<poem> ഒരുമയൊടുയരെപ്പറന്നുപോവാൻ വിരുതു വിശൃംഖലമായസുക്കൾ നേടി. 98
എതിരിലണയുവോർക്കു വാനിലേറു-
ന്നതിനു ശരാസമെളുപ്പമേറ്റമേകി;
പതിവിനു ഗുണി നൂനമാർക്കുമുച്ചൈർ-
ഗ്ഗതിയരുളുന്നു സമക്ഷമാർന്നിടുമ്പോൾ. 99
ഉരുവിലൊരിഷു പാഞ്ഞിടുമ്പോഴെന്തി-
ന്നിരുതരമാശുഗമായതങ്കിലെന്നായ്
കരുതി, യതിഥിയെത്തനിച്ചു വാഴ്കെ-
ന്നരുളി വെളിക്കു കടന്നു ജീവവായു. 100
തൊലി, കുടൽ, വപ, യസ്ഥി, മജ്ജ, ഗുന്മാ-
വലി, തല, കൈ, കരൾ, കാ, ലസൃക്കു, മാംസം,
കലിതരസമിവറ്റപൂണ്ടു കാണായ്
കലി കളിയാടിന കാശ്യപീവിഭാഗം 101
തരുണികൾ ദിവി സംഭരിച്ചുവെച്ചു-
ള്ളൊരു ഹരിചന്ദനമാല തീരുവോളം
അരുളണമിഷു തന്റെ യോധനെന്നായ്-
ക്കരുതി നിഷംഗഭംഗമായ് വിളങ്ങി. 102
കുതുകമൊടു തനിക്കൊരൊറ്റയമ്പേൽ-
പ്പതുമെളുതല്ലതുകൊണ്ടുരസ്സുതന്മേൽ
അതുലപരിഭവം കലർന്നു മുറ്റും
മുതുകു ഭടർക്കു വിരിഞ്ചനെപ്പഴിച്ചു. 103
നിണമുടലിൽ മുഴുക്കെയാർന്നു മിന്നൽ-
പ്പിണരൊളിപൂണ്ടൊരു വാളിളക്കി യോധർ
ചുണയൊടരിശിര, സ്സിരമ്മദത്തി-
ന്നിണപെടുമൊച്ചയൊടൊത്തു വീഴ്ത്തി മന്നിൽ. 104
അടർതുടരുമിടയ്ക്കു മുന്നിൽ നില്ക്കും
ഭടർ മൃതരായൊരു കാഴ്ച പിന്നിൽ നില്പോർ
പടനടുവിലവർക്കു കൈക്കലായോ-
രിടമകതാരിൽ നിനയ്ക്കയാൽ സഹിച്ചു. 105
ജയമുടയ ഭടന്റെയല്ല, വാന-
ക്കയൽമിഴിയാളുടെ, കൈകൾതാൻ കഴച്ചു;
നിയതമവനിലല്ല വാച്ചതന്തർ-
ഭയ, മിള താങ്ങിന സർപ്പരാട്ടിലത്രേ. 106
അടരിടുമിനജന്നു മണ്ടയോടാ-
മുടമ പെരുത്തൊരു വീരപാണപാത്രം
സ്ഫുടമരുളി വിശിഷ്ടരക്തമദ്യം
ഭടരതിനുള്ളിൽ നിറച്ചൊഴിച്ചുവെച്ചു. 107