താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 84 —


ഞാനും കുഞ്ഞനും അവളുടെ അടുത്തുതന്നെയിരുന്നു. സന്ദർശകർ ഒന്നിന്നു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. എല്ലാവരുടെയും മുഖത്തൊരു ഭയാശങ്കയാണു നിഴലിച്ചതു്. എന്റെ ഉള്ളു പുകഞ്ഞുതുടങ്ങി... മൂന്നു നാലു ദിവസങ്ങൾകൂടി നീങ്ങി....

വൈകുന്നേരമായപ്പോൾ രോഗം കുറെക്കൂടി വർദ്ധിച്ചു. വൈദ്യനെ വീണ്ടും വിളിച്ചുകൊണ്ടുവന്നു. ഉടനെ നാരങ്ങാനീരിൽ കൊടുക്കുവാൻ രണ്ടു ഗുളികയും കൊണ്ടുവന്നു. തിരിച്ചുപോകുവാൻ നേരത്തു അയാൾ സ്വകാര്യമയി കുഞ്ഞനോടെന്തോ പറയുന്നതു കേട്ടു. അവൻ കുറേനേരം തരിച്ചുനിന്നുപോയി.

“വൈദ്യനെന്താണു പറഞ്ഞതു്” അവന്റെ അടുത്തുചെന്നുനിന്നുകൊണ്ടു് ഞാൻ ചോദിച്ചു.

അവൻ മുഖത്തെ ഭാവങ്ങൾ മാറ്റുവാൻ ശ്രമിച്ചു. എന്തോപറയുവാൻ തുടങ്ങിയെങ്കിലും ഒരക്ഷരംപോലും പുറത്തേക്കു വന്നില്ല. ആ ചുണ്ടുകൾ അകന്നില്ല.... നാവുകൾ ചലിച്ചില്ല.

“പറയു കുഞ്ഞാ വൈദ്യനെന്തു പറഞ്ഞു” ഞാനവനെ നിർബന്ധിച്ചു....

അവൻ മൗനവലംബിച്ചു.

വീണ്ടു ഒന്നും ചോദിക്കാതെ ഒന്നും അറിയാൻ ശ്രമിക്കാതെ തന്നെ ഞാൻ മാടത്തിലേക്കു കയറിപ്പോയി.

രാത്രിയായപ്പോൾ രോഗം പൂർവ്വാധികം വൎദ്ധിച്ചു. തീക്കട്ടയിൽനിന്നെന്നപോലെ നെറ്റിത്തടത്തിൽനിന്നും ചൂടനുഭവപ്പെട്ടു.

വളരെ പേർ ഈ രാത്രിയിവിടെക്കഴിയുവാൻ തന്നെ നിശ്ചയിച്ചു.....