താൾ:ഉമാകേരളം.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചൂടുന്നൊരുള്ളത്തൊടു രാജ്യലക്ഷ്മിയാൾ
വിടുന്ന ദീർഘശ്വസിതം കണക്കിനെ.       32

ജ്വലിച്ച ദീപത്തൊടു ഭൃത്യയുക്തനാ-
യൊലിച്ചുപോകുന്ന മനക്കരുത്തൊടും
ചലിച്ചു ഭൂപൻ മുറിവിട്ടു; തീബ്ഭയം
ബലിഷ്ഠനും ദുർബ്ബലനും സമാനമാം.       33

തുടിച്ചിടും നെഞ്ഞൊടും ഭൂമിജാനി പേ-
പിടിച്ചവൻപോലൊരു പാച്ചിൽ പായവേ
സ്ഫുടിച്ച മോദത്തൊടു വഹ്നിയാം നടൻ
നടിച്ചിടും നാടകശാല കണ്ടുതേ.       34

ഹരേ! പരം നാലുവശത്തുനിന്നുമ-
ങ്ങൊരേതരം പൊങ്ങുമുദഗ്രപാവകൻ
നരേന്ദ്രഗേഹത്തിനെമുപ്പുരത്തിനെ-
പ്പുരേശബാണാഗ്നികണക്കെരിച്ചുതേ.       35

അപാരഹേത്യാനനമോടുമസ്സലാ-
മപാണ്ഡുധൂമോൽക്കരകുന്തളത്തൊടും
നൃപാലസൗധത്തിലണഞ്ഞു വഹ്നി നി-
സ്ത്രപാലവം കൂത്തുകളാടി ദാസിപോൽ.       36

പരം ജഗൽപ്രാണത മന്നനുള്ളതോർ-
ത്തരം മനസ്സിൽ കറവായ്ക്കമൂലമോ
നരർഷഭാരാതിശിഖിഭ്രുകംസനെ-
ത്തരത്തിലാടിച്ചു സമീരനട്ടുവൻ.       37

വയറ്റിനുണ്ടായൊരു തൃപ്തിയെ സ്വയം
വയസ്യനാം വാസവനോടുരയ്ക്കുവാൻ
അയത്നമോർത്തോ ദഹനൻ കൃതാർത്ഥനായ്
വിയൽപ്പഥത്തോളമുയർന്നു തൽക്ഷണം?       38

ധരാധവാഗാരമെരിച്ചു തൃപ്തികൈ
വരായ്കയാൽ ഭൂമിപഹൃത്തുഷർബുധൻ
ത്വരാന്വിതം കാണികൾ തന്മനസ്സൊടും
നിരാമയം ചെന്നു പിടിച്ചിതോ ബലാൽ?       39

പെരുത്തകാലത്തിൽ മയൂരസമ്മദം
വരുത്തുവാനോ ധരണീഗൃഹോപരി
ഉരത്ത മേഘദ്യുതി പൂണ്ട ധൂമമാം
കറുത്ത മേൽക്കെട്ടി കൃശാനു കെട്ടിനാൻ?       40

അനല്പമാകും ശുചിദീപ്തിയാൽ സ്വതേ
ജനത്തിനാമോദദമാം നൃപാലയം
അനല്പമാകും ശുചിദീപ്തി വീണ്ടുമാർ-
ന്നനന്തസന്താപമണച്ചതത്ഭുതം.       41

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/17&oldid=203524" എന്ന താളിൽനിന്ന് ശേഖരിച്ചത്