Jump to content

താൾ:അലിഞ്ഞുചേർന്ന ആത്മാക്കൾ -1959 - സി.എ. കാലായിൽ.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
— 101 —


തത്വത്തിന്റെ മുമ്പിൽ ഞാൻ പരാജയം സമ്മതിക്കേണ്ടി വന്നു.

“വലിയ തത്വജ്ഞാനമല്ലോ?” ഞാൻ തമാശയായിട്ടു പറഞ്ഞു.

ഞങ്ങൾ മൂന്നുപേരും നേരെബംഗ്ലാവിലേക്കു നടന്നു. ഒരുമിച്ചിരുന്നു ചായയും കഴിച്ചു. എന്റെ സർവ്വ പരിചരണ ചുമതലയും പ്രേമ ഏറ്റെടുത്തു. എനിക്കതല്പം ഹൃദയവേദന നല്കുന്നതായിരുന്നു. കാന്തവും ഇരുമ്പുമല്ലേ....

ബ്രഹ്മാണ്ഡമായ ബംഗ്ലാവിന്റെ ഓരോ മുറിയും ചുറ്റിനടന്നു് ഞാൻ കണ്ടു. പ്രേമയും എന്റെ കൂടെ നടന്നു.

“ഞങ്ങൾ രണ്ടാൾ മാത്രമേയുള്ളു.”

അവൾ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.

“വേണു ഉൾപ്പെടെ എത്രയാ?” ഞാനൊരു ചൂണ്ടയിട്ടു.

“വേണു! അതെങ്ങിനെ രാജു അറിഞ്ഞു?”

“അതൊക്കെ അറിഞ്ഞു.”

“ആ പൂതത്താനെക്കുറിച്ച് എനിക്കൊത്തിരി പറയാനുണ്ടു്. ഇനിയെന്നും പറയാമല്ലോ?”

അവൾ കയ്യിലിരുന്ന താക്കോൽകൊണ്ടു ഒരു മുറി തുറന്നു. ഞങ്ങൾ അതിൽ പ്രവേശിച്ചു. പങ്കയും ആലക്തികദീപവും. കൂടാതെ നിരവധി ഫോട്ടോകളും ചുവരുകളിൽ തൂങ്ങുന്നുണ്ട്, പടിഞ്ഞാറുനിന്നും വീശുന്ന കാറ്റു് സദാസമയവും മുറിയെ തലോടിക്കൊണ്ടിരിക്കും. രണ്ടാം നിലയിലെ പടിഞ്ഞാറെ അറ്റത്തെ മുറിയാണതു്.

അതിനടുത്തമുറിയിലാണു് എസ്റ്റേറ്റിന്റെ കണക്കുകളും മറ്റും. തൊട്ടടുത്തുള്ള മുറി ശങ്കരൻ മുതലാളിയുടെ കിടക്കമുറിയാണ്. പ്രേമയുടെ ഉറക്കറ താഴെയുള്ള പടിഞ്ഞാറെ അറ്റത്തെ മുറിയാണു്.