Jump to content

താൾ:ഉമാകേരളം.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദരത്തെവിട്ടന്നൊരു കുറ്റവാളിപോൽ
പുരത്തിലുള്ളോരുടെ മുന്നിലെത്തിനാൻ.        89

അരണ്യമദ്ധ്യത്തിൽ നിശീഥവേളയിൽ-
പ്പരന്നിടും ശാന്തത കൈവശത്തിലായ്
പരം വിളങ്ങുന്ന സദസ്സിലിത്തരം
നിരന്നുകേൾക്കായി നൃസിംഹഗർജ്ജിതം.        90

'ശ്രവിക്കുവിൻ സർവരു,മിന്നു ദുർഗുണം
കവിഞ്ഞിടും ദ്രോഹിയമാത്യനിപ്പുമാൻ
ഭവിച്ചു മന്മന്യുവിനേകലക്ഷ്യമായ്
പവിക്കു കുന്നിചിറകെന്നപോലവേ.        91

വരില്ല തെറ്റെങ്കിലുമീശകല്പിതം
ധരിക്കുവാൻ നമ്പി, മദാജ്ഞകാരണം,
തിരിച്ചുപോയ്ച്ചീട്ടുകളിട്ടു നോക്കിനാൻ;
ഹരിക്കു ഹസ്താമലകം സമസ്തവും.        92

അതിങ്കലും പങ്കിലനെന്നു വന്നുപോയ്
ചതിക്കു വാസസ്ഥലമാകുമിപ്പുമാൻ;
മതിക്കിനിസ്സംശയമില്ല; ചെന്നിവൻ
പതിക്കുമല്ലോ നരകക്കുഴിക്കകം.        93

മയാ ദൃഢം സമ്പ്രതി വദ്ധ്യനെങ്കിലും
രയാന്വിതം നാടുകടത്തലെന്നിയേ
ഇയാൾക്കു കൽപിക്കുവതില്ല ശിക്ഷ ഞാൻ;
ദയാർദ്രചേതസ്സുകൾ വഞ്ചിഭൂവരർ;        94

അമന്ദമുച്ചാടനയോഗ്യനാകുമി-
ക്കുമന്ത്രി ദൂരത്തു കടക്കിലെന്നിയേ
ക്ഷമക്കു തെല്ലും സുഖമില്ല; മേനിമേ-
ലമർന്ന രക്ഷസ്സബലയ്ക്കുപോലവേ.        95

പിടിച്ചു ദൂരെക്കളയട്ടെ വഞ്ചിഭൂ-
മുടിച്ച ദുർമർത്ത്യമൃഗത്തെയിപ്പൊഴേ'
ചൊടിച്ചിതോതി ക്ഷിതിജാനി മണ്ഡപം
വെടിഞ്ഞു, മോദം ജനമാനസത്തെയും.        96

തെരുതെരെ ലഹളയ്ക്കൊരുങ്ങുവാൻ രു-
ട്ടരുളുകിലും ദൃഢയായ രാജഭക്തി
അരുതതു പിശകെന്നുരയ്ക്കമൂലം
വരുമൊരു മാലൊടു പിൻതിരിഞ്ഞു പൗരർ.        97

വളരെവളരെ നാളായ് രുദ്ധമാം കോട്ട വീഴു-
ന്നളവു ഭടർകണക്ക,മ്മന്നവൻ മന്ത്രിതന്നെ
കളയുമവസരത്തിൽ പ്രീതി ചേതസ്സിലേറി-
പ്പുളകഭരിതരായാർ ദുഷ്ടരാമെട്ടുവീടർ.        98

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/23&oldid=204745" എന്ന താളിൽനിന്ന് ശേഖരിച്ചത്