യൊരു പ്രതിഷ്ഠയും സ്ഥാനം പിടിച്ചുകൂടാ. ആ മണിനാദം ഇപ്പോഴും എന്റെ ഹൃദയത്തിൽ മാറ്റൊലികൊള്ളുകയാണ്.
എട്ടുമണിയായപ്പോഴേക്കും ശാന്ത ആസ്പത്രിയിലേക്കു പോയി. ഒരുപാടു കാര്യങ്ങൾ അവളെന്നോടു പറഞ്ഞു. എനിക്കൊന്നും ഓർമ്മയില്ല. എന്നെ പിരിയുവാൻ അവൾക്ക് തീരെ ഇഷ്ടമില്ല. എന്റെ അന്തരാളത്തിൽ രണ്ടു ചിത്രങ്ങളാണു തെളിയുന്നതു്; ഒരു ചോദ്യചിഹ്നവും. ശാന്തയോ, ലിസായോ? ലിസായോ, ശാന്തയോ?
മേശപ്പുറത്തിരുന്ന മരുന്നുകുപ്പി ഞാൻ കയ്യിലെടുത്തു. അവിടെക്കിടന്ന ഒരു വെള്ളക്കടലാസിൽ ഞാനിങ്ങനെ എഴുതി.
പ്രിയ ശാന്തക്ക്,
ഭവതിയുടെ സ്നേഹമസൃണമായ പരിചരണം മൂലം എനിക്കു പുനർജീവൻ ലഭിച്ചിരിക്കുന്നു. അവാച്യമായ നന്ദിയും കടപ്പാടും ഉണ്ടെനിക്ക്. ആത്മാർത്ഥമായി നമിക്കപ്പെടുന്ന ശാന്തയുടെ ശിരസ്സുയർത്തുവാൻ എന്റെ കരങ്ങൾക്കു വയ്യ എന്നു പറയേണ്ടിവന്നതിൽ കുണ്ഠിതമുണ്ട്. സ്നേഹിക്കുന്ന ഭവതിയുടെ ഹൃദയത്തിൽ നിന്നും കിളുർത്തു വന്ന താമരമൊട്ടു പോലെ ഈ എളിയവനേക്കുറിച്ചുള്ള സ്നേഹം നിലനിർത്തുവാനപേക്ഷ. അവിശുദ്ധമല്ലാത്ത ആ കുരുന്നു ഹൃദയത്തിൽ വേദനയുള്ള ഒരു കൊച്ചു മൊട്ടുസൂചി പെരുമാറി. ഞാൻ പോകട്ടെ! നമസ്കാരം!
മടക്കാതെ ആ കത്തു മേശപ്പുറത്തുവെച്ചു പേപ്പർ വെയിറ്റും അതിനുമീതെ ഞാനെടുത്തുവച്ചു. മേശയിൽ നിന്നും ശാന്തയുടെ കാർഡുസൈസിലുള്ള ഒരു ഫോട്ടോയും എന്റെ പോക്കറ്റിൽ നിക്ഷേപിച്ചു.