ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
പത്തു്
“ഒന്നും ചിന്തിക്കാതെയും ഒരു പ്രവൃത്തിയിലും മുഴുകാതെയും ചുറ്റ്പാടുകളെ കണ്ടുകൊണ്ടു വളരെനേരം ഞാനിരുന്നു. നിമിഷങ്ങൾ നിമിഷങ്ങളെ പിന്നിലാക്കുകയാണു്....
തീവണ്ടി അടുത്ത സ്റ്റേഷനിൽ നിന്നപ്പോൾ ഞാനും മൂലയിൽ ഇരുന്നുറങ്ങിയിരുന്ന വൃദ്ധനുമൊഴികെ എല്ലാവരും അവിടെയിറങ്ങി.
ഈ സ്റ്റേഷനിൽ നിന്നും ആരും തന്നെ ഞങ്ങളുടെ കംപാൎട്ടുമെന്റിൽ കയറിയില്ല. ഞാനാ വൃദ്ധനെ ആപാദചൂഡം ഒന്നു പരിശോധിച്ചു. ഒരു ധനികനാണദ്ദേഹം. നല്ല കസവു നേര്യതും, ജൂബാഷൎട്ടും. ഒരു ലക്ഷപ്രഭുവിനെന്ന വണ്ണമുള്ള വേഷവിധാനമാണു്. ഒരു ബാഗും വടിയും അദ്ദേഹത്തിന്റെ സമീപത്തുണ്ടു്... ഇങ്ങിനെയുള്ളവർ മൂന്നാംക്ലാസിൽ യാത്രചെയുന്നതിന്റെ ഔചിത്യം എനിക്കു മനസ്സിലായില്ല.
വളരെ ദൂരം നടന്നതിനാലും, വയറു വിശന്നു തുടങ്ങിയതിനാലും ഞാൻ ആ സീറ്റിൽ കിടന്നു. എങ്കിലും ഉറങ്ങുവാനെനിക്കു സാധിച്ചില്ല....