Jump to content

താൾ:ചൈത്രപ്രഭാവം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മനംതന്നിലേവമോർത്തു മഹനീയൻ മഹീനാഥ-
നനന്തരകരണീയവിധാനവ്യഗ്രൻ
സചിവോത്തമൻ സർ സീ. പി. രാമസ്വാമിയയ്യരോടു
രചിക്കുവാനരുൾചെയ്തു രാജശാസനം

7


ഒരു മഹാശ്ചര്യമെന്തുണ്ടിൽപ്പരം? വഞ്ചിനാട്ടി-
ലൊരു നരവരൻ നവയൗവനാരൂഢൻ-
ഒരു വെള്ളക്കടലാസു തിരുമുമ്പിൽ-അതിനുള്ളി-
ലൊരു ചെറുവിളംബരമോങ്കാരപ്രായം-
ഒരു പേന മേശമേൽനിന്നെടുക്കൽ-ആ വിളംബര-
മൊരു കുറി വഴിപോലെ വായിച്ചു നോക്കൽ-
ഒരു സന്തോഷാശ്രുധാര തിരുമിഴിവിട്ടൊഴുകൽ-
ഒരു സർവാങ്ഗീണമാകും കോൾമയിർക്കൊള്ളൽ
ഒരു തൃക്കൈവിളയാട്ടം-;ലഭിക്കുകയായ് ജഗതി-
ക്കൊരു കൃതയുഗത്തിന്റെ ശുഭാവതാരം!
തിരുവിതാംകൂറിലേതു രാജകീയക്ഷേത്രത്തിലു-
മൊരു ഹിന്ദുവിന്നു കേറിത്തൊഴുവാൻ മേലിൽ
ഒരു തടസ്ഥവുമില്ല ജാതികൊണ്ടെന്നുൽഘോഷിക്കു-
മൊരു ദിവ്യനിദേശമാണാ വിളംബരം;
ഒരു വിശിഷ്ടോപനിഷ,ത്തീശാവാസ്യപ്രതീകാശ,-
മൊരുധർമ്മദിഗ്വിജയദുന്ദുഭിധ്വാനം,
ഒരു പൂർവദുരാചാരപരമ്പരാധ്വംസമന്ത്ര-
മൊരു നവ്യസപ്തതന്തുസാമഗഗാനം
സ്ഫുടമതു കൃഷ്ണവർണം തനുരൂപമനല്പാർത്ഥം
വടപത്രശായിയായ ഹരികണക്കെ
ഒരുതെല്ലും പതറിയില്ലവിടത്തെക്കരൾത്തട-
മൊരുശങ്കാദോലയിലുമൂയലാടീല;
വരയ്ക്കുകയത്രേചെയ്തു തൂലികകൊണ്ടവിടുന്നു
ഭാരതഭൂദേവിയുടെ യഥാർത്ഥചിത്രം
കുറിക്കുകയത്രേ ചെയ്തൂഗുണനിധി ഭാഗധേയ-
ഗരിഷ്ഠമാം കേരളത്തിൻ കീർത്തിജാതകം;
തിരുത്തുകയത്രേ ചെയ്തു ഹരിജനനിടിലത്തിൽ-
പ്പരമേഷ്ഠി വിന്യസിച്ച ദുരക്ഷരങ്ങൾ
ഒരു തുള്ളിമഷി ഹിന്ദുമതഭഗവതിയുടെ
തിരുനെറ്റിയിൽക്കസ്തൂരിതിലകമായി;
തിരുമിഴിക്കഴകെഴുമഞ്ജനമായ്; തൃക്കഴുത്തി-
ന്നരിയോരു നീലരത്നപ്പതക്കമായി.
അയിത്തമാം വിന്ധ്യനെത്തൻ പദപ്രഹാരത്താൽത്താഴ്ത്തി-
യയത്നമീനരവരനഗസ്ത്യകല്പൻ;

"https://ml.wikisource.org/w/index.php?title=താൾ:ചൈത്രപ്രഭാവം.djvu/9&oldid=173126" എന്ന താളിൽനിന്ന് ശേഖരിച്ചത്