ചാണക്യസൂത്രം (കിളിപ്പാട്ട്)/നാലാം പാദം
ദൃശ്യരൂപം
(ചാണക്യസൂത്രം - കിളിപ്പാട്ട്/നാലാം പാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ശുകതരുണിസാദരം സുശീലഗുണഭാസുരം
- തവമധുരഭാഷണം ഹൃദയം സുഖപൂരണം 1
- മഹിതനയദോഹനം സകലജനമോഹനം
- സർവ്വമോദാവഹം സർവ്വശോകാപഹം 2
- പലവുമിതിചിത്രമായ് കേട്ടുവെന്നാകിലും
- പലവുമിഹപിന്നെയും കേൾപ്പതിന്നാശയാം 3
- പലരുമിതിനുണ്ടെടോ പലവഴിയിലായഹൊ
- ഫലമധുസിതാദിയുമ്പലവുമുപഭോജ്യതാം 4
- കഥയിതുമുഷിച്ചിലില്ലായ്കകൊണ്ടാശുനീ
- കഥയകഥയാദരാലിക്കഥാശേഷവും 5
- കിളിമകളുമതുപൊഴുതുതെളിവിനൊടുചൊല്ലിനാൾ
- കൌതുകമുൾക്കൊണ്ടു കേൾപ്പിനെല്ലാവരും 6
- നയനിപുണനായ ചാണക്യമഹീസുരൻ
- നന്മയിൽ മൌര്യനെക്കാത്തിരിക്കും വിധൌ 7
- മന്നവൻ മൌര്യനെ സ്നേഹമുള്ളോർകളു-
- മിന്നവരില്ലാത്തവർകളെന്നുള്ളതും 8
- നന്നായറിവതിന്നാശുചാണക്യനും
- മുന്നമയച്ച നിപുണകനെന്നവൻ 9
- യമപടവുമായവൻ വേഷം തിരിഞ്ഞുകൊ-
- ണ്ടമിതമയഭക്തിപൂണ്ടെല്ലാമറിഞ്ഞവൻ 10
- അതിനിപുണനഥനിപുണകനുമുഴറിവന്നുട-
- നാര്യചാണക്യനെക്കൂപ്പിനിന്നീടിനാൻ 11
- നിപുണകനൊടതു പൊഴുതുകനിവിനൊടുചൊല്ലിനാൻ
- നീതിമാനായുള്ള ചാണക്യഭൂസുരൻ 12
- അയിസുമുഖചൊല്ലുചൊല്ലഖിലജനവൃത്തവു-
- മാകവെമൌര്യനെസ്നേഹിച്ചിതൊജനം 13
- നയമുടയനിപുണകനുമഥതൊഴുതുചൊല്ലിനാൻ
- നാഥാപുനരതിനെന്തൊരുസംശയം 14
- അഖിലനരപതികൾ കുലമകുടമണിമൌര്യനോ-
- ടാരും വിപരീതമായില്ലകേവലം 15
- മൂന്നുപുരുഷരല്ലാതാരുമില്ലിവർ
- മൂന്നുപേരും പിന്നെ രാക്ഷസൻ തന്നുടെ16
- ബന്ധുക്കളായവർ പണ്ടുമവർകൾക്കു
- മന്ത്രിപ്രവരനെക്കൂറുണ്ടറിഞ്ഞാലും 17
- മൌര്യനാം മന്നവൻ തന്നുടെ ശൌര്യവും
- വീര്യവും ശ്രീയും പ്രതാപവും കേളിയും 18
- ഒട്ടും സഹിക്കുന്നതല്ലിവർ മൂവർക്കു-
- മിഷ്ടമില്ലായ്കയ്ക്കവധിയില്ലേതുമെ 19
- തദനുനിപുണകവചനമിങ്ങിനെ കേട്ടുടൻ
- ദ്വിജവരനുമുത്തരം കോപിച്ചു ചൊല്ലിനാൻ 20
- അവർകളിഹമൂവരും ജീവിച്ചിരിക്കയി-
- ല്ലവനിയിലതിന്നിനിസംശയമില്ലെടൊ 21
- നയനിപുണഗുണസദനചൊല്ലവർനാമവും
- നിപുണകനുമിങ്ങിനെ കേട്ടുചൊല്ലീടിനാൻ 22
- അവർകളുടെ നാമവും ചൊല്ലിത്തരുന്നതു-
- ണ്ടാമോദമുൾക്കൊണ്ടു കേട്ടുകൊൾകഭവാൻ 23
- മന്ത്രിപ്രവരനു സന്തതം ബന്ധുവാം
- മാന്ത്രികശ്രേഷ്ഠൻ ക്ഷപണകനെന്നവൻ 24
- നമ്മുടെ ബന്ധുവാം പർവ്വതരാജനെ
- നിർമ്മരിയാദമൊടുക്കുവാൻ പണ്ടിവൻ 25
- ദുർമ്മന്ത്രവാദാൽ വിഷനാരിതന്നെയും
- ദുർമ്മതിനിർമ്മിച്ചതെന്നറിഞ്ഞീടുക 26
- ചാണക്യനപ്പോളതുകേട്ടനേരത്തു
- മാനിച്ചിതേറ്റവുമിന്ദ്രശർമ്മാവിനെ 27
- നന്നുനന്നെത്രയുമിന്ദ്രശർമ്മാവെന്നു
- പിന്നയും പിന്നയുമോർത്തുസന്തോഷിച്ചാൻ 28
- “രണ്ടാമതാരെ”ന്നവനോടു തന്നുള്ളിൽ
- ഉണ്ടായരോഷ്ണ ചൊല്ലിനാൻ ചാണക്യൻ 29
- ശങ്കവെടിഞ്ഞവനും പറഞ്ഞീടിനാൻ
- “എങ്കിലോരാക്ഷസാമാത്യനുനിത്യവും 30
- ഇഷ്ടനായുള്ള ശകടദാസാഖ്യനാം
- ദുഷ്ടനായുള്ള കാര്യസ്ഥനറിഞ്ഞാലും 31
- ചന്ദ്രഗുപ്തൻ തന്നെ നിഗ്രഹിച്ചീടുവാൻ
- മന്ത്രിപ്രവരൻ നിയോഗിച്ചവർകളെ 32
- സന്തതം രക്ഷിച്ചിരിക്കുന്നിതുമവൻ
- അന്തരമില്ലശകടദാസൻ ഖലൻ” 33
- എന്നതുകേട്ടോരു മന്ദഹാസം പൂണ്ടു
- തന്നുള്ളിലേവം നിരൂപിച്ചു ചാണക്യൻ 34
- “എത്രയും ബുദ്ധിമാനായുള്ള നമ്മുടെ
- സിദ്ധാർത്ഥകനെഞാൻ ഗൂഢമായ്കല്പിച്ചു 35
- കാര്യസ്ഥനായ ശകടദാസന്നവൻ
- മായത്തിലുള്ളൊരു മിത്രമായ് വാഴുന്നു” 36
- പിന്നെയും ചൊന്നാൻ നിപുണകൻ തന്നോടു
- “മൂന്നാമവൻ പുനരാരെന്നു ചൊല്ലുനീ” 37
- എന്നതുകേട്ടവൻ പിന്നെയും ചൊല്ലിനാൻ
- “ധന്യമതേ പറഞ്ഞീടുവൻ കേട്ടാലും 38
- രാക്ഷസാമാത്യനു രണ്ടാമതുള്ളൊരു
- സാക്ഷാൽ ഹൃദയമായ് തന്നേമരുവുന്ന 39
- പുഷ്പരചത്വരമായനഗരത്തിൽ
- ഇപ്പോൾ മണികാരശ്രേഷ്ഠനായ്‌വാഴുന്ന 40
