Jump to content

താൾ:ഉമാകേരളം.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരമിരുവിരലാൽച്ചുഴറ്റിനാര-
പ്പരശുവെടുത്തു ഭടാഗ്രരീർക്കിൽപോലെ.        60

ഉടമയൊ,ടെതു കൈയിൽനിന്നു ചാടു-
ന്നടവിലരിക്കതു കണ്ണിൽനിന്നു ചാടും,
ഭടകരമതിലാക്കനത്ത കുന്തം
സ്ഫുടമൊരുണങ്ങിയ നായ്ങ്കണക്കു പറ്റി.        61

വടിവൊടു വിധി തന്ന ശക്തി കൊല്ല-
ക്കുടിയൊടു കൊള്ളുവതേവനെന്നു ചൊല്ലി
ചൊടിതടവിന യോധർ പാഞ്ഞു ബാണ-
പ്പടി നിജ ശക്തി കരത്തിലേന്തിടാതെ.        62

അടർനിലമിഭഗർജ്ജിതത്തൊടശ്വോൽ-
ക്കടതരഹേഷിതവേദ്യമായിരിക്കെ
ഭടർ പടഹമടിച്ചു പണ്ടുപണ്ടേ
നടപടി തെറ്റരുതെന്നുവച്ചുമാത്രം.        63

ഒരു ദനൂജഹതിക്കുമംബുജാക്ഷൻ
തിരുവടിയന്നവതാരമാർന്നിടാഞ്ഞും
ഉരുതര നരസിംഹനാദഘോഷം
തെരുതെരെയങ്ങുമഭംഗമായ് മുഴങ്ങി.        64

അവനിയിലലസാക്ഷിമാർക്കു ഗർഭ-
സ്രവമരുളുന്ന കഠോരകംബുനാദം
നവ സമിതിനതാംഗിയിൽക്കൊതിക്കു-
ന്നവർ മധുവിൽപ്പികഗീതിപോലെ കേട്ടു.        65

കനിവൊടു പുണരാൻ വരും ജയശ്രീ
വനിത ഭയത്തൊടു മാറിടായ്‌വതിന്നോ
തുനിവൊടു ചില യോധരെത്തി യുദ്ധാ-
വനിയിലൊരായുധവും ധരിച്ചിടാതെ?        66

അതിബലികൾ ഭടാഗ്ര്യർ പോർക്കളത്തിൽ
ക്ഷതികലരാത്തൊരു മെയ്ക്കു ചട്ടപോലും
അതിനെ വിജയിയെന്നു ലോകരോതു-
ന്നതിനിട വന്നിടുമെന്നുവച്ചൊഴിച്ചു.        67

എതിരിലെഴുമരീഭപങ്‌ക്തിയാകും
പുതിയ ശിലാവരണത്തിലെത്തി മേന്മേൽ
ധൃതിയൊടു തടഘാതലീലചെയ്യു-
ന്നതിനു മുതിർന്നു മതംഗജാധിപന്മാർ.        68

കരിവരരുടെ കൂർത്ത കൊ,മ്പെതിർപ്പോ-
രരിഭടർതൻ ശില തോറ്റ മാറിടത്തിൽ
പരിണതകദലീഫലത്തിനുള്ളിൽ-
ശ്ശരിവരെ രാജത സൂചിപോലെ കേറി.        69

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/139&oldid=172786" എന്ന താളിൽനിന്ന് ശേഖരിച്ചത്