പിന്നീടമാത്യന്നു പിണഞ്ഞൊരാപ-
ത്തന്നീലപത്മാക്ഷിയൊടാകമാനം
ചൊന്നീടിനാരാളികൾ; വിശ്വസൃട്ടേ!
നിൻ നീട്ടൊരാൾക്കും നിരസിച്ചിടാമോ? 27
എൻ തോഴിമാരേ! ഹതയായി ഞാനെ-
ന്നെന്തോതിയാലും വിലപിച്ചു പാരിൽ
വെന്തോരു ഹൃത്തോടു പതിച്ചു പാവ-
മെന്തോന്നു ദൈവപ്പകയോടു കാട്ടാം? 28
അന്നാടു വിട്ടീടുമമാത്യവര്യൻ
തൻ നാഥയെക്കാണ്മതിനക്ഷണത്തിൽ
മന്നാളുവോൻ കല്പനനൽകി മുന്നിൽ-
ച്ചെന്നാൻ; വിയോഗാർത്തിയസഹ്യമാർക്കും; 29
ധീരത്വമേറീടിന മന്ത്രി വന്ന
നേരത്തു ലജ്ജാഖ്യയെയേകയാക്കി
ദൂരത്തു പിന്മാറി നതാംഗിയാൾതൻ
ചാരത്തെഴും മറ്റു സഖീകദംബം. 30
ഹൃത്തിൽക്കിടക്കും സുഖവിത്തമാകെ-
ക്കുത്തിക്കവർന്നീടിന ദുഃഖചോരൻ
അത്തിഗ്മഭാസ്സൊത്തൊരമാത്യനിൽഭീ-
മെത്തിക്കുരംഗാക്ഷിയെയപ്പോൾ വിട്ടോ? 31
ശ്രീലാസ്യഭൂവാമബലാമണിക്കു
ചേലാർന്ന നേത്രങ്ങളിലശ്രുബിന്ദു
ആലാക്കിലുൾച്ചേർന്നിതു, മഞ്ഞുതുള്ളി
നീലാബ്ജപത്രങ്ങളിലെന്നപോലെ. 32
അത്തയ്യലാൾതന്നതിനിമ്നമാകും
ഹൃത്തട്ടിലാഴിക്കകമൂർമ്മിപോലെ
ഒത്തന്നുദിച്ചോരു വികാരവായ്പിൻ
വൃത്തം വെടിപ്പായ് മുഖഭാവമോതി. 33
രണ്ടായിരം നാക്കു കഴുത്തിലുള്ള
തണ്ടാർദലാക്ഷന്റെ കിടക്കകൂടി
കണ്ടാൽക്കൊതിക്കുംപടി കണ്ണുകൊണ്ടു
രണ്ടാളുമന്തർഗ്ഗതമൊക്കെയോതി. 34
നാവിൻ പരാതിക്കിട നൽകിടായ്‌വാൻ
ധീ വിങ്ങിടും മന്ത്രി നിനയ്ക്കകൊണ്ടോ
ആ വിശ്വസ്സമ്മോഹിനിയോടിവണ്ണ-
മാവിഗ്നഹൃത്തായുരചെയ്തു പിന്നെ. 35
'ബാലേ! വധൂടീകുലമൗലിമുക്താ-
മാലേ! മനോജ്ഞാംഗി! മരാളയാനേ!
താൾ:ഉമാകേരളം.djvu/27
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു