നീലമേഘങ്ങളെ ചുറ്റിത്തിരിയുന്നതിനടിയിൽ നിങ്ങളെന്റെ ലിസയെ കണ്ടാൽ ഒന്നറിയിക്കുമോ?
ശാന്തെ! നീ കരഞ്ഞു കരഞ്ഞു മടുത്തിരിക്കുമോ? തുടുത്തതല്ലങ്കിലും നിന്റെ കവിൾത്തടങ്ങൾ ആകൎഷണീയമാണ്. കവിതയുൎത്തുന്നതല്ലെങ്കിലും ആ നീലനയങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ടു്. ആ കുറുനിരകൾ കാറ്റിലാടുന്നതു് കാണുവാൻ ഒരു ചന്തവുമുണ്ട്. ഏതൊരു കഠിന ഹൃദയനേയും കരയിക്കുവാനുള്ള കളങ്കമായ കഴിവുണ്ടാ കണ്ണുകളിൽ നിന്നും കരകവിഞ്ഞു ഉതിരുന്ന കണ്ണുനീർകണികൾക്കു്.
എന്തൊക്കെയോ പേക്കിനാവുകണ്ടു ഞാൻ വളരെനേരം കളഞ്ഞു. അംബരഭാഗത്തേക്കു മിഴികൾ പായിച്ചുകൊണ്ടു ഞാൻ പായയിൽ കിടക്കുകയാണ്.
ഒരു കാലൊച്ച കേട്ടു. ഞാൻ നെട്ടിത്തിരിഞ്ഞുനോക്കി. ‘തേവി’ എന്റെ മനസ്സു മന്ത്രിച്ചു. ഒരു നിശാദേവതയെപ്പോലെ അവൾ മന്ദം മന്ദം ഓരോ പദം അളന്നു മുറിച്ചെന്ന പോലെ നീങ്ങുന്നു........ എന്തിനൊക്കെയോ വേണ്ടിയുള്ള പുറപ്പാടാണതു്. ഞാൻ ഉറക്കം നടിച്ചു കിടന്നു. അവൾ അടുത്തുവന്നു് കട്ടിലിലിരുന്നു. തണുത്ത കഞ്ഞിക്കാറ്റതുവഴി തലോടികൊണ്ടുപോയതിനാലായിരിക്കണം, അവൾക്കൊരു കോരിത്തരിപ്പുണ്ടായി.
“ഒന്നേറ്റെ” അവളെന്നെ മുട്ടിവിളിച്ചു.
“ഓ ഇത്രനേരം പാട്ടുപാടിക്കൊണ്ടിരുന്നേച്ചു്.... എന്റെ നാട്യം അവൾക്കു മനസ്സിലായതുപോലെ തോന്നുന്നു. ഞാൻ നിശ്ശബ്ദനായിതന്നെ കിടന്നു.
“സ്നേകോണ്ടേ ഏക്കു്” അവസാനത്തെ തീൎപ്പാണത്. കണ്ണുതിരുമ്മി ഞാനെഴുന്നേറ്റു.