുള്ളത്. ജാതകം, പ്രശ്നം, യാത്ര (യുദ്ധവുമായി ബന്ധപ്പെട്ട ജ്യോത്സ്യം), മുഹൂർത്തം, ഗണിത ജ്യോതിശാസ്ത്രം എന്നിങ്ങനെ അഞ്ചു ഭാഗമാക്കി അവയെ തിരിച്ചിരിക്കുന്നു. ഒടുലിലത്തെ അധ്യായമൊഴികെ ബാക്കിയെല്ലാം ഫലഭാഗം അഥവാ ജ്യോത്സ്യമാണ്. പില്ക്കാലത്ത് രചിക്കപ്പെട്ട മിക്ക ജ്യോത്സ്യ ഗ്രന്ഥങ്ങളുടേയും അടിസ്ഥാനമായത് ‘യവനജാതകമാണ്’. ഉജ്ജയ്നിയിൽത്തന്നെ രുദ്രസിംഹൻ രണ്ടാമൻ, യശോദമൻ രണ്ടാമൻ എന്നിവരുടെ കാലത്ത് രചിക്കപ്പെട്ട (ക്രി.വ. 300-325) മീനരാജയുടെ ‘വൃദ്ധയവനജാതകം’വും ഒരു ഗ്രീക്ക് ഗ്രന്ഥത്തെ അധികരിച്ചുള്ളതാണ്. വളരെ ബൃഹത്തായ ഒരു ഗ്രന്ഥമാണത്. രാഹു ഒരു ഗ്രഹമായി ആദ്യം പ്രത്യക്ഷപ്പെടുന്നത് അതിലാണ്.

ഇന്ത്യൻ ജ്യോതിഷികളുടെ വേദഗ്രന്ഥമായി മാറിയിട്ടുള്ള മറ്റൊരു കൃതിയാണ് ബൃഹത് പരാശരഹോര. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് അതിന്റെ രചന. (വരാഹമിഹിരൻ പഞ്ചസിദ്ധാന്തികയിൽ സൂചിപ്പിക്കുന്ന പരാശരനല്ല ഇത്. ജ്യോത്സ്യന്മാർ പലപ്പോഴും രണ്ട് പരാശരന്മാരേയും ഒരാളായി തെറ്റിദ്ധരിക്കാറുണ്ട്.) യവന ജാതകത്തിൽ നിന്നും വരാഹ ഹോരയിൽ നിന്നും കടമെടുത്ത ആശയങ്ങളാണതിൽ ഏറെയും.