- ചന്ദനദാസനാകുന്നതറിഞ്ഞാലും
- നിന്ദനമ്മോടവനോളമില്ലാർക്കുമേ 41
- രാക്ഷസൻ തന്റെ കളത്രത്തെയുമവൻ
- രക്ഷിച്ചുകൊണ്ടിരിക്കുന്നുമഹാമതേ 42
- മന്ത്രിപ്രവരൻ പുറപ്പെട്ടുപോയനാൾ
- ചന്ദനദാസനാം ചെട്ടി മരുവുന്ന 43
- മന്ദിരേകൊണ്ടുപോയ്‌വെച്ചിതുനിർണ്ണയം
- ചന്തമായ്തന്റെ കുഡുംബങ്ങളൊക്കവേ” 44
- ചണകസുതനിതി നിപുണകോക്തികൾ കേട്ടഥ
- ചന്തത്തിൽ മാനസേ ചിന്തിച്ചിതന്നേരം 45
- മന്ത്രികുലോത്തമനാകിയരാക്ഷസൻ
- ചന്ദനദാസങ്കലിന്നുകളത്രത്തെ 46
- വെച്ചിരിക്കുന്നതുമോർത്തുകാണുന്നേരം
- നിശ്ചയമായ്‌വരുമില്ലൊരുസംശയം 47
- തന്നോടു തുല്യരായുള്ള ജനങ്ങളിൽ
- തന്നേവലിയവർ ചേർന്നിരിപ്പൂ ദൃഢം 48
- ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ പുന-
- രുത്തരമായവൻ തന്നോടുചൊല്ലിനാൻ 49
- “ചന്ദനദാസനായുള്ളവൻ തന്നുടെ
- മന്ദിരത്തിങ്കലമാത്യ്കളത്രത്തെ 50
- വെച്ചിരിക്കുന്നുവെന്നുള്ളതിന്റെഒരു
- നിശ്ചയം നികലുണ്ടായതുമെങ്ങിനേ” 51
- ചണകസുതവചനമിതി കേട്ടോരനന്തരം
- ചാതുര്യമോടവൻ തന്നോടുരചെയ്താൻ 52
- “അഖിലനയസദന! കനിവോടതിൻ നിശ്ചയം
- അംഗുലീയമിതുകണ്ടാൽ വരുമല്ലോ” 53
- സഖലുപുനരംഗുലീമുദ്രയെടുത്തുടൻ
- സാദരം ചാണക്യനു കൊടുത്തീടിനാൻ 54
- അംഗുലീമുദ്രയെടുത്തുചാണക്യനും
- തൻ കരതാരിൽ പിടിച്ചുനോക്കുന്നേരം 55
- ശിക്ഷയുണ്ടതിൻ മേലങ്ങെഴുതീട്ടു
- ‘രാക്ഷസൻ’ എന്നൊരു നാമവുമാദരാൽ 56
- സന്തോഷമുൾക്കൊണ്ടു ചാണക്യനന്നേരം
- ചിന്തിച്ചതെൻ കയ്യിൽ വന്നിതു രാക്ഷസൻ 57
- കൌടില്യഭൂസുരനിങ്ങിനേകല്പിച്ചു
- കേടുതീർത്തേവമവനോടുരചെയ്താൻ 58
- “വിരുതുടയനീയുമിന്നംഗുലീയാഗമം
- വിരവിനൊടു ചൊല്ലെടോ നന്നുനന്നെത്രയും” 59
- അഥനിപുണകാഖ്യനും ചാണക്യവിപ്രനോ-
- ടതിനിപുണമായ്പറഞ്ഞീടിനാനിങ്ങിനേ 60
- “ഗുണമുടയചണകസുതവിപ്രചൂഡാമണേ
- കേട്ടുകൊണ്ടാലും തെളിഞ്ഞതു ചൊല്ലുവൻ 61
- തവവചനമഴകിനൊടു കൈക്കൊണ്ടുപോയ ഞാൻ
- താനേയമപടംവായിച്ചുനീളവേ 62
- ഒരുകപടവേഷനായ് സഞ്ചരിക്കുന്ന നാൾ
- ഒരുദിവസമാകിലച്ചന്ദനദാസനാം 63
- നഗരമണികാരനാം ചെട്ടിതൻ വീട്ടിലും
- തിറമൊടുടനവിടെവിടകൊണ്ടെന്നറിഞ്ഞാലും 64
- യമപടവുമഴകിനൊടു തത്രനിവർത്തി ഞാൻ
- യമകഥകളൊക്കെവായിക്കും ദശാന്തരേ 65
- അതികുതുകമുൾക്കൊണ്ടകത്തുനിന്നെത്രയും
- അഞ്ചുവയസ്സായൊരഭകന്മോഹനൻ 66
- മണ്ടിവരുന്നോരുനേരമകത്തുനി-
- ന്നുണ്ടായിതിങ്ങിനേയുള്ള കോലാഹലം 67
- അയ്യോ! കിടാവിനെച്ചെന്നുപിടിക്കേണം
- പൊയ്യല്ലതിന്നൊരാപത്തുവരുമെന്നും 68
- ഉണ്ണിപുറത്തുപോകാതെയെന്നുംചില-
- പെണ്ണുങ്ങൾ തങ്ങളിൽ മന്ദം പറകയും 69
- കണ്ടിതന്നേരമൊരുസുന്ദരാംഗിതാൻ
- മണ്ടിവന്നാശു വാതിൽ മറഞ്ഞിട്ടവൾ 70
- കോമളമായുള്ള കൈകൊണ്ടുബാലനെ
- കാമനീഗാഢം പിടിച്ചിഴയ്ക്കുംവിധൌ 71
- ബാലനുതം കുറഞ്ഞീടിനാനന്നേരം
- നീലവിലോചനാഗാഢം പിടിപെട്ടാൾ 72
- അപ്പോൾ പുരുഷൻ വിരൽക്കു പാകത്തിനായ്
- ശില്പമായ്ത്തീർത്തുള്ളൊരംഗുലീമുദ്രിക 73
- കന്നൽ മിഴിയുടെ കൈവിരൽ മേൽ നിന്നു
- തിണ്ണമഴിഞ്ഞു നിലത്തുവീണും പോയി 74
- ഏതുമറിഞ്ഞീലവളതുമെന്നുടെ
- പാദത്തിനോളമുരുണ്ടുവന്നുബലാൽ 75
- ഞാനതുകാലിൻ ചുവട്ടിലാക്കിപ്പുന-
- രൂനം വരാതെയെടുത്തുകൊണ്ടീടിനേൻ 76
- രാക്ഷസനെന്നതിന്മേലെഴുതീടിനോ-
- രക്ഷരങ്ങൾ കണ്ടു വിസ്മയിച്ചേറ്റവും 77
- ഞാനതും കൊണ്ടുമണ്ടിപ്പോന്നുവന്നുടൻ
- മാനമോടാശുഭവാനുനൽകീടിനേൻ 78
- അംഗുലീമുദ്രലഭിച്ചപ്രകാരവും
- ഇങ്ങിനേയുള്ളൊന്നറികമഹാമതേ” 79
- ചണകസുതനിങ്ങിനെ ചരനിപുണകോക്തികൾ
- പരിചിനൊടു കേട്ടുടൻ തെളിവിനൊടു ചൊല്ലിനാൻ 80
- “നന്നുനന്നെത്രയും നിന്നുടെ സാമർത്ഥ്യ-
- മിന്നിതിനേതുമേ സംശയമില്ലെടോ” 81
- എന്നുപറഞ്ഞുടൻ മൌര്യനെക്കൊണ്ടഥ
- മിന്നുന്നകാതിലകൈവളപട്ടുകൾ 82
- ഇത്തരമൊക്കെക്കൊടുപ്പിച്ചിതാദരാൽ
