താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 83 —


ക്കൊണ്ടിരിക്കുന്നു. എന്റെ ആത്മാവിൽ സൂചിമുനകൾ തൊടുവിക്കുന്നതുപോലുള്ള അനുഭവം.

“തേവി” ഞാൻ സ്വരംതാഴ്ത്തി അവളെ വിളിച്ചു.

“ഉം” അവളൊന്നു മൂളി. അതൊരു വിങ്ങിപൊട്ടലായിരുന്നു. വേദനയുടെ വിങ്ങിപ്പൊട്ടൽ!

“ദാഹിക്കുന്നുണ്ടോ?” ഞാനാരാഞ്ഞു.

“യില്ല... വൈദ്യനെന്തു പറഞ്ഞു” അവൾ തിരക്കി.

“ഉടനെ കുറയുമെന്നു്”

“യില്ല കൊറയേലാ”

“അങ്ങിനെ പറയാതെ. നിശ്ചമായിട്ടും കുറയും”

“തേവിയെ മറക്കുമോ?”

“ഒരിക്കലുമില്ല”

“എന്റെ കൂടെ മരുമോ”

“എങ്ങോട്ടു്”

അവൾ പേടിസ്വപ്നം കാണുന്നതുപോലെ എനിക്കു തോന്നി. തേവി, വേദനയുടെ ഒരു കൂനയാണു്.... അവളുടെ ശരീരം അനുനിമിഷം വികൃതമായിക്കൊണ്ടിരുന്നു.

“തേവി, കുഞ്ഞനിപ്പം മരുന്നുകൊണ്ടുവരും” ഞാൻ പറഞ്ഞു.

“ആരിക്കാ” അവൾക്കൊരുസംശയം.

“തേവിക്കു്. അല്ലാതാൎക്കാ?”

“എനക്കു മേണ്ട”

അപ്പോഴേക്കും കുഞ്ഞൻ മരുന്നുമായി വന്നുകഴിഞ്ഞു.

“ആറു നേരം ഒരവുൺതുവീതം കൊടുക്കാം പറഞ്ഞു” മരുന്നെന്റെ നേരെ നീട്ടിക്കൊണ്ടു് കുഞ്ഞൻ പറഞ്ഞു. ഒരു ചെറിയ ചട്ടിയിൽ ഞാൻ ഒരവുൺസു മരുന്നു പകൎന്നു അവളുടെ നേൎക്കു നീട്ടി. അവളതൊറ്റ ശ്വാസത്തിനുള്ളിലാക്കി.