താൾ:അമൃതവീചി.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഏകാന്തതയിൽ (ഷെല്ലി)


ഉരുതരഗുണഗണമിളിതനായ് വിബുധനാ-
യൊരുകവിയൊരുകാലം വസിച്ചിരുന്നു ,
അകളങ്കഭക്തിയുൾക്കൊണ്ടാരുമാരും നിർമ്മിച്ചത-
ല്ലകാലമാമവനുടെ ശവകുടീരം.
എന്നാലൊരുശൂന്യവനാന്തരത്തിങ്കൽ വർഷപാതം
ചിന്നിച്ചിതറിടും ചില കരിയിലകൾ
മണ്ണടിയുമവനുള്ളോരസ്ഥിഖണ്ഡങ്ങൾക്കുമീതെ
കുന്നുകൂട്ടിയൊരു കൊച്ചുകുടീരം തീർത്തു.
ഒരു സുഭഗനായിടും യുവാവവൻ-എന്നാരൊരു-
തരുണിയും വിലപിച്ചീലവനെച്ചൊല്ലി-
കണ്ണീർക്കണമണിമാല്യമണിയിച്ചില്ലവരുടെ
മണ്ണടിഞ്ഞ മൃതഗാത്രമൊരുവൾപോലും-
അവനുടെ ദീർഘനിദ്രയ്ക്കുളേളകാന്തമെത്തയിങ്ക-
ലവരാരും പടർത്തിയില്ലൊരു ലതയും
ശാന്തശീല , നനുകമ്പാകുല,നവനതിധീരൻ
കാന്തവൃത്തൻ-എന്നാലൊരു ഗായകൻപോലും,
ഇരുണ്ടതാമവനുടെ ദുർവ്വിധിയെ മാത്രമോർത്തു-
മൊരു ചെറുവീർപ്പുപോലുമയച്ചതില്ല.
ഏകാന്തത്തിൽത്തന്നെയവൻ ജീവിച്ചു, മരിച്ചു ,കഷ്ട-
മേകാന്തത്തിലവൻ നിജഗാനങ്ങൾതൂകി !

പരിശുദ്ധമായിമിന്നും വെള്ളിക്കിനാവുകൾകൊണ്ടു
പരിപുഷ്ടമായിത്തീർന്നതവന്റെ ബാല്യം
പാരിച്ചൊരിപ്പാരിൽനിന്നു, മന്തരീക്ഷത്തിങ്കൽനിന്നു-
മാരവമൊന്നവനുടെയന്തരംഗത്തിൽ ,
അനഘചിന്തകളുടെ മൃദുലമാം തരംഗങ്ങ-
ളനവധിയടിക്കടിക്കടിച്ചുകേറ്റി !
ദിവ്യവേദാന്തത്തിൻ തെളിനീരുറവവന്റെ തൃഷ്ണാ-
വിവശാധരങ്ങൾ കവിഞ്ഞൊഴുകിയില്ല !

ശൈശവം കടന്നുപോയ കാലത്തിങ്കലവൻ നിജ
ശൈത്യമാളും സദനത്തെ വെടിഞ്ഞുപോന്നു.
ഒരുവനും കണ്ടെത്താത്ത ദേശങ്ങളിൽ സഞ്ചരിച്ചു
തിരക്കുവാനോരോ നവ്യസത്യമാർഗ്ഗങ്ങൾ !
നിരവധി വനങ്ങളും മരുഭൂമികളും , ഭീതി-
യൊരുലേശം പുരളാത്ത കാലടികളാൽ,
തരണംചെയ്തവൻ പോയാൻ, വാക്കിനാലും , നോക്കിനാലും,
കിരാതരിൽനിന്നുമോരോ സൽക്കാരം നേടി !

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/21&oldid=172523" എന്ന താളിൽനിന്ന് ശേഖരിച്ചത്