- ഉത്തമനായ നിപുണകനന്നേരം 83
- അക്കാലമിങ്ങിനെചാണക്യഭൂസുരൻ
- ഉൾക്കാമ്പിലോർത്തുകണ്ടാൻ മഹാബുദ്ധിമാൻ 84
- പർവ്വതരാജനുള്ളാഭരണങ്ങളെ
- സർവ്വതഃ രാക്ഷസാമാത്യനു വിൽക്കേണം 85
- ഇത്ഥം നിരൂപിച്ചു കല്പിച്ചു ചാണക്യൻ
- ഉത്തമരായ വിഭാവസുവാദിയാം 86
- മൂന്നുപേർ വിപ്രരെച്ചൊല്ലിവിട്ടാശുതാൻ
- മന്നവനാം ചന്ദ്രഗുപ്തതനെക്കൊണ്ടഥ 87
- മൂന്നാഭരണങ്ങളും കൊടുപ്പിച്ചവൻ
- പിന്നേയവർകളോടിങ്ങിനേ ചൊല്ലിനാൻ 88
- “ഇക്കഥനിങ്ങൾ മറച്ചമാത്യേന്ദ്രനു
- വില്ക്കേണമാഭരണങ്ങളിവമൂന്നും” 89
- “അങ്ങിനേതന്നെയൊരന്തരമെന്നിയേ
- ഞങ്ങളിതുകൊണ്ടു ചെന്നു മന്ത്രീന്ദ്രനു 90
- വിൽക്കുന്നതുണ്ടെ”ന്നുര ചെയ്തുയാത്രയും
- വെക്കമറിയിച്ചു പോയാരവർകളും 91
- ഇത്ഥം മഹീസുരന്മാരെ പറഞ്ഞയ-
- ച്ചുത്തമനായുള്ള ചാണക്യനക്കാലം 92
- പൌരജനങ്ങൾ പറഞ്ഞുകേട്ടീടിനാൻ
- “ഘോരനാം മ്ലേച്ഛരാജൻ പടക്കൂട്ടത്തിൽ 93
- അഞ്ചുപേർ സേനാധിനായകരുണ്ടുപോൽ
- ചഞ്ചലമെന്നിയേ രാക്ഷസനോടവർ 94
- ചേർന്നുമരുവുന്നതിക്കാലമേറ്റവും
- ഉന്നതനായുള്ള താലൂകരാജനാം 95
- ചിത്രവർമ്മാവും, മലയനൃപനായ
- ശത്രുവിദ്ധ്വംസനൻ സിംഹനാദൻ താനും 96
- ഗ്രീഷ്മസമാനൻ പ്രതിയോഗികൾക്കൊരു
- കാശ്മീരനായുള്ള പുഷ്കരാക്ഷൻ താനും 97
- സിന്ധുനിവാസിയായുള്ള ശകാധിപൻ
- സിന്ധുഷണാഖ്യനായുള്ളൊരു വീരനും 98
- പാരസീകന്മാർക്കു നാഥനായുള്ളൊരു
- ഘോരപരാക്രമമുള്ള മേലാങ്കനും” 99
- ഇത്ഥം ചരന്മാർ പറഞ്ഞറിഞ്ഞീടിനോ-
- രുത്തമൻ ചാണക്യനിത്തരം ചിന്തിച്ചാൻ 100
- വ്യാജമായോരു കുറിയെഴിതിച്ചുഞാൻ
- രാജപ്രവരരാം ചിത്രവർമ്മാദിയെ 101
- മ്ലേച്ഛനാലിന്നു കൊടുപ്പിച്ചമാത്യനെ
- നിശ്ചയം ദൂരെക്കളയിപ്പനേഷുഞാൻ” 102
- ഇത്ഥം നിരൂപിച്ചു വിഷ്ണുഗുപ്തൻ ചെന്നു
- സത്വരം പണ്ടു ശകടദാസൻ പക്കൽ 103
- മിത്രമായ് താൻ പറഞ്ഞാക്കി മരുവുന്ന
- സിദ്ധാർത്ഥകനായ രാജപുരുഷനെ 104
- മന്ദമരികേ വിളിച്ചതിഗൂഢമായ്
- മന്ദഹാസം പൂണ്ടവനോടുചൊല്ലിനാൻ 105
- “ധന്യമതേ ഗുണവാരിധേ കേളെടോ
- നിന്നുടെ ബുദ്ധിവിലാസങ്ങൾകൊണ്ടിനി 106
- വേണ്ടുന്ന കാര്യങ്ങളെ നമുക്കുള്ളുവെ-
- ന്നുണ്ടാകവേണം സുമുഖനിൻ മാനസേ 107
- മുമ്പിനാൽ വേണ്ടതു ചൊല്ലിത്തരുവൻ ഞാൻ
- കമ്പം വരാതെ ശകടനെക്കൊണ്ടുനീ 108
- ചെന്നൊരു ലേഖയെഴുതിക്കയും വേണം
- ഇന്നതുവാചകമെന്നുചൊല്ലിത്തരാം 109
- “ആരാനുമേതാനുമൊന്നുണ്ടൊരുത്തനു
- നേരേ കൊടുത്തയച്ചുവിട്ടിട്ടെ”ന്നും 110
- “ഊഹ്യംസ്വയംവാച്യ”മെന്നുമതിൽ വേണം
- ബാഹ്യനാമങ്ങളെഴുതുകയും വേണ്ട 111
- ഇത്തരമക്ഷരങ്ങൾകൊണ്ടു സാമ്പ്രതം
- വ്യക്തമല്ലാതൊരു ലേഖയെഴുതിച്ചു 112
- ലേഖയും കൊണ്ടു കനിവോടിവിടേക്കു
- വേഗമുൾക്കൊണ്ടുവരികയും വേണം നീ 113
- ഞാനിതുചൊന്നതെന്നുള്ളതുചൊല്ലുകിൽ
- ഊനം വളരേവരുമെന്നറിഞ്ഞാലും 114
- എന്നതുകൊണ്ടുനീ നന്നായ്മറച്ചുനീ
- ചെന്നുമുറിയുമെഴുതിച്ചുകൊണ്ടുവാ” 115
- അങ്ങിനേതന്നെയതെന്നുരചെയ്തവൻ
- ഇങ്ങിനേ വിപ്രൻ പറഞ്ഞവണ്ണം തന്നേ 116
- കാര്യസ്ഥനായശകടനെക്കൊണ്ടൊരു-
- പായം പറഞ്ഞവൻ പത്രമെഴുതിച്ചു 117
- വിരവിനൊടു ചണകതനയാലയം പ്രാപിച്ചു
- വാചികപത്രികയും കൊടുത്തീടിനാൻ 118
- വാചകം നോക്കി ചണകതനയനും
- വായിച്ചവനോടു പിന്നെയും ചൊല്ലിനാൻ 119
- “രാക്ഷസാമാത്യനുള്ളംഗുലീമുദ്രയെ
- ശിക്ഷയിൽ വെച്ചിതിനൊപ്പുമിടുകനീ” 120
- ഇത്ഥമുരചെയ്തു മുദ്രയും പത്രവും
- സിദ്ധാർത്ഥകൻ പക്കലാശുനൽകീടിനാൻ 121
- ചണകസുതവചനമിതുകേട്ടു സിദ്ധാർത്ഥകൻ
- ഛലവിഹിതപത്രത്തിലൊപ്പുമിട്ടീടിനാൻ 122
- സുവിനയമൊടവനുമഥചാണക്യവിപ്രനെ
- സാദരം വന്ദിച്ചു ചൊല്ലിനാനിങ്ങിനെ 123
- “എന്തിനി ഞാനൊന്നു വേണ്ടുവെന്നുള്ളതും
- അന്തരമെന്നിയരുൾ ചെയ്ക സാമ്പ്രതം” 124
- അതുപൊഴുതുചാണക്യവിപ്രനും ചൊല്ലിനാൻ
