കാലക്രമേണ നൃപനാസ്സചിവങ്കൽ വായ്ക്കും
കൂലങ്കഷപ്രണയശൈവലിനീജലത്തെ
മാലമ്പുമാറഹിതദുർവചനാർക്കരശ്മി
ജാലം വരട്ടി, തടിയെ ക്ഷയമെന്നപോലെ. 85
ഉള്ളിൽക്കറുപ്പു, ദിവി കാർമ്മുകിൽപോൽ, പ്പരന്നു
കൊള്ളിച്ചു പുഞ്ചിരിനിലാവിനമന്ദമാന്ദ്യം,
തള്ളിക്കടന്നതിലെഴും തിരുവുള്ളമെന്ന
വള്ളിക്കുമേലരിശമാമിടിവാളു വീണു. 86
ആവൃത്തമൊന്നുമകളങ്കശശാങ്കകീർത്തി
ശ്രീവൃദ്ധനാം പ്രിയതമൻ പറയായ്കമൂലം
ഭൂവൃത്രശാസനതനൂജയറിഞ്ഞതില്ലാ
പ്രാവൃട്ടുതൻവരവു ബാലമരാളിപോലെ. 87
അന്നാളൊരിക്കലരിപാശർ നൃപന്റെ മുമ്പിൽ
ചെന്നാദരത്തൊടു വണങ്ങി വിനീതരായി
നിന്നാർ, തരത്തിനു ശിരസ്സു പറിച്ചെടുത്തു
തിന്നാൻ കുനിഞ്ഞൊരു തരക്ഷുകുലംകണക്കേ. 88
വെൺപട്ടിൽമൂടിയൊരു പാഴ്ക്കിണറെന്നപോലെ
വൻപിട്ടിലല്പഹസിതത്തെ വെളിക്കുകാട്ടി
കുമ്പിട്ടുനിൽക്കുമവരിൽ ഗുണശാലി മന്ന-
നൻപൊട്ടുപൂണ്ടു കുശലാദികൾ പൃച്ഛചെയ്താൻ. 89
ചൊന്നാരതിന്നവർ: 'പരം തിരുമേനി കാക്കു-
മിന്നാട്ടിലെങ്ങനെയമംഗലമെത്തിനോക്കും?
നന്നായ് വിളക്കു തെളിവോരറമേലിരുട്ടു
നിന്നാളുമോ? കനലരിപ്പൊരുറുമ്പുമുണ്ടോ? 90
ശ്രീരാമനെന്നവിധമുത്തമസൽഗുണങ്ങൾ-
ക്കാരാമമാകുമവിടുന്നിളകാത്തിടുമ്പോൾ
പോരായ്മയെങ്ങനെയതിങ്കൽ വരുന്നു? ദുഗ്ദ്ധ-
വാരാകരത്തിരയിലുപ്പിനു മാർഗ്ഗമുണ്ടോ? 91
എന്നാലുമല്പമടിയങ്ങളുണർത്തിടുന്ന-
തിന്നാണുറച്ചതു; മടിക്കിലബദ്ധമാകും;
ചൊന്നാൽ മുഷിഞ്ഞിടുകിലും ഭയമില്ല; പത്ഥ്യ-
ത്തിന്നാർക്കു വാഞ്ഛ? ഗദശാന്തി വരേണമല്ലോ. 92
ഹുങ്കമ്പുമിസ്സചിവനുള്ളൊരു ദോഷമേതും
പങ്കം പെടാത്തൊരവിടേയ്ക്കറിയാവതല്ല;
തൻകണ്മണിക്കുടയ ദുഷ്ടുതെളിഞ്ഞു കാണ്മാൻ
തൻകണ്ണു പോര, മുകുരം കരതാരിൽ വേണം 93
സമ്മാന്യരിൽ പ്രഥമനാമവിടേയ്ക്കു മേലി-
ദ്ദുർമ്മാനവന്റെ സഹവാസമനർത്ഥബീജം;
താൾ:ഉമാകേരളം.djvu/10
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്