തളിത്തൊത്തുകൾ/ആനന്ദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

 
     ആനന്ദം

ആനന്ദ, മാനന്ദം-ഞാനുമതും തമ്മിൽ-
ക്കാണിയും ക്ഷോണിയിലില്ല ബന്ധം.
അഞ്ചാറു മൺകട്ടകൂട്ടിക്കുഴച്ചെന്നെ
യൻപിൽ നിർമ്മിച്ചൊരജ്ഞാതശിൽപി,
താരകങ്ങൾക്കു കൊടുത്ത വെളിച്ചമോ
താരുകൾക്കേകിയ സൌരഭമോ,
വാനിന്റെ മാറിലെ വാർമഴവില്ലിന്റെ
വാരുറ്റവർണ്ണവിലാസവായ്പോ,
മിന്നൽക്കൊടികൾതൻ സന്നസൌന്ദര്യമോ
മഞ്ഞുനീർത്തുള്ളിതൻ മഞ്ജിമയോ,
എന്തുകൊണ്ടെന്തുകൊണ്ടേകിയി?-ല്ലെങ്കിലി-
ന്നെന്തിലും മീതേ ഞാൻ മിന്നിയേനേ! ...

ആനന്ദ, മാനന്ദം!-വിണ്മലർക്കാവിലെ-
സ്സൂനങ്ങളേന്തിടും തൂമരന്ദം!
ആയതിൽനിന്നൊരു കൊച്ചുകണികയീ
മായാന്ധമർത്ത്യന്റെ മാനസത്തിൽ,
വീണപ്പൊഴേക്കും, ഹാ, മൺമുന്നിലൊക്കെയും
കാണുന്നതുജ്ജ്വലം കാഞ്ചനാഭം.
എന്നിട്ടുമായതിൻ കാന്തിപ്പകിട്ടൽപം
പൊന്നൊളിപൂശിയില്ലെന്നിൽമാത്രം
അർക്കോദയം മുതൽക്കന്തിയാവോളവും
മൽക്കരൾ വായുവിൽകോട്ടകെട്ടി
നെഞ്ചിലെച്ചെഞ്ചുടുചോരയാൽ ഞാനതി-
വഞ്ചിതചിത്രങ്ങളാരചിച്ചേൻ,
എന്നിട്ടുമല്ലിലെനിക്കു ലഭിച്ചതീ-
ക്കണ്ണീർക്കണങ്ങളും വീർപ്പുകളും!

ആനന്ദ, മാനന്ദം-മൂന്നക്ഷരമതെൻ
മാനസഗന്ഥത്തിൽ മാഞ്ഞുപോയി.
ഇത്രനാളദ്ധ്യായമോരോന്നതിൽ പഠി-
ച്ചെത്രവേഗത്തിൽ ഞാനാളുമാറി!
കാണ്മതില്ലിന്നുമാക്കമ്രപദം മാത്രം
കാലച്ചിതൽ തിന്നതായിരിക്കാം!
കാരിരുമ്പല്ലെൻ കരൾക്കാമ്പു, പിന്നതീ-
ക്കാളുന്ന ചെന്തീയിൽ നീറിയാലോ! ...

ആനന്ദ, മാനന്ദം!-അല്ലെങ്കി, ലാരിന്ന-
ഗ്ഗാനസുധാമൃതമാസ്വദിപ്പൂ?
പൂങ്കാവനക്കുയിൽ നിത്യം പുലരിയിൽ
തേങ്കുളിർക്കാകളി ചെയ്തിടുമ്പോൾ,
ചെന്തളിർത്തേങ്കുടിച്ചത്യന്തമത്തരായ്
വണ്ടിണനീളെ മുരണ്ടിടുമ്പോൾ,
മുറ്റത്തെമുല്ലകൾ മൊട്ടിട്ടുചുറ്റിലും
മുറ്റും സുഗന്ധം തളിച്ചിടുമ്പോൾ,
നാണത്തിൻ മൂടുപടമണിഞ്ഞെത്തിത്തൻ-
നായിക പുഞ്ചിരി തൂകിടുമ്പോൾ,
മുന്തിരിച്ചാർത്തിൻ ലഹരിയിൽ മേളിച്ചു
ചിന്തകൾ മത്തടിച്ചാർത്തിടുമ്പോൾ,
ആനന്ദ, മാനന്ദം!-മാനവമാനസം
വാനോളം വാഴ്ത്തുന്നു വീതബോധം.
എങ്കിലും വേഗം മടുത്തുപോം സർവ്വവും
സങ്കടം മാത്രമേ തങ്ങിനിൽക്കൂ.
സങ്കൽപം മാത്രമാണാനന്ദം!-ചിത്തത്തിൽ

തങ്കുവതയ്യോ വിഷാദം മാത്രം! ...

                        -29-9-1932.

"https://ml.wikisource.org/w/index.php?title=തളിത്തൊത്തുകൾ/ആനന്ദം&oldid=36512" എന്ന താളിൽനിന്ന് ശേഖരിച്ചത്