തളിത്തൊത്തുകൾ/കാത്തിരുന്നിട്ട്
കാത്തിരുന്നിട്ട്
കാനനച്ഛായയിൽ നിന്നെയും കാ, ത്തെന്റെ
വേണുവുമായ് ഞാനിരുന്നിരുന്നു.
മാധുര്യസാരമേ, മാമകഹൃത്തിൽ നീ
രാധയായ് നിർവൃതി പെയ്തിരുന്നു.
സുന്ദരസങ്കൽപകാന്തിയിലാ വനം
വൃന്ദാവനം തന്നെയായിരുന്നു.
ഹാ, നീ നുകരുവാനൊന്നല്ലൊരായിരം
ഗാനമെന്നാത്മാവിലൂറിനിന്നു.
ചുംബനധാരകളോരോനിമിഷമെൻ
ചുണ്ടിൽ തുളുമ്പിത്തരിച്ചിരുന്നു.
ദന്തസമ്മർദ്ദത്താൽഞാനവയെ സ്വയം
നൊന്തിടുവോളം ഞെരിച്ചിരുന്നു.
അല്ലണിവേണിയിൽ ചൂടാൻ നിനക്കൊരു
മുല്ലപ്പൂമാല ഞാൻ തീർത്തിരുന്നു.
മുല്ലത്തണലിൽ നിനക്കു ഞാൻ നല്ലൊരു
പല്ലവതൽപം വിരിച്ചിരുന്നു.
നിൻ മംഗളോമൽപ്രതീക്ഷയി-
ലെന്മനം കോരിത്തരിച്ചിരുന്നു.
എന്നരികത്തു നീയെത്തുമെന്നോർത്തു ഞാ-
നെന്നെയുംകൂടി മറന്നിരുന്നു.-
ഏവ, മൊരോമൽപ്രതീക്ഷതൻ സ്വപ്നങ്ങൾ
താവി, മദ്ധ്യാഹ്നം ദിനാന്തമായി
മായികേ, നീ വന്നണയുകില്ലിന്നിനി
മാമകാത്മാവിന്നു പാട്ടുപാടാൻ
മുറ്റുമിരുളിലിപ്പാതയിലൂടിദ-
മൊറ്റയ്ക്കിനി ഞാൻ മടങ്ങിടട്ടേ
ഏകാന്തമീവനം ചെല്ലക്കിടാങ്ങളേ,
പോകുവിൻ വേഗമെന്നാടുകളേ! ...
-2-12-1932