താൾ:ഉമാകേരളം.djvu/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പിളർക്കുകെൻ മാറിടമോ യശസ്സുഖം
വളർത്തിടും വാനിനെഴും കവാടമോ ?       51

ഇവണ്ണമോതും പ്രതിഘാരുണാക്ഷനാ-
മവന്യധീശാഗ്രണിതൻ പുരോഭുവി
വിവർണ്ണനായ്‌ച്ചേഷ്‌ടവെടിഞ്ഞു തുണുപോ-
ലവൻ ക്ഷണം നിന്നനിലയ്‌ക്കു നിന്നുപോയ്.       52

മനസ്സിലാകാത്തൊരു ഭാഷ കേട്ടപോൽ
മനസ്വിയാം മന്ത്രിമുഖത്തെവച്ചുടൻ
അനന്തബാഷ്‌പം മഴപോലെ വാർത്തുകൊ-
ണ്ടനന്തതൻ നാഥനൊടേവമോതിനാൻ.       53

ഭൂവി ക്ഷമാധീശരണിഞ്ഞ ഹീരമേ !
ചെവിക്കിടിത്തിയിതു സഹ്യമല്ല മേ;
രവിക്കു ചിന്തിക്കിലനുരു ശത്രുവായ്
ഭവിക്കുമോ ? മാരുതി രാമവൈരിയോ?       54

മൂധാ തവാശങ്ക; ഭവാനു ദാസനായ്
പ്രധാനമന്ത്രിത്വമിയന്ന സാധു ഞാൻ
വിധാത്യദത്തം വരമാർന്ന മത്തനാം
സൂധാശനാരാതി വൃകന്നു തുല്യനോ ?       55

ശരിക്കു ദുര്യോഗവിളക്കിലേഷണി-
ത്തിരിക്കു കത്താനിട തെല്ലു കിട്ടുകിൽ
തെരിക്കനേ സ്നേഹവിനാശമൊത്തിടാ-
തിരിക്കുവാനില്ലൊരു മാർഗ്ഗമേവനും.       56

കടന്നു കർണ്ണംവഴി കണ്ണിൽ മണ്ണിടാൻ
തുടങ്ങുമീയേഷണി ലേശമേക്കുവോൻ
സ്‌ഫുടം നശിക്കും ചിതൽ‌തിന്ന കാതൽ‌പോൽ;
ചടങ്ങിനൊക്കും ഫലമാർക്കുമൂഴിയിൽ.       57

പുരയ്‌ക്കു തീവച്ചൊരു ചെമ്പഴന്തിതൻ
കരത്തിൽ നിന്നൂരിയെടുത്ത പന്തവും
പരം തദംഗത്തിലണച്ച വാളുമെൻ
നരപ്രഭോ ! കാൺ‌ക; കറുക്കുമോ ഹിമം ?       58

ശിതാഗ്രമാം വാളിതെടുത്തു ദാസനെ-
പ്പിതാവൊടൊക്കും തിരുമേനിയിച്‌ഛപോൽ
കൃതാപരാധത്വമിരിക്കിലിപ്പൊഴേ
കൃതാന്തഗേഹത്തിനയച്ചുകൊള്ളണം.       59

ഇവണ്ണമോരോ മൊഴി ഗൽഗദത്തൊടാ
ന്യവര്യനോടോതി, യരാതിജീവിതം
കവർന്ന വാളും ചുടുപന്തവും വെടി-
ഞ്ഞവൻ നിലത്താശു മയങ്ങിവീണുപോയ്.       60

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/19&oldid=172842" എന്ന താളിൽനിന്ന് ശേഖരിച്ചത്