താൾ:കല്ലോലമാല.djvu/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഗം അഞ്ച്
ഊറ്റവാക്കെങ്കിലുമുച്ചരിച്ചീടുവാൻ
പറ്റാതെ നിന്നും സലീംകുമാരൻ.
എന്നാലാ വക്ത്രത്തിലങ്കുരിച്ചീടിനാൻ
വർണ്ണനാതീതമാം കോപഭാവം.
താതന്റെ നാവെയ്ത ഭർത്സനബാണങ്ങൾ
കാതും കരളും പിളർന്നൊടുവിൽ
ആ യുവരാജകുമാരൻതന്നാത്മാവി-
ലാറാത്തൊരാതങ്കവഹ്നിയേറ്റി.
"നീയൊരടിമതന്നാത്മജൻ!"-- ചിത്തത്തിൽ
ഭീയാർന്നു വർഷിച്ച ഭർത്സനങ്ങൾ
തെറ്റില്ലാവാക്കുകൾ സൂചനചെയ്തതു
മറ്റാരെയെങ്കിലുമായിരിക്കാം.
"നീയൊരടിമതന്നാത്മജ, നാത്മജൻ
ന്യായമായ് ഞാനല്ലാതാരൊരുവൻ?"
കൂരിരുൾച്ചിന്തകളിവിധം തന്നക-
താരിലുയർന്നു പരക്കമൂലം
ചെന്തീപ്പൊരികൾ ചിതറിനാൻ പെട്ടെന്ന-
സ്സന്തപ്തചിത്തന്റെ കണ്മിഴികൾ.
ക്രുദ്ധനായ്‌നിൽക്കും തൻപുത്രനെക്കാൺകെയാ
വൃദ്ധനരേന്ദ്രൻ നടുങ്ങിപ്പോയി.
വിസ്മയമാ യുവനേത്രങ്ങൾ വീശുന്നു
വിപ്ലവത്തിൻ ചില ലക്ഷണങ്ങൾ.
"ഉണ്ണീ, വരികെടു, ത്തെന്തേ നീ മിണ്ടാത്ത-
തെന്നോടു കഷ്ടം, പിണങ്ങിയോ നീ?
നിന്നെയിന്നോളവുമാദികാലം മുതൽ
നന്നായറിയാമെനിക്ക് കുഞ്ഞേ!
എന്നാലും ചെയ്യരുതാത്തൊരു കൃത്യങ്ങ-
ളൊന്നും നീ ചെയ്യുവാൻ വയ്യയല്ലോ.
വീരപരാക്രമപൗരുഷരക്തം നിൻ
ധീരഹസ്തങ്ങളിലുണ്ടെന്നാകിൽ,
ഭീരുതയെള്ളോളമേശാത്തതാണു നിൻ
താരുണ്യമോലും ഹൃദന്തമെങ്കിൽ
പുഞ്ചിരിക്കൊള്ളും ഞാൻ, നിന്നരവാളല്പം
ചെഞ്ചോരപൂശുന്ന കാഴ്ച കൺകെ;
ധീരരിപുവിനോടെന്നോടിതന്നെയും
നേരിടാറാകണം നിൻകൃപാണം."
ഏവം കഥിച്ചു തൻപുത്രാനനത്തിലെ-
ബ്ഭാവാന്തരങ്ങളെ നോക്കിനോക്കി
തെല്ലിട മൗനമായ് ചിന്താതരംഗങ്ങൾ
തല്ലുമുൾക്കാമ്പുമായ് നിൻ ഭൂപൻ.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/31&oldid=172998" എന്ന താളിൽനിന്ന് ശേഖരിച്ചത്