- “അതിവിരുതനായ നീയൊന്നുണ്ടുവേണ്ടതും 125
- മുദ്രയാമുദ്രിതം പത്രവും മുദ്രയും
- ഭദ്രനീകൈക്കൊണ്ടുടനെപ്പുറപ്പെട്ടു 126
- മുന്നം ശകടദാസൻ തന്നെക്കൊല്ലുവാൻ
- തിണ്ണമരക്കുകയറിട്ടുകൊണ്ടുപോയ് 127
- ചാതുര്യമോടുകഴുവേറ്റുവാനഥ
- ഘാതുകന്മാർ തുടങ്ങീടും ദശാന്തരേ 128
- ക്രൂരനായ് ഘാതുകന്മാരോടണഞ്ഞുനീ
- ഘോരങ്ങളായ വചനങ്ങൾ ചൊല്ലേണം 129
- ഘാതുകന്മാരതു നേരമെല്ലാവരും
- ഭീതിയും വ്യാജേന പൂണ്ടുമണ്ടും വിധൌ 130
- കലിതമുദമഥശകടദാസനെസ്സാദരം
- കുലനിലമതിങ്കന്നു വേർപെടുത്താശുനീ 131
- സന്തോഷമുൾക്കൊണ്ടവനെയും കൊണ്ടുപോയ്
- മന്ത്രിപ്രവരനെച്ചെന്നു സേവിക്കെടോ 132
- അതുപൊഴുതിലഥ ശകടദാസനെക്കാത്തതി-
- ന്നാഭിമുഖ്യത്തോടു കൂടവേ രാക്ഷസൻ 133
- വല്ലതുമൊന്നു നിനക്കു സമ്മാനിക്കു-
- മില്ലൊരു സംശയമെന്നാലതും വാങ്ങി134
- മുദ്രയും പിന്നെക്കൊടുത്തമാത്യേന്ദ്രനു
- ഭദ്രമായ്പ്പിന്നെനീ സേവിക്കയും വേണം 135
- പടവരവുതുടരുമളവഥവഴിയിൽനിന്നുനീ
- പരിചിനൊടു പർവ്വത പുത്രനായ്പത്രവും 136
- കാട്ടിക്കൊടുക്കാപുനരവൻ നിന്നോടു
- മുട്ടിച്ചുനിർബ്ബന്ധമാശുചെയ്യുംവിധൌ 137
- വാചകം നന്നായ്പറഞ്ഞറിയിച്ചുനീ
- സാചിവ്യമുള്ളൊരു രാക്ഷസാമാത്യനെ 138
- മ്ലേച്ഛനെക്കൊണ്ടുപേക്ഷിപ്പിച്ചു സത്വരം
- നിശ്ചലചിത്തനായ്പോന്നു കളകനീ” 139
- ചണകസുതനിവപലതുമവനൊടുപേക്ഷിച്ചു
- ചഞ്ചലമെന്നിയെ മുദ്രയും പത്രവും 140
- കലിതമുദമതി ചതുരനായ സിദ്ധാർത്ഥകൻ
- കരമതിലവൻ കൊടുത്തിങ്ങിനെ ചൊല്ലിനാൻ 141
- “അയിസുമുഖകാര്യവും സാധിച്ചുനീയുമി-
- ന്നഴകിനൊടുപോരികെ” ന്നാശിയും ചൊല്ലിനാൻ 142
- അഥചണകസുത ചരണവന്ദനം ചെയ്തവൻ
- അതിമുദിതനായ് നടന്നീടിനാനന്നേരം 143
- നയനിപുണമതി ചണകതനയനുമനന്തരം
- നീതിമാനാകും ക്ഷപണകൻ തന്നെയും 144
- നിജനികടഭുവി വിരവിനോടുവിളിച്ചവൻ
- “നമ്മുടെ ശത്രുവാം രാക്ഷസൻ തന്നെയും 145
- ഉന്നതനാം മ്ലേച്ഛരാജനെത്തന്നെയും
- ചെന്നുനീതങ്ങളിൽ ഭേദം വരുത്തുക” 146
- എന്നുപദേശിച്ചവനോടു ഗൂഢമായ്
- പിന്നെയവൻ കാലപാശികൻ തന്നെയും 147
- ഉന്നതനാം ദണ്ഡാപ്പാശികൻ തന്നെയും
- തിണ്ണം വിളിച്ചുകോപിച്ചു ചൊല്ലീടിനാൻ 148
- “ക്ഷിതിപതികൾ മകുടമണിമൌര്യൻ പറകയാൽ
- ക്ഷപണകനെയും ക്ഷണാലാട്ടിക്കളയണം 149
- നമ്മുടെ ബന്ധുവാം പർവ്വതരാജനെ
- ദുർമ്മന്ത്രിയായവൻ കൊന്നതറിഞ്ഞാലും 150
- ഝടിതിപുനരപിശകടദാസനെത്തന്നെയും
- ചായില്യമിട്ട കഴുവിന്മേലേറ്റുവിൻ 151
- ശകടനിഹരാക്ഷസാമാത്യൻ പറകയാൽ
- ചന്ദ്രഗുപ്തൻ തന്നെക്കൊന്നൊടുക്കീടുവാൻ 152
- ചിലരിവിടെ മരുവുമവർകൾക്കവൻ നിത്യവും
- ചിലവിനു കൊടുക്കുന്നതുണ്ടെന്നുനിർണ്ണയം 153
- അവർകളതുകേട്ടുടൻ ക്ഷപണകനെയും ക്ഷണാൽ
- പ്രഹരമതുകൂട്ടിനാൻ ഭയമൊടവനോടിനാൻ 154
- അഥശകടദാസനെഝടിതിപിടിപെട്ടവ-
- രതികുപിതരായുടൻ കയറരയിലട്ടഹൊ 155
- കൊലകരുതിയാശുതെകൊലനിലമതിങ്കല-
- ങ്ങഴകിനൊടു വെച്ചപോതതികുപിതനായ്തദാ 156
- അതുലബലഘാതകാനാട്ടിക്കളഞ്ഞുട-
- നഥശകടദാസനെത്തത്ര സിദ്ധാർത്ഥകൻ 157
- കനിവിനൊടുപാലിച്ചു കൊണ്ടവനോടുമായ്
- പരിചിനൊടുപോയിതെരാക്ഷസം വീക്ഷിതും 158
- നീതിമാനാകിയ വിഷ്ണുഗുപ്തനൊരു
- ദൂതനെപ്പിന്നെ വിളിച്ചു ചൊല്ലീടിനാൻ 159
- “ചന്ദനദാസനാം ചെട്ടിപ്രവരനെ
- മന്ദമല്ലാതിങ്ങു കൂട്ടിനീകൊണ്ടുവാ” 160
- ചണകസുതവചനമിതി കേട്ടുവന്ദിച്ചവൻ
- ചന്ദനദാസന്റെ മന്ദിരം പുക്കുടൻ 161
- ചെട്ടിക്കുലശ്രേഷ്ഠനെക്കണ്ടുചൊല്ലിനാൻ
- ശ്രേഷ്ഠകുലോത്ഭവ ശ്രേഷ്ഠന്റെ ശാസനാൽ 162
- “ശ്രേഷ്ടിപ്രവര! ധനപതെ! ഭൂസുര”
- ശ്രേഷ്ഠനായുള്ള ചാണക്യനയച്ചുഞാൻ 163
- വന്നെൻ ഭവാനെയും കൊണ്ടങ്ങു ചെല്ലുവാൻ
- തിണ്ണം പുറപ്പെട്ടുപോരികയും വേണം” 164
- എന്നതുകേട്ടൊരു ചന്ദനദാസനും
- നിന്നുവിചാരം തുടങ്ങിനാനിങ്ങിനെ 165
