ശ്യാമളദ്യുതി പരസ്പരമേറ്റി-
ബ്ഭീമമാം ഹയവുമാബ്ഭടരാട്ടും
രാമബാണതുല പൂണ്ടു ഗമിക്കും
രോമഹർഷകരവേഗമവർണ്യം. 7
വാട, വാടി, മല, തോടു, തടാകം,
മേട, മാട, മിവ പിൻപുറമാക്കി
ഘോടകം പെരിയ ചണ്ഡമരുത്തിൽ
പാടവപ്പൊലിമ പൂണ്ടു പറന്നു. 8
ആ മനുഷ്യനരനാഴികയോടി-
ച്ചാമഹാഹയമണിക്കിളവേകാൻ
കാമകോർത്തു ഹൃദി; നൽപ്പടയാളി-
ക്കോമനക്കുതിര ജീവനു തുല്യം. 9
കട്ടികൂടുമരയാൽമരമൊന്നിൽ
കെട്ടി, വാജിയെയവൻ മരുവുമ്പോൾ
ത്വിട്ടിണങ്ങുമൊരു നന്ദനഭൂവിൻ
മട്ടിലുള്ള മലർവാടിക കണ്ടാൻ. 10
ആളിനീശനവനെബ്ബലമോട-
ന്നാളിലാസ്സുഭഗമാം സുമവാടി
കേളികോലുമൊരു കാന്തമിരുമ്പിൻ
ധൂളിപോലെയതിലേക്കു വലിച്ചു. 11
ആ നവാഭയുടെ നർത്തനഭൂവാം
സുനവാടി മുകിലൻ ചിലരോതി
മാനവായ്പെഴുമുമാഭിധയാകും
മാനവാഗ്ര്യയുടെയെന്നു ധരിച്ചാൻ. 12
ഒന്നു നോക്കിടണ,മില്ല തരക്കേ,
ടെന്നുറച്ചു പടയാളി പതുക്കെ
അന്നു നല്ലൊരു മലർത്തൊടിതന്നിൽ-
ച്ചെന്നു ചേർന്നു കുതുകത്തൊടുകൂടി. 13
മുന്നമേ ഗുണമിണങ്ങി വസന്തം
വന്നണഞ്ഞ മലർവാടികയപ്പോൾ
പൊന്നനല്പതരഗന്ധമിയന്നാ-
ലെന്നപോലെ നിലവിട്ടു വിളങ്ങി. 14
പേരുവായ്ക്കുമൊരു മാധവയോഗം
ചേരുമുത്തമവനോദിതലക്ഷ്മി
ചാരുചൂതശരസൂതികയായി-
ത്തീരുമെന്നതിനു സംശയമുണ്ടോ? 15
കാലമെങ്ങനെയതിൻപടി വേണം
കോലമെന്നു കരുതും സുമജാലം
താൾ:ഉമാകേരളം.djvu/105
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല