Jump to content

താൾ:ഉമാകേരളം.djvu/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മതി ശങ്ക,യബദ്ധമെന്റെ കൈയാൽ
ക്ഷിതിപാലാർഭകർ ചത്തുതന്നെ പോട്ടെ.        139

മദിരേ! ജഠരത്തിൽ നീ നടത്തും
സദിരേവന്നുമണച്ചിടുന്നു സൗഖ്യം;
ഹൃദി നീ കനിയും ദിനം നിതാന്തം
സുദിനം മർത്യനു സൂക്ഷ്മതത്വമോർത്താൽ        140

മറയത്തു മറഞ്ഞു മാറി മായും
മറ മർത്യന്നരുളുന്ന മാലശേഷം;
പറയുന്നതുപോൽ പ്രവൃത്തിചെയ്‌‌വാൻ
തിറമുണ്ടാം ദൃഢമേതു ഭീരുവിന്നും        141

ധര മാനവർ നാകമെന്നു ചൊൽവാൻ
തമോടോപമൊടേകുമോമനേ! നീ
പരമാരെയുമിട്ടു മിക്കിടുന്നു
പരമാനന്ദപയഃപയോധിതന്നിൽ.        142

പലമട്ടഴൽ വാച്ച നാളമീയെൻ
നില മുട്ടാത്തതു നീനിമിത്തമല്ലോ;
നലമെട്ടു ഗൃഹത്തിനും വരുത്താൻ
ബലമൊട്ടല്ല നിനക്കു ജീവനാഥേ!        143

മലതൻ മകൾപോലുമിപ്പതിന്നാ-
ലുലകിന്നും പ്രസു! കുന്നിനേതു കുഞ്ഞോ?
കുലദൈവതമേ! തുണയ്ക്കു നീയി-
ത്തല താഴ്ത്തുന്നൊരു രാമനാമഠത്തേ.        144

അരികത്തു വരൂ! വിചാരവായ്പാർ-
ന്നെരിയും ഹൃത്തു സുധാഭിഷിക്തമാക്കൂ!
ത്വരിതം പടവെട്ടിയുള്ളിലൂള്ളോ-
രരി,യന്തഃകരണത്തിനന്തമേകൂ!        145

ഇതി ദുഷ്ടനവൻ നിനച്ചു ജീവ‌‌-
പ്രതിമം മദ്യമനല്പമുള്ളിലാക്കി
ക്ഷിതിപാർഭകമാരണം നടത്താൻ
മതിയിൽ ഭീതിവെടിഞ്ഞുറച്ചുരച്ചാൻ        146

'കരയേണ്ട, കുളത്തിനപ്പുറത്തേ-
ക്കരയിൽക്കാത്തരുളുന്നു തമ്പുരാട്ടി;
വിരവോടവിടത്തിലെത്തിവേണം
നിരവദ്യോത്സവഘോഷധാടി കാണ്മാൻ.        147

ഭയമെന്തിനു, നിങ്ങളെന്റെ തോളിൽ
ക്കയറിക്കൊള്ളുകിലൊറ്റയൊറ്റയായ് ഞാൻ.
അയഥാർത്ഥമുരയ്ക്കയല്ല, തോയാ‌‌‌‌-
ശയപാരത്തിലണയ്പനിക്ഷണത്തിൽ.        148

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/82&oldid=172933" എന്ന താളിൽനിന്ന് ശേഖരിച്ചത്