താൾ:ഉമാകേരളം.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  
മടിവിട്ടിവനുമ്മവയ്ക്കയല്ലോ-
തടിതട്ടി,ല്ലിവ കള്ളുകുപ്പിയല്ല.       120

ഇളതാം കുളിർകാറ്റടിച്ചിടുമ്പോ-
ളിളകും താളിനു പറ്റുമിഗ്ഗളങ്ങൾ
ഇള ചുട്ടുപൊടിക്കുമെന്റെ കൈവാൾ-
പ്പിളർ മിന്നൽ‌പ്പിണരേതുമട്ടു തിണ്ടും?.       121

കരമെങ്ങനെ കത്തിയോങ്ങുമോ? ഞാൻ
കരയാറാ,യിവർകാന്തിസാഗരത്തിൽ
കരവിട്ടു കടന്നിവന്റെ കണ്ണും
കരളും കട്ടു കളിച്ചിടുന്നുവല്ലോ.       122

ഇതി ചിന്തകളാർന്നു ഹന്ത! ദുഷ്ടൻ
മതിയിൽ ഭ്രാന്തുപിടിച്ചവൻ‌കണക്കെ
മതി, ബാലകർ, താൻ കുളം, സമീപ-
ക്ഷിതി, വാനെന്നിവ നോക്കി നോക്കി നിന്നാൻ.       123

തടവടൊരു വാസനാബലത്തോ-
ടിടയും മാനസസാക്ഷിയാൽ തദാനീം
സ്ഫുടമക്കുടിലന്റെ ഹൃത്തു മേക്ഷ-
പ്പടയിൽ ജംബുകമെന്നപോലെ തീർന്നു.       124

തിരുവുത്സവ,മട്ട,മാന കേളി-
ക്കരു വാദ്യം പലഹാരമിന്ദ്രജാലം
ഒരുവസ്തുവുമക്കുമാരർ കാണാ-
ഞ്ഞുരുവാം ശങ്കയൊടീവിധം കഥിച്ചു;       125

‘ഇനിയെത്ര നടന്നീടേണ,മയ്യോ!
തനിയേ പൊന്നതിനമ്മ തല്ലുമല്ലോ;
പനിയോ കുളിരോ പെടാതെയങ്ങേ-
ക്കനിവുണ്ടെങ്കിലുടൻ തിരിച്ചു പോകാം.       126

കണികാണ്മതിനില്ല കാഴ്ചയൊന്നും;
ഗുണിയാമേട്ടനൊടമ്മയെങ്ങിരിപ്പൂ?
മണി പത്തു കഴിഞ്ഞു; നൂനമേതോ
പണി പറ്റുന്നതുപോലെ തോന്നിടുന്നു.       127

വളരുന്നു ഭയം; കഴക്കു മുന്നോ-
ട്ടിളകാൻ വയ്യ; മിഴിക്കു മങ്ങൽ‌പറ്റി;
തളരുന്നു വിയർത്തു മെയ്; പെരുത്തുൾ-
ക്കളമൊടുന്നു; കിടാങ്ങളെന്തു കാട്ടും?.       128

മതി കാഴ്ച്ചകൾ കണ്ട,തമ്മ പോരു-
ന്നതിനായെന്തിനു താ‍മസിപ്പൂ ഞങ്ങൾ?
പതിവിൻ‌പടി ചെന്നുറഞ്ഞിടട്ടേ;
ചതി സാധുക്കൾ ശിശുക്കൾ പോര താങ്ങാൻ’.       129

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/80&oldid=172931" എന്ന താളിൽനിന്ന് ശേഖരിച്ചത്