- “അയ്യോ! മഹാപാപി, ചാണക്യനെന്തൊന്നു
- പയ്യവെകല്പിച്ചിരിക്കുന്നതീശ്വരാ! 166
- ചാണക്യനെന്നു കേട്ടീടുന്നനേരത്തു
- താനറിയാതെ നടുങ്ങുമെല്ലാവരും 167
- ഇത്രകൃപയുമില്ലാതവരെമറ്റു
- ധാത്രിയിലെങ്ങുമെ കണ്ടിട്ടുമില്ല ഞാൻ 168
- ഏതുമൊരുപിഴചെയ്യാതവർകൾക്കു-
- മാതങ്കമുണ്ടഹൊ ചാണക്യവിപ്രനെ 169
- ഏറ്റമപരാധമുള്ളൊരിനിക്കിഹ
- മുറ്റും പൊറുതിയില്ലതെ വരുമല്ലൊ 170
- എന്നുവന്നാലിന്നമാത്യകളത്രത്തെ
- തിണ്ണമിവിടെന്നു വാങ്ങിച്ചുകൊണ്ടുഞാൻ 171
- ചെന്നുകണ്ടീടുവാനാര്യചാണക്യനെ
- പിന്നെയമാത്യകളത്രത്തെയുമവൻ 172
- എന്നൊടുകൊണ്ടുവരികെന്നുചൊല്ലുമ്പോൾ
- എന്നുമിനിക്കു കൊടുത്തുകൂടാദൃഢം 173
- ആളയച്ചന്നേരമാശുചാണക്യനും
- നീളെത്തിരയിക്കുമെന്റെഗൃഹത്തിങ്കൽ 174
- കണ്ടീലയെന്നു വരുന്നോരനന്തരം
- ഉണ്ടാവതെല്ലാമനുഭവിക്കേയുള്ളു 175
- വിശ്വാസവഞ്ചനം ചെയ്താലമാത്യനു-
- മീശ്വരനും വിപരീതമായ്‌വന്നുപോം 176
- എന്നെഭരവുമേല്പിച്ചിഹരാക്ഷസൻ
- തന്നുടെ പുത്രകളത്രാദികളെയും 177
- എന്നുടെ മന്ദിരത്തിങ്കലാക്കിടിനാ-
- ലെന്നാലിനിക്കിതു രക്ഷിക്കയും വേണം 178
- ഇന്നിതുകൊണ്ടുവരുന്നതനുഭവി-
- ക്കെന്നു വന്നൂ മറ്റൊരാവതില്ലേതുമെ” 179
- ഇത്ഥം നിരൂപിച്ചു കല്പിച്ചു തന്നുടെ
- ഭൃത്യനായുള്ള ധനദാസനോടവൻ 180
- “തെറ്റെന്നമാത്യകളത്രമിവിടുന്നു
- മറ്റൊരേടത്താശു കൊണ്ടുപോയീടു നീ” 181
- ഇത്ഥം ധനദാസനോടു പറഞ്ഞവ-
- നത്യന്തമാഭകലർന്ന രത്നങ്ങളും 182
- പട്ടുകളാഭരണങ്ങൾ സുവർണ്ണങ്ങൾ
- പെട്ടികളിൽ നിറച്ചമ്പൊടെടുപ്പിച്ചു 183
- ചന്ദനദാസൻ പുറപ്പെട്ടു ഭൂപാല
- മന്ദിരഗോപുരെ ചെന്നുനിന്നീടിനാൻ 184
- ചണകസുതനൊടു തദനുദൂതനും ചൊല്ലിനാൻ
- “ചന്ദനദാസൻ വിടകൊണ്ടുപാർക്കുന്നു” 185
- എന്നതുകേട്ടു ചണകതനൂജനും
- ചെന്നതുമന്നവൻ തന്നോടു ചൊല്ലിനാൻ 186
- “ചോദ്യമവനോടു ചെയ്യേണ്ടതും ഭവാ-
- നാദ്യം മറ്റാരിനിക്കെ”ന്നിതുമൌര്യനും 187
- രാജനിയോഗവും കൈക്കൊണ്ടവനഥ
- രാജപുരുഷനോടിങ്ങിനെ ചൊല്ലിനാൻ 188
- “ചന്ദനദാസനോടിങ്ങു വരാമെന്നു
- ചെന്നുപറകനീ”യെന്നതു കേട്ടവൻ 189
- ചെന്നു പറഞ്ഞാനതു കേട്ടവൻ താനും
- മന്ദമന്ദമകം പുക്കാൻ വിനീതനായ് 190
- അവനിസുരവരനെയവനാശുകുമ്പിട്ടുതാ-
- നാചാരവും ചെയ്തു വാങ്ങിനിന്നീടിനാൻ 191
- ഉചിതമതിനഥസഖലുചണകസുതനാദരാൽ
- മാനിച്ചവനോടു മെല്ലവേചൊല്ലിനാൻ 192
- “ചന്ദനദാസ! നിന്നെക്കണ്ടിനിക്കൊരാ-
- നന്ദം വരുവതു ചൊല്ലാവതല്ലെടോ 193
- കഷ്ടം നടന്നു വലഞ്ഞിതെല്ലൊഭാവാ-
- നൊട്ടുമേവൈകാതിരിക്ക പലകമേൽ” 194
- സമ്മാനവാക്കുകൾ കേട്ടവൻ ചൊല്ലിനാൻ
- “ധർമ്മമല്ലാത്തതരുൾ ചെയ്യരുതല്ലോ 195
- ഇപ്പൊളനുചിതമായുള്ള സമ്മാന-
- മിപ്പരിഷക്കിന്നു പാർത്തുകാണുന്നേരം 196
- ദുഃഖത്തിനുള്ളതുതന്നെ നിരൂപിക്കിൽ
- ഒക്കെയറിഞ്ഞരുന്നിതല്ലോ ഭവാൻ 197
- ഞാനീനിലത്തിരുന്നീടെന്നരുൾ ചെയ്കി-
- ലൂനം വരാതെ നിന്നീടണമാവൊളം 198
- വൈശിഷ്ട്യമുള്ള ഭവാനരുൾ ചെയ്കിലു-
- മൌചിത്യമായതേ ചെയ്തുകൂടൂ ദൃഢം” 199
- “ഞങ്ങളോടൊപ്പമിരിപ്പാൻ ഭവാനിപ്പോ-
- ളെങ്ങുമൊരു കുറവില്ലെന്നറിഞ്ഞാലും 200
- തന്നപലകമേലേറിയിരിപ്പതി-
- നിന്നുമടിയായ്ക”യെന്നു ചാണക്യനും 201
- കഷ്ടമിക്കശ്മലനൊന്നുണ്ടുകണ്ടിട്ടു-
- മൊട്ടുമെന്നോടു ഫലിക്കയില്ലെന്നവൻ 202
- കല്പിച്ചിരുന്നാൻ നിലത്തുതന്നെപുന-
- രപ്പോളുരചെയ്തു കൌടില്യവിപ്രനും 203
- “ശ്രേഷ്ഠിപ്രവര! ധനപതേ! സാമ്പ്രതം
- ശ്രേഷ്ഠനായുള്ള ഭവാനു വിശേഷിച്ചു 204
- വാണിഭങ്ങൾക്കു കുശലമൊസന്തതം
- നാണിയത്തോടു ലാഭങ്ങൾ വരുന്നിതൊ” 205
- “ആര്യനായുള്ള ഭവാന്റെ ഗുണം കൊണ്ടു
- കാര്യങ്ങൾ വാണിഭങ്ങൾക്കുണ്ടിതുകാലം” 206
- “ചന്ദ്രഗുപ്തൻ നരപാലകനാകയാൽ
- നന്ദനരവരന്മാരാമവർകളെ 207
- ഖേദാൽ നിരൂപിച്ചു പീഡയുണ്ടോ തദാ
