Jump to content

ചൂഡാമണി/ശാന്തിയുടെ രശ്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ചിന്തകളൊക്കെയും ചെന്തളിർ ചൂടുമാ-
റന്തികത്തെത്തി നീ വാസന്തമഞ്ജിമേ!
നിൻ പദസ്പർശം തൃണാഗങ്ങളിൽ, പുഷ്പ-
സമ്പത്തുവാരിവിതറുന്നു നീളവേ.
വിണ്ണിൽ പുലർകാലശുദ്ധിയുടലാർന്നു
വന്നിടുമ്പോലുല്ലസിപ്പു നീയുജ്ജ്വലേ!
താവകദർശനമാത്രയിൽ ജീവനിൽ
താവുകയാണു ശാന്തിയും കാന്തിയും
നിൻ കൈവിരൽത്തുമ്പിളകിൽ പറന്നുപോം
പങ്കിലത്വത്തിന്റെ പാഴ്നിഴൽപ്പാടുകൾ!
ഏതുഗാർഹസ്ഥ്യത്തെ വൈകുണ്ഠമാക്കുവാൻ
ഭൂതലത്തിങ്കൽ നീയെത്തി, ദേവാംഗനേ?
ചിത്തക്ഷതങ്ങൾ തലോടിയുണക്കുവാൻ
പ്രത്യക്ഷമായോരനുഭൂതിയല്ലി നീ!
വിട്ടുമാറാതെ നിന്നാർദ്രാനനത്തിനെ-
ക്കെട്ടിപ്പിടിപ്പൂ പരിവേഷരശ്മികൾ!
മന്ദോഷ്ണതയുംവെളിച്ചവും വീശുന്ന
സുന്ദരത്വത്തിൻ നിരവദ്യചിഹ്നമേ!
ഏതഭൌമോൽക്കടനിർവ്വാണപൂർത്തിതൻ
പ്രാതിനിദ്ധ്യംവഹിച്ചിങ്ങു വന്നെത്തി നീ?
ഇസ്സുപ്രഭാതവും നിന്റെ സാന്നിദ്ധ്യവും.
മത്സ്മൃതിക്കുത്സവമാകാവു നിത്യവും.
ലോകപാപത്തിൻ തിമിരമകറ്റുവാൻ
പോക നീ, ശന്തിതൻ പൊന്നിൻ കിരണമേ!

                           -നവംബർ 1938