താൾ:കല്ലോലമാല.djvu/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താവകസ്വരത്തിനോടൊത്തു നോക്കുമ്പോളെല്ലാം
കേവലം പൊള്ളയായ നരർത്ഥസ്തുതി മാത്രം-
എന്തോ പോരായ്മയൊന്നു കാണും നാമവയ്ക്കുള്ളോ-
രന്തർഭാഗത്തിലെല്ലാമൊളിഞ്ഞു കിടപ്പതായ്!

എന്തെല്ലാം വസ്തുക്കളാണോതുകെന്നോടു നിന്റെ
സുന്ദരസംഗീതത്തിൻ ധോരണിക്കുറവുകൾ?
ഗിരിസഞ്ചയങ്ങളോ, പരന്ന പാടങ്ങളോ,
തിരമാലകളോ, വീൺതലമോ, മൈതാനമോ
ചിത്തത്തിലെഴുന്നതാം നൽസ്വജാതിസ്നേഹമോ
മെത്തിടും താപത്തിനെക്കുറിച്ചുള്ളജ്ഞതയോ?

പേശലമാകും നിന്റെയാനന്ദഗാനങ്ങളി-
ലേശുവാൻ തരമില്ല ലേശവുമാലസ്യാംശം
നിത്യമാം മുഷിച്ചിലിൻ പാഴ്നിഴലൊരിക്കലും
നിന്നെ വന്നണുപോലും തീണ്ടിയിട്ടില്ലിന്നോളം;
സ്നേഹിപ്പൂ നീ,യെങ്കിലും താപസമ്പൂർണ്ണമാകും
സ്നേഹത്തിൻ പരിതൃപ്തി നീയറിഞ്ഞിട്ടില്ലല്ലോ!

ഞങ്ങളിപ്രാപഞ്ചികജീവികൾ നിനപ്പതി-
ലങ്ങേറ്റമഗാധമായ് സത്യസമ്മിളിതമായ്,
നാനാതത്ത്വങ്ങളിൽ മേന്മേൽ നിഴലിച്ചീടുന്നതു
കാണുന്നതുകൊണ്ടാകാം നീ മൃത്യുവിൻ വക്ത്രത്തിങ്കൽ.
അല്ലെങ്കിൽ പ്രവഹിപ്പതെങ്ങനെ തവ ഗാന-
തല്ലജാവലികൾ നൽസ്ഫാടികപ്പൂഞ്ചോലയായ്?
ഹാ, തപ്തബാഷ്പങ്ങൾ പൊഴിഞ്ഞീടുന്ന കണ്ണാൽ ഞങ്ങൾ
ഭൂതഭാവികളെ നോക്കീടുന്നു മാറിമാറി
ഇല്ലാത്ത വസ്തുക്കളെക്കൈവശപ്പെടുത്തുവാ-
നെല്ലാനേരവും ഞങ്ങളുദ്യമിച്ചുഴലുന്നു.
എത്രയും ഹാർദ്ദമായ ഞങ്ങൾതൻ ചിരിയിലു-
മുൾത്താപമെന്തെങ്കിലും കലരാതിരിക്കില്ല.
ഏറ്റവും മധുരമാം ഞങ്ങൾതൻ ഗാനങ്ങളി-
ന്നേറ്റവും തപ്തമായ ചിന്തയെ ദ്യോതിപ്പിപ്പൂ!

എന്നിരുന്നാലും ദ്വേഷാഹങ്കാരഭയങ്ങളെ-
യൊന്നാകെ ഞങ്ങൾക്കിന്നു വെറുക്കാൻ സാധിച്ചെങ്കിൽ
ഒരു തുള്ളിയെങ്കിലും കണ്ണുനീർപൊഴിക്കായ്‌വാൻ
ധരയിൽ ജനിച്ചുള്ളോരാണു ഹാ, ഞങ്ങളെങ്കിൽ
ഞാനറിവീലെങ്ങനെ ഞങ്ങളെന്നന്നേക്കും നി-
ന്നാനന്ദസാമ്രാജ്യത്തിൽ വരുമായിരുന്നേനേ!

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/26&oldid=172992" എന്ന താളിൽനിന്ന് ശേഖരിച്ചത്