- മേദിനി തന്നിൽ പ്രജകളിലാർക്കാനും” 208
- ചന്ദനദാസനതുകേട്ടുകർണ്ണങ്ങൾ
- നന്നായ്ക്കരംകൊണ്ടു പൊത്തിനിന്നീടിനാൻ 209
- “നല്ലനാം മൌര്യൻ നരപതിയാകയാൽ
- ചൊല്ലാവതല്ലൊരു കൌതുകമെല്ലാർക്കും 210
- പൌർണ്ണമാസിക്കുദിച്ചീടുന്ന ചന്ദ്രനും
- പൂർണ്ണഗുണമുള്ള ചന്ദ്രഗുപ്തൻ താനും 211
- ഏതും വിശേഷമില്ലി പ്രജകൾക്കിഹ
- പെയ്തൊരാനന്ദം നിറയുന്നതേയുള്ളു” 212
- “രാജഗുണത്താൽ പ്രജകൾക്കു സന്തോഷ-
- മാശയത്തിങ്കലുണ്ടെങ്കിലിതുകാലം 213
- എല്ലാവരും നരപാലകനായ്ക്കൊണ്ടു
- വല്ലതുമിഷ്ടമായുള്ളതു ചെയ്യണം” 214
- മോദമുൾക്കൊണ്ടിഹ ചന്ദനദാസനും
- മേദിനിദേവനോടിങ്ങിനെ ചൊല്ലിനാൻ 215
- “എന്തൊന്നു ഞാനിന്നു ചെയ്യേണ്ടതെന്നുള്ള
- തന്തരം കൂടാതരുൾ ചെയ്കയും വേണം 216
- അർത്ഥമേതാനും നൃപനുനൽകീടുവാ-
- നെത്രവേണമെന്നരുൾ ചെയ്തുകൊള്ളുക” 217
- ചാണക്യനുമതുകേട്ടുസഹിയാതെ
- മാനിച്ചവനോടു പിന്നെയും ചൊല്ലിനാൻ 218
- “ചന്ദനദാസ! നീയൊന്നു ധരിക്കണം
- ചന്ദ്രഗുപ്തൻ തന്റെ രാജ്യമിതോർക്കനീ 219
- നന്ദരാജ്യമെന്നൊരു നിനവുണ്ടെങ്കി-
- ലിന്നുതന്നെയതുദൂരക്കളകനീ 220
- നന്ദനൃപന്മാർക്കൊരർത്ഥാഗ്രഹമുള്ള-
- തിന്നുമൌര്യൻ തനിക്കില്ലെന്നറിഞ്ഞാലും 221
- അർത്ഥലാഭംകൊണ്ടു സന്തോഷവും പുന-
- രിത്രയുമില്ലാമുരാപൌത്രനുമെടോ 222
- ചന്ദ്രഗുപ്തനിപ്രജകൾക്കുനിത്യമാ-
- നന്ദമുണ്ടെങ്കിൽ പ്രിയമതെന്നോർക്കനീ” 223
- ചന്ദനദാസനും ചൊന്നാനതുനേരം
- “ചന്ദ്രഗുപ്തൻ മഹാരജനത്രെ ദൃഢം 224
- അർത്ഥമല്ലാതെയെന്തൊന്നാൽ നൃപനിന്നു
- ചിത്തമോദം വരുത്തേണ്ടതിഹവയം” 225
- ശ്രേഷ്ഠകുലോത്തമൻ ചൊന്നതുകേട്ടുടൻ
- ശ്രേഷ്ഠനാം ചാണക്യനിത്തരം ചൊല്ലിനാൻ 226
- “രാജാവിനോടു വിപരീതമായാരു-
- മാചരിച്ചീടായ്കിലേറ്റം പ്രിയമെടൊ” 227
- “യാതൊരുത്തൻ നൃപനോടു വിരുദ്ധമായ്
- നീതിശാസ്ത്രാംബുധെ കാട്ടുന്നതുമിപ്പോൾ”? 228
- ശങ്ക കൂടാതെ പറഞ്ഞുതരുവൻ ഞാൻ
- “എങ്കിൽ നീ തന്നെയതെന്നു ധരിച്ചാലും” 229
- അയ്യോ ശിവ! ശിവ! ഞാനൊദയാനിധെ!
- പൊയ്യെ പറയും ചിലർക്കു കാണായ്കയാൽ 230
- ഇന്നു തൃണങ്ങൾ പിണങ്ങുമൊവഹ്നിയോ-
- ടെന്നുള്ളതും ഭവാനോർത്തരുളെണമെ” 231
- “എങ്കിലതും തുടങ്ങീ പുനരിക്കാലം
- സങ്കടമില്ലതു കൊണ്ടിങ്ങറിഞ്ഞാലും 232
- മൌര്യനാം ഭൂപതി തന്നോടിതുകാലം
- വൈരം നടിച്ചിരിക്കുന്നോരമാത്യന്റെ 233
- പുത്രകളത്രാദികളെയും നീ തവ
- പത്തനെവെച്ചുരക്ഷിക്കുന്നതില്ലയൊ?” 234
- “പൊയ്യായ വാക്കുകളേവം ഭവാനോടു
- മെയ്യെ പറഞ്ഞതാരിക്കാലമീശ്വര!“ 235
- ഭൂപാലവീരരോടേതാനുമൊന്നുകൊ-
- ണ്ടാപത്തകപ്പെട്ടുപണ്ടുമോരൊജനം 236
- നാട്ടിലെങ്ങാനുമിപ്പൌരജനത്തിന്റെ
- വീട്ടിലവരുടെ സമ്മതം കൂടാതെ 237
- കൊണ്ടുംപോയ്ത്തന്റെ കുഡുംബത്തെയും വെച്ചു
- മണ്ടിമറുനാടുതേടുമറികനീ 238
- എന്നാലതിനെമറയ്ക്കുമാറില്ലാരും
- നിന്നെയൊഴിച്ചു ധരണിയിൽ നിർണ്ണയം” 239
- “അങ്ങിനെ കേട്ടതു നേരുതന്നെപുന-
- രെങ്ങുമതിന്നൊരുവാട്ടമില്ലേതുമെ 240
- മന്ത്രിപ്രവരൻപുറപ്പെട്ടുപോയനാ-
- ളന്തിക്കവൻ പുനരെന്റെ ഗൃഹത്തിങ്കൽ 241
- കൊണ്ടുവന്നാക്കി കളത്രത്തെയും പിന്നെ
- ക്കൊണ്ടുപോയാനുദിക്കുന്നതിനുമുന്നമെ” 242
- “മുമ്പിൽ പറഞ്ഞു നീയില്ലെന്നതുതന്നെ
- പിന്നെപ്പറഞ്ഞതുണെന്നതുമെങ്ങിനെ? 243
- വാക്കിനു തങ്ങളിൽ ചേർച്ചയില്ലേതുമെ
- ഭോഷ്കുപറഞ്ഞാൽ മടങ്ങുകയില്ലെടോ 244
- നേരുകേടായിപ്പറയുന്നനേരവും
- ചേരുന്നതെപറഞ്ഞാൽ നിരപ്പൂദൃഢം” 245
- നേരുകേടേതും പറഞ്ഞീല ഞാനിന്നു
- നേരൊഴിഞ്ഞേതുമിനിക്കില്ല നിർണ്ണയം “ 246
- “ചന്ദനദാസ! ഞാൻ ചൊന്നതു കേൾക്ക നീ
- എന്തിനോരോ തരം വ്യാജം തുടങ്ങുന്നു? 247
- മന്ത്രിപ്രവരന്റെ ഭാര്യയെ നൽകുക
- ചന്ദ്രഗുപ്താവനീനാഥനായ്ക്കൊണ്ടെടൊ!“ 248
- “ആര്യചാണക്യ! മഹീസുരരത്നമെ!
