Jump to content

ചൂഡാമണി/ആത്മഗീതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിയതിയാം നിമ്നഗതൻ കരയിൽ
നിമിഷ നീർപ്പോളകളെണ്ണിയെണ്ണി
നിരുപമാകാര, ഞാൻ നിന്നെ നോക്കി
നിരവധി നാളുകൾ പാഴിലാക്കി!

അനുരാഗലോലയാമെന്നെയെത്ര
കനകപ്രഭാതങ്ങൾ വന്നു പുൽകി!
അനഘസായാഹ്നങ്ങളെത്രയെന്നി-
ലനുകമ്പതൂകിപ്പിരിഞ്ഞുപോയി!
അവരാരുമോർത്തില്ല, മൽപ്രണയ-
മടവിയിൽവീഴും നിലാവല്ലെന്നായ്.

രജതദീപങ്ങൾ കൊളുത്തിയെത്തി
രജനികളെൻ മുന്നിൽ നൃത്തമാടി,
അവശഞാ, നൽപമൊന്നാശ്വസിക്കാ-
നവരെല്ലാമേറെ ശ്രമിച്ചുനോക്കി.
സുലളിതഗാത്ര, നിൻ മാർത്തടത്തിൽ
തലചാച്ചുറങ്ങുവാനാകുമെങ്കിൽ
പരിപൂർണ്ണ ശാന്തി ലഭിക്കുമെന്ന
പരമാർത്ഥം, ഞാനല്ലാതാരറിയും?

മൃദുലസങ്കൽപസുമങ്ങളാലേ
ഹൃദയേശ, ഞാനോരോ മാലകെട്ടി,
മിഴിനീരിൽ മുക്കി നിനക്കുനിത്യം
തൊഴുകൈയോടർപ്പണം ചെയ്തുനിൽക്കേ
പരമാനന്ദാബ്ധിക്കടിയിലോളം
തെരുതെരെ ഞാനിതാ താഴുന്നല്ലോ!
അറിയാറില്ലപ്പൊഴുതൽപവു, മെൻ
മുറിവുകളേകിടും വേദന ഞാൻ.

നിഴലും വെളിച്ചവും മാറിമാറി
നിഴലിക്കും ജീവിതദർപ്പണം, നീ,
സദയം തിരിച്ചൊന്നു വാങ്ങുമെങ്കിൽ
മുദിതയായ് പിന്നെ ഞാൻ വാണുകൊള്ളാം!
ഇതു ഭദ്രമിത്രനാൾ കാത്തതിനെൻ
പ്രതിഫലം നിൻ മൃദുമന്ദഹാസം.
പരിപൂർണ്ണതയിലേക്കാത്തമോദം
വിരമിക്കാൻ, വെമ്പിഞാൻ നിൽപൂ നാഥ!
വെടിയല്ലേ നീയെന്നെ;-ഞാനിതിന്നായ്
ചുടുകണ്ണീരെത്രനാൾ തൂകിയില്ല!

അനവദ്യസൌന്ദര്യധാരമേ, നി-
ന്നനുരാഗം കീർത്തിപ്പാനുത്സുകയായ്,
തരള ഞാനോരോ തണലുതേടി
മുരളിയുമേന്തിയലഞ്ഞുപോയി.
തരിവളച്ചാർത്തു കിലുങ്ങിക്കേൽക്കെ-
ത്തവ തോളിൽ കൈകോർത്തുനിന്നിനി ഞാൻ,
ഭുവനരഹസ്യങ്ങളോരോന്നായ് നിൻ
ചെവിയിൽ പറഞ്ഞു കരഞ്ഞിടട്ടേ!

ഒരു പഞ്ജരത്തിനകത്തുപെട്ടു
ചിറകടിച്ചാർത്തിടും പക്ഷിയേപ്പോൽ
പരതന്ത്ര ഞാനേറെ വീർപ്പുമുട്ടി
പരവശയായിക്കഴിച്ചുകൂട്ടി.

മണിമേഘമാലകൾ നീലവാനിൽ
മഴവില്ലിൻ ചുംബനമേറ്റുനിൽക്കേ;
കരഗതമാകാത്തൊരെന്തിനോ, ഞാൻ
കരൾ തകർന്നാശ്വസിച്ചു നിശ്വസിച്ചു.
മധുകരാലാപപ്രശംസിനിയായ്
മധുമാസസുന്ദരി വന്നനാളിൽ,
നിരഘചൈതന്യമേ, നിൻ കുശലം
ഭരിതജിഞാസം തിരക്കി ഞാനും!
ഒരു കൊച്ചുപൂമ്പാറ്റപൊങ്ങിപ്പൊങ്ങി-
സ്സുരപഥസൂനങ്ങളുമ്മവെയ്ക്കിൽ,
ശരി; നിൻ മടിയിലിരുന്നു പാടാൻ
തരമാകുമെന്നു, ഞാൻ വിശ്വസിച്ചു.
കനിവിന്നുറവേ, നീയിങ്ങുവന്നെൻ
കരപുടം ചുംബിച്ചു നിൽക്കുകെന്നോ!
കളിയല്ലിതെങ്ങനെ, നാഥ, ഞാനി-
പ്പുളകോദ്ഗമത്തെത്തടഞ്ഞുനിർത്തും?

മഹനീയ ശാന്തിതൻ പൊൻകതിരേ,
മമ ഭാഗധേയ വിലാസവായ്പ്പേ!
മരുഭൂവാമീലോകജീവിതത്തിൻ
മസൃണമധുരസശാദ്വലമേ!
മരണമേ!-നിന്നെ, ഞാനിത്രനാളു-
മിരുളിലിരുന്നു ഭജിച്ചിരുന്നു.

                             -നവംബർ 1933

"https://ml.wikisource.org/w/index.php?title=ചൂഡാമണി/ആത്മഗീതം&oldid=36437" എന്ന താളിൽനിന്ന് ശേഖരിച്ചത്