ഞാനെന്റെ നാഥനാമേശു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഞാനെന്റെ നാഥനാമേശു

രചന:എം.ഇ. ചെറിയാൻ
       ചരണങ്ങൾ 

 
ഞാനെന്റെ നാഥനാമേശുവോടുകൂടെ
ആനന്ദമായെന്നും വാണിടുമേ
ഇഹലോകദുരിതങ്ങളഖിലം മറന്നിടും
സകലസന്തോഷവും കൈവന്നിടും

എനിക്കായി കുരിശിൽ വച്ചുറക്കെ കരഞ്ഞൊരു
തിരുമുഖം ഞാനന്നു കണ്ടിടുമെ
ഇരുമ്പാണികളാലേറ്റ മുറിവോടു കൂടിയ
തിരുകൈകാൽകൾ മോദാൽ മുത്തിടുമേ

യൂദന്മാർ നിന്ദിച്ചു ക്രൂശിച്ച നാഥനെ
ദൂതന്മാർ വന്ദിച്ചു നിന്നിടുമ്പോൾ
അഗതികളാമവന്നനുഗാമികൾ തന്റെ
അരികിൽ നിന്നതിമോദം പൂണ്ടിടുമേ

ഉടലിതു വെടിഞ്ഞെന്നാലുടനെ ക്രിസ്തേശുവി-
ന്നടുത്തണഞ്ഞിടുമതു നിർണ്ണയമേ
അതിന്നായിട്ടതിയായി കൊതിയോടിക്ഷിതി തന്നിൽ
സ്ഥിതിചെയ്യും മൃതിയോളമതിമോദമേ.

"https://ml.wikisource.org/w/index.php?title=ഞാനെന്റെ_നാഥനാമേശു&oldid=216945" എന്ന താളിൽനിന്ന് ശേഖരിച്ചത്