- മൌര്യാമഹീപതിക്കുകൊടുത്തീടുവാൻ 249
- രാക്ഷസാമാത്യകളത്രമെന്മന്ദിരെ
- സൂക്ഷിച്ചുവെച്ചിരിക്കുന്നതുമില്ല ഞാൻ 250
- അന്നക്കലശലിൽ കൊണ്ടുവന്നീടിനാൻ
- പിന്നെപ്പുലർകാലെക്കൊണ്ടുപോയീടിനാൻ” 251
- “എങ്കിലെവിടേക്കു കൊണ്ടുപോയാനെന്നു
- ശങ്കാവിഹീനം പറകയും വേണം നീ” 252
- “എങ്ങുപോയെന്നതും ഞാനറിഞ്ഞീലേതു-
- മെങ്ങിനെ ഞാനറിയുന്നു ദയാനിധെ!“ 253
- ചന്ദനദാസനോടാശുചാണക്യനും
- മന്ദഹാസം പൂണ്ടു പിന്നെയും ചൊല്ലിനാൻ 254
- “ചന്ദനദാസനീനല്ലതിനല്ലകേ-
- ളിന്നുതുടങ്ങുന്നതെന്നുമറിഞ്ഞാലും 255
- ഏതുമൊന്നുമറിയുന്നതില്ലേ ഭവാൻ?
- ചേത്സി നന്നായ് നിരൂപിച്ചു ചൊല്ലുനീ 256
- ആപത്തുവന്നു തലയിൽ കരേറിയാ-
- ലാവതെന്തെന്നു വിചാരിക്കയും വേണം 257
- നന്ദനൃപന്മാരെ ഞാനെന്നതുപോലെ
- ചന്ദ്രഗുപ്തൻ തന്നെ രാക്ഷസാമാത്യനും 258
- നാശം വരുത്തുമെന്നുണ്ടുനിനക്കുമൊ-
- രാശപുനരതുസാധിക്കയില്ലെടൊ 259
- നയവിപുലബലമുടയവർകളായുള്ളതു
- നക്രനാസാദികളാകുന്ന മന്ത്രികൾ 260
- തെളിവിനൊടു ധരണിപതി നന്ദനനുള്ളനാൾ
- തിറമൊടിഹലക്ഷ്മിയെക്കെട്ടിനിർത്തീടിനാർ 261
- അക്കെട്ടഴിച്ചു ഞാൻ മൌര്യതനയങ്കൽ
- നിൽക്കട്ടെയെന്നുറപ്പിച്ചു കെട്ടീടിനേൻ 262
- ഇക്കെട്ടഴിച്ചു കെട്ടീടുവാൻ പാരിതി-
- ലിക്കണ്ടവരാരുമില്ലെന്നറിഞ്ഞാലും 263
- ദ്വിരദവരരുധിരകണസേകശോണാഭയാൽ
- തെളിവിനൊടുസന്ധ്യക്കരുണയായ്മിന്നുന്ന 264
- ശിശിരകരമഹിതകലയെന്നപോലെയൊരു
- സിംഹവദനത്തിലുള്ളൊരു ദംഷ്ട്രയെ 265
- പരിചൊടുപറിച്ചുകൊണ്ടിങ്ങു പോന്നീടുവാൻ
- പാരതിലേവൻ നിനെക്കുന്നതോർക്കനീ” 266
- വിവിധമിതികേട്ടുടൻ ശ്രേഷ്ഠിപ്രവരനും
- വിഗതഭയമിങ്ങിനേ ചിന്തചെയ്തീടിനാൻ 267
- “പലവിരുതുവാക്കിനുണ്ടെന്നുവരികിലും
- ഫലമിനിയറിഞ്ഞുകൊള്ളാമെന്നതെവേണ്ടൂ” 268
- അഗ്രകുലൊത്തമനാകിയചാണക്യ-
- നുഗ്രമായ്പിന്നെയും ചൊല്ലിനാനിങ്ങിനെ 269
- “ശ്രേഷ്ഠികുലശ്രേഷ്ഠകേട്ടാലുമെങ്കിൽ നീ
- കാട്ടുന്നദുർന്നയം കൊണ്ടുള്ളനുഭവം 270
- ദുഷ്ടൻ ക്ഷപണകൻ ചെയ്ത ദോഷം കൊണ്ടു
- നാട്ടീന്നുപോയതു കേട്ടില്ലയൊഭവാൻ 271
- പിന്നെ ശകടദാസൻ ചെയ്ത ദോഷത്താൽ
- ചെന്നവൻ കാലപുരിപുക്കിരിക്കുന്നു 272
- ചന്ദ്രഗുപ്തൻ മഹാരാജനിതുകാലം
- ചന്ദനദാസനിൻ ശാഠ്യകർമ്മങ്ങളെ 273
- ഒട്ടും സഹിക്കയില്ലെന്നുവന്നാൽ ഭവാൻ
- കഷ്ടമാം ദണ്ഡമനുഭവിക്കുമെല്ലൊ 274
- എന്നതുകൊണ്ടു നിനക്കു ഞാൻ ബന്ധുവായ്
- ചൊന്നതു കേൾക്ക നല്ലൂ തവ നിർണ്ണയം 275
- കാൽക്ഷണം വൈകാതെ രാജാജ്ഞയാഭവാൻ
- രാക്ഷസൻ തന്റെ കളത്രത്തേയും നൽകി 276
- ചിത്രമായുള്ള രാജപ്രസാദങ്ങളും
- എത്രയും നന്നായനുഭവിച്ചീടെടൊ” 277
- ഉള്ളതേ തന്നുകൂടൂ മമനിർണ്ണയം
- ഇല്ലാത്തതെങ്ങിനെ നൽകുന്നു ഞാനഹൊ 278
- “ഇല്ലയൊരാക്ഷസൻ തന്റെ കളത്രത്തെ
- ചൊല്ലുനീവെച്ചു രക്ഷിക്കുന്നതില്ലയൊ 279
- നിന്റെ കളത്രത്തെയും പ്രാണനെയുമാ-
- രാന്റെകളത്രത്തെക്കൊണ്ടുതടുത്തുനീ 280
- കാത്തുകൊണ്ടീടുവാനാവിർഭവിക്കനിൻ
- ചിത്തത്തിലെന്നെഗുണംവരൂനിർണ്ണയം” 281
- “ഭീഷണമായുള്ള വാക്കുകളെന്തിനു
- ദോഷവിഹീനനാമെന്നോടുചൊല്ലുന്നു 282
- സത്യമമാത്യകളത്രമെൻ പത്തനെ
- നിത്യവും വെച്ചു രക്ഷിച്ചുകൊള്ളുന്നുഞാൻ 283
- എന്നും തരികയുമില്ലെന്നു നിർണ്ണയം
- എന്നാൽ വരുത്തുവതൊക്കെ വരുത്തുക 284
- ഇല്ലെന്നു നൂറുരു ചൊല്ലിയാലും പുന-
