താൾ:കല്ലോലമാല.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇങ്ങനെയുള്ളൊരാ നാടിന്നതാണെന്നു
നിങ്ങളാരാനുമറിവതുണ്ടോ?
'അർക്കന്റെ രാജ്യ' മാമായതിന്നത്രേ നാം
തുർക്കിസ്ഥാനാ'ഖ്യയിന്നേകിടുന്നു.

ഭാഗം രണ്ട്

ഉന്മേഷശീലരാമായിരം കാവല്ക്കാ-
രമ്മണിമേടയിൽ കാത്തുനില്പൂ.
ഊരിയ വാളുമായൊന്നല്ല രണ്ടല്ല
ധീരന്മാർ നില്പതാ മണ്ഡപത്തിൽ.
കൂപ്പുകൈമൊട്ടുമായ് ചെങ്കോലിൻ ചുറ്റുമായ്
നില്പതുണ്ടെത്രയോ സേവകന്മാർ.
മദ്ധ്യത്തിൽ തങ്കസിംഹാസനത്തിങ്കലാ-
വൃദ്ധനാം മന്നവൻ ലാലസിപ്പൂ!
പ്രായം കവിഞ്ഞു ചുളിഞ്ഞ തൻകൺകളിൽ
പായുന്നതുണ്ടൊരു ചിന്താഭാരം.
തെല്ലല്ല പാടവമുള്ളതു പാർത്ഥിവ-
നുള്ളിൽ മറയ്ക്കുവാനല്ലലെല്ലാം;
എന്നാലടക്കാൻ കഴിയാത്ത തന്നുടെ-
യുന്നതാഹങ്കാരഭാവപൂരം;
തെല്ലു ചുളിഞ്ഞ കപോലതലത്തിലും
വല്ലാതെ വക്രിച്ച ചില്ലിയിലും,
സ്വൈരം നിഴലിച്ചു; ജാത്യമായുള്ള തൻ
ഗൗരവത്തിന്നൊരു മാറ്റുകൂട്ടി.

ഭാഗം മൂന്ന്

"പൊയ്ക്കൊൾവിനേവരും"--മുൻകണ്ട മാനവ-
രൊക്കെപ്പിരികയായങ്ങുമിങ്ങും.
"കൊണ്ടുവന്നീടട്ടേ നമ്മുടെ മുമ്പിലി-
ന്നന്തഃപുരദ്വാരപാലകനെ!"
തന്നേകപുത്രനും ഭൃത്യനുമല്ലാതെ
മന്നവപാർശ്വത്തിലില്ലയാരും.
"ദൂരെ നീ നോക്കുകപ്പോകുവോർ ഗോപുര-
ദ്വാരം കടന്നുകഴിഞ്ഞാൽപ്പിന്നെ,
പൂമണിമേടയിൽചെന്നറിയിക്കുകെ-
ന്നോമനപ്പുത്രിയോടിങ്ങണയാൻ
ഉള്ളിലുറച്ചുപോയ് ഞാനവൾതൻ വിധി-
യെള്ളോളം മാറ്റമിനിയണയാ.
പക്ഷേ, നീയെന്മനോനിശ്ചയമൊന്നുമ-
പ്പക്ഷ്മളനേത്രയോടോതിടേണ്ട.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/28&oldid=172994" എന്ന താളിൽനിന്ന് ശേഖരിച്ചത്