താൾ:അമൃതവീചി.djvu/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വനവീഥിയിൽ

മുഗ്ദ്ധസങ്കല്പം, ദൂരെ, നിസ്തുല-
സ്വർഗ്ഗമൊന്നെനിക്കേകിലും,
ഇത്തപോവനംവിട്ടു പോകുവാ-
നിഷ്ടമില്ലെനിക്കൊട്ടുമേ!
ജീവിതമണിവീണയുംമീട്ടി
നീ വരും വഴിത്താരയിൽ
നിത്യവും നിന്നെക്കാത്തു കാത്തിരു-
ന്നെത്രകാലം കരഞ്ഞു ഞാൻ!
നിർദ്ദയം നീ വരാതിരുന്നിതെൻ
നിസ്തുലപ്രേമവീഥിയിൽ!
നിന്നെയോർത്താൽ മതിയെനിക്കെന്റെ
കണ്ണു രണ്ടും നിറയുവാൻ!
ചിന്തനാതീതകാന്തമാകുമി-
തെന്തൊരുൽക്കടബന്ധമോ?
അന്തിയിൽ നവചന്ദ്രികപൊഴി-
ഞ്ഞമ്പിളിക്കല വന്നിതാ
പൂത്തകാടിന്റെ പുഷ്പസങ്കല്പം
പേർത്തു മുൽഫുല്ലമാക്കയായ്!
ഇപ്രപഞ്ചം കവിഞ്ഞൊഴുകുമെൻ
ശുദ്ധരാഗത്തിൻ ബിന്ദുക്കൾ
നിഷ്ഫലം വറ്റിപ്പോവുകയെന്നോ
കഷ്ട,മീ വിരഹാഗ്നിയിൽ!
എങ്ങിരിപ്പൂ നി മാമകോത്സവ-
രംഗസംഗീത നായികേ?
വെണ്ണിലാവിനെപ്പുല്കി, മൂർച്ഛയിൽ
കണ്ണടയ്ക്കുമിക്കാടിനെ,
കാണുമ്പോഴേക്കും, നിന്നെയോർത്തെന്തോ
കേണിടുകയാണെന്മനം
മൃത്യുവിൻ മൂടൽമഞ്ഞിനപ്പുറ-
മുജ്ജ്വലിക്കും നിൻ മന്ദിരം
നോക്കിനോക്കിയലകയാണൊരു
പാഴ്ക്കിനാവിനെപ്പോലെ ഞാൻ!
മൽക്കഴൽ മുറിപ്പെട്ടിടുന്നിതീ
ദുർഗ്ഗമ വനവീഥിയിൽ.

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/18&oldid=216631" എന്ന താളിൽനിന്ന് ശേഖരിച്ചത്