- രില്ലവിശ്വാസമെന്നാലെന്തുചെയ്‌വതും” 285
- “ഇത്തൊഴിൽ താവകം നന്നല്ല നിർണ്ണയം
- ചിത്തത്തിൽ നിശ്ചയം വന്നിതൊ ചൊല്ലുനീ” 286
- “നന്നായുറച്ചിളകാതൊരു നിശ്ചയം
- വന്നുകിടക്കുന്നിതില്ലൊരു സംശയം “ 287
- ഇത്തരം സാമദാനാദികൾ കൊണ്ടവൻ
- ചിത്തമിളകാതെ കണ്ടു ചാണക്യനും 288
- എത്രയും ചന്ദനദാസനെ മാനിച്ചു
- ചിത്രമിവൻ തൊഴിലെന്നു നിരൂപിച്ചാൻ 289
- പിന്നെയും ശ്രേഷ്ഠിവരനൊടുചൊല്ലിനാൻ
- നിർണ്ണയം നന്നായി വന്നിതൊ മാനസെ?” 290
- എന്നു ചാണക്യൻ പറഞ്ഞോരനന്തരം
- “നിർണ്ണയം വന്നിതെ”ന്നാൻ മണികാരനും 291
- അതികുപിതനായുടൻ ചാണക്യവിപ്രനു-
- മസിലതയുലച്ചു നിന്നിങ്ങിനെ ചൊല്ലിനാൻ 292
- “ഝടിതിതവഗളതല മറുപ്പനിന്നേഷുഞാൻ
- ചന്ദ്രഗുപ്താവനീശാജ്ഞയാദുർമ്മതെ 293
- ഖലവണിജ! ശഠഹൃദയ! സാമ്പ്രതം നിന്നെയും
- കാത്തുകൊണ്ടീടുമോ രാക്ഷസൻ വന്നിപ്പോൾ 294
- വാളുമെടുത്തു കോപിച്ചു ചാണക്യനും
- ചീളെന്നു പാഞ്ഞു വരുന്നതു കണ്ടഥ 295
- ചന്ദനദാസനും ചഞ്ചലം കൂടാതെ
- മന്ദഹാസം കലർന്നിങ്ങിനെ ചൊല്ലിനാൻ 296
- “ഏതുമൊരുഭയമില്ലമമഭവാൻ
- ചാതുര്യമോടു തലയറുത്തീടുക 297
- എന്നുടെ കണ്ഠവുമങ്ങുള്ളവാളുമാ-
- യൊന്നിച്ചുവന്നാൽ മടിക്കേണമോ പിന്നെ 298
- ആരുമിഹവന്നു കൈപിടിപ്പാനില്ല
- നേരേ തലയിതാ വെട്ടീടുക ഭവാൻ” 299
- ചന്ദനദാസനീവണ്ണം പറഞ്ഞപ്പോൾ
- മന്ദിച്ചുവാങ്ങിനിന്നാൻ ചണകാത്മജൻ 300
- ഉൾക്കരളിൽ കിളരുന്നോരു കോപേന
- ചിക്കനെച്ചാണക്യവിപ്രകുലോത്തമൻ 301
- അക്കാലപാശികൻ തന്നെയുമന്നേരം
- മൂർഖനാകും ദണ്ഡപാശികൻ തന്നെയും 302
- ചന്തമോടാശുവിളിച്ചീടിനാനഥ
- കുന്തവുമേന്തിപ്പിടിച്ചവരും വന്നാർ 303
- “അന്ധനായ്മന്ത്രിക്കു ബന്ധുവായീടുന്ന
- ചന്ദനദാസനായുള്ളോരിവനെയും 304
- ബന്ധിച്ചിവന്റെ കളത്രപുത്രാദിയും
- ബന്ധുക്കളായവനുള്ള ജനത്തെയും 305
- കൊണ്ടുചെന്നന്ധതാമിസ്രാസമാനമാം
- കുണ്ടറതന്നിലിട്ടീടുക വൈകാതെ 306
- എന്നല്ലിവനുള്ള ഭണ്ഡാരമൊക്കവെ
- തിണ്ണ കവർന്നിങ്ങുകൊണ്ടുപോന്നീടുക 307
- ചന്ദ്രഗുപ്തൻ നൃപനിങ്ങിനെ കല്പിച്ചു
- ചന്ദനദാസനോടെന്നറിഞ്ഞീടുവിൻ” 308
- ചണകസുതവചനമഥകുടുമയൊടു കേട്ടോരു
- ചന്ദനദാസനുമന്തരാചിന്തിച്ചാൻ 309
- “സുഹൃദിമമകരുണപുനരേറ്റമുണ്ടാകയാൽ
- സർവ്വസ്വഹാനിവരികെന്നതും വന്നൂ 310
- ബന്ധുനിമിത്തം വരുന്ന വിപത്തുകൾ
- സന്തതമൊക്കെസ്സഹിക്കെന്നതേവരൂ” 311
- എന്നുനിരൂപിച്ചുനിൽക്കുന്നനേരത്തു
- ചെന്നുപിടിച്ചിതുചന്ദനദാസനെ 312
- കാലാന്തകോപന്മാരായ് മരുവുന്ന
- കാലപാശാഖ്യനും ദണ്ഡപാശാഖ്യനും 313
- കാലും കരവും വരിഞ്ഞവൻ തന്നുടെ
- കാലദോഷത്താലവർകളിരുവരും 314
- പുത്രകളത്രാദികളോടുകൂടിയ-
- ങ്ങെത്രയും ഭീഷണമായിപ്പറഞ്ഞവർ 315
- കണ്ടകപാഷാണസഞ്ചിതമായുള്ള
- കുണ്ടറ തന്നിൽ പിടിച്ചു തള്ളീടിനാർ 316
- വാതിലും പിന്നെയമച്ചുപൂട്ടീടിനാൻ
- ഭീതിപൂണ്ടയ്യൊവിധിബലമെന്നോർത്തു 317
- ചേതസിവന്നോരഴൽ പൂണ്ടവർകളും
- ആതുരന്മാരായതിൽ കിടന്നീടിനാർ 318
- പിന്നെയവർകളും മറ്റുള്ളവരുമായ്
- ചന്ദനദാസന്റെ വീട്ടിലകം പുക്കു 319
- അറ്റമില്ലാതോളമുള്ള നിധികളും
- അറ്റമില്ലാതുള്ളൊരാഭരണങ്ങളും 320
- വൈഡൂര്യപത്മരാഗേന്ദ്രനീലാദിയാം
- വൈശിഷ്ട്യമുള്ള രത്നങ്ങൾ നിറച്ചുള്ള 321
- രത്നകുംഭങ്ങളവധികൂടാതെയും
- രത്നം പതിച്ചുള്ള ഛത്രഗണങ്ങളