Jump to content

ചൂഡാമണി/വിരാമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കർഷണങ്ങൾ വിടർന്നുനിൽക്കുന്നൊരെ-
ന്നാനന്ദചിന്തതന്നാരാമ വീഥിയിൽ,
നന്മയിൽ നിന്മണിവീണയും മീട്ടിനീ
നർമ്മവിഹാരത്തിനെത്താത്തതെന്തിനി?
ഇപ്പരിവർത്തനസായന്തഭതൻ
സ്വപ്നചിത്രം സ്വയം മാഞ്ഞുപോം മോഹിനീ!
നീളെ നിവർത്തിവിരിക്കും തമസ്സിന്റെ
നീലനിചോളം നിരാശാനിശീഥിനി,
പോയിക്കഴിഞ്ഞാൽ കഴിഞ്ഞു സമസ്തവും
മായികമാണത്രേ, പോരൂ മനോഹരീ!
ആവർത്തനത്തിനിടയില്ല-കാലമാം
പൂവിന്ദളങ്ങ്ല് കൊഴിവൂ തെരുതെരെ!

നല്ലകാലങ്ങളാം നീലക്കുയിലുക-
ളുല്ലസൽപഞ്ചമം പാടിപ്പറന്നുപോയ്,
ചിന്താവസന്തത്തളിരൊക്കെ വാടി, നാ-
മെന്തി,നിനിയുമമാന്തിപ്പതിങ്ങനെ?
കാശ്മീരയൌവനം പാണ്ഡുരവാർദ്ധക്യ-
വേശ്മത്തിലെത്തും;-ശ്മശാനം ചിരിച്ചിടും.
സങ്കടം ജീവിതം-പോട്ടേ, കുറച്ചിട-
യെങ്കിലും പുഞ്ചിരിക്കൊണ്ടു, കൃതാർത്ഥർ നാം!
വേദനിക്കുന്ന മനസ്സുമായ് നിന്റെയീ
വേർപാടുമാത്രം സഹിക്കാവതല്ലമേ!
എന്തിനു, സങ്കടത്തിന്നേ വഴിയുള്ളു
ചിന്തിക്കിൽ-വേണ്ട, വിരാമമാണുത്തമം!

                             -ഒക്റ്റോബർ 1938

"https://ml.wikisource.org/w/index.php?title=ചൂഡാമണി/വിരാമം&oldid=36440" എന്ന താളിൽനിന്ന് ശേഖരിച്ചത്