Jump to content

ചൂഡാമണി/നൈരാശ്യത്തിൽ നിന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ലോകമേ വെറും ഭിക്ഷുവെപ്പോലെന്നെ-
"പ്പാക, പോക' യെന്നാട്ടിയോടിച്ചു നീ!
ഒന്നു വിശ്രമിച്ചീടുവാൻ കൂടിയും
തരുന്നതില്ലയെനിക്കു നീ സമ്മതം.
ജീവിതത്തിൻ തെരുവിലവശനാ-
യാ വെയിലത്തലഞ്ഞുനടന്നു ഞാൻ!
അന്തിമാരുണനായിരം രശ്മികൾ
ചിന്തി,യെന്നെത്തഴുകുന്നവേളയിൽ;
ചന്ദ്രലേഖ കിളർ, ന്നെന്റെ മേനിയിൽ
ചന്ദനച്ചാറു പൂശുന്നവാളയിൽ;
നീ കുശലം തിരക്കി വരുന്നുവോ
നീതിയില്ലാത്ത നിഷ്ഠൂരലോകമേ?
പോക പോ, കെനിക്കാവശ്യമില്ല, നീ-
യേകുവാൻ നീട്ടു, മിക്കീർത്തിമുദ്രകൾ!

                             -ഡിസംബർ 1939