തളിത്തൊത്തുകൾ/മാഞ്ഞ മഴവില്ല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

   മാഞ്ഞമഴവില്ല്

നീറുന്നിതെന്മന, മയേ്യാ, നീ മായുന്നോ
നീലവാനിൻ കുളിർപ്പൊൻകിനാവേ?
തെല്ലിടകൂടിയെൻ മുന്നിലേവം ചിരി-
ച്ചുല്ലസിച്ചാൽനിനക്കെന്തു ചേതം?
കോൾമയിർക്കൊള്ളിച്ചുകൊണ്ടാത്തകൌതുകം
വാർമഴവില്ലേ, നീ വാനിലെത്തി.
ശങ്കിച്ചീലൽപവുമപ്പൊഴുതേവം നീ
സങ്കടം പിന്നെക്കൊളുത്തുമെന്നായ്!
നിന്നിൽനിന്നൂറി വഴിയുമാ നിസ്തുല-
നിർമ്മലമഞ്ജിമയിങ്കൽ മുങ്ങാൻ
താനേ വിടർന്നിതെൻ കണ്ണ, പ്പൊഴേക്കുമെ-
ന്താനന്ദമേ, നീ പറന്നൊളിച്ചോ?
അൽപനിമിഷങ്ങൾ നീയെന്റെ മുന്നിൽനി-
ന്നപ്സരസ്സെന്നപോൽനൃത്തമാടി,
കോടക്കാർമൂടിയവാനിങ്കൽ നീയൊരു
കോമളസ്വപ്നമായുല്ലസിക്കെ,
ഉദ്രസം വീർപ്പിട്ടു കല്ലോലമാലകൾ
നൃത്തമാരംഭിച്ചു വല്ലരികൾ
ഉൾക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചു
പുൽക്കൊടിപോലും ശിരസ്സുപൊക്കി!

ഞാനും വെറുമൊരു പുൽക്കൊടി-ഹാ, നിന്നെ-
ക്കാണുവാൻ ഞാനും ശിരസ്സുയർത്തി.
മന്മാനസത്തിലമൃതം പകർന്നു നീ
മന്ദിതപ്രജ്ഞയെത്തൊട്ടുണർത്തി.
എന്തുഞാനേകാനുപഹാരമായ് നിന-
ക്കെൻതപ്തബാഷ്പകണങ്ങളെന്യേ?
പോയി നീ മായയായ് മാഞ്ഞുമാ, ഞ്ഞെങ്കിലും
മായില്ലൊരിക്കലുമെന്മനസ്സിൽ! ...

                        -23-8-1933