Jump to content

തളിത്തൊത്തുകൾ/സാന്ത്വനമൂർത്തി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്


  സാന്ത്വനമൂർത്തി

വിവിധസന്തപ്തസ്മരണകളാലെൻ
ഹൃദയം നൊന്തു ഞാൻ കരയുമ്പോൾ
അരികിൽ, സാന്ത്വനമരുളുവാൻ ഞാനൊ-
രലിവിനെക്കാണാതുഴറുമ്പോൾ;
കൊടുനിരാശതൻ ചുടുചിതയിലെൻ
വ്രണിതമാം ജീവനെരിയുമ്പോൾ;
അമരചൈതന്യം വിതറി, യെന്നടു-
ത്തണവതാരു നീയമലാംഗീ?
അമൃതവാഹിനീ പുളകദായിനീ,
അറികയില്ല ഞാൻ ഭവതിയെ.
സ്മരണയിൽപ്പോലും നിഴലിപ്പീല നിൻ
മുഖപരിചയം ശകലവും.

മനുജസങ്കൽപപരിധിക്കുമേറെ-
യകലെയുള്ളേതോ വനികയിൽ
അരിയകൽപകലതകളെപ്പുൽകി-
പ്പുളകമേകി നീയമരുമ്പോൾ,
കനകതാരകാലിപികളിൽ ദിവ്യ-
കവനങ്ങൾ വാരി വിതറുന്നു.
കുതുകപൂർവകം ഭവതിയെക്കാണും
സുദിനം കാത്തുകാത്തവനിയിൽ,
പലനാൾ പോക്കിനേൻ പ്രഥമദർശന-
കുശലചിന്തയിൽ മുഴുകി ഞാൻ.
ഭരിതമൌനമെൻ വിഫലനൈരാശ്യ-
മെരിപൊരിക്കൊണ്ടു കഴിയവേ;
ഇരുളിലേക്കു ഞാൻ വഴുതിവീണെന്റെ
ഭുവനഭാഗ്യങ്ങൾ മറയവേ;
ഭവതിയെക്കാണാനിനിയൊരിക്കലും
കഴികയില്ലെന്നു കരുതി ഞാൻ.
പ്രകടനാതീത, സുഭഗമാകുമെൻ
പ്രണയദീപത്തിൻ കിരണങ്ങൾ
തവ മുഖത്തൊരു മൃദുലരോമാഞ്ച-
മണിയിച്ചീടിൽ ഞാൻ ചരിതാർത്ഥൻ.
അതിഥിസൽക്കാരകുതുകി ഞാനൊരു
വിഭവവും കാണാതുഴലുന്നു
ശിഥിലമായൊ, രെൻ ഹൃദയവേണുവി-
നരുതു ഗാനങ്ങൾ ചൊരിയുവാൻ
കപടലോകത്തിൻ നടുവിൽനിന്നിനി
യെവിടെയോടേണ്ടു നിഹതൻ ഞാൻ? ...

പരമാർത്ഥസ്നേഹം ഭുവനത്തിലൊരു
കണികയെങ്കിലും ലഭിയാതെ,
വരളുമിജ്ജീവനിനിയുമെത്രനാ-
ളിതുവിധം തേങ്ങിപ്പിടയണം?
ഇവിടെയൊക്കെയുമിരുളുമാത്രമാ
ണമലകാന്തി പിന്നെവിടെയോ
മനുജസഞ്ചയപദതലാങ്കിത-
മലിനമീ മണ്ണിലിതുവിധം
ഒരുപൊടിപോലുമിനിയമരുവാ-
നരുതരുതെനിക്കവശൻ ഞാൻ.

കവനമോഹിനി, ഹതനിവനെ നീ
കലിതകൌതുകം തഴുകുന്നോ
ഒഴിയുകില്ലിനിയൊരുനാളും, നീയെൻ
കരളിനേകുമിപ്പുളകങ്ങൾ.
മുകരുകെന്നെ നീ, മുകരു, കെന്നഴ-
ലഖിലവും പറന്നകലട്ടേ!

                        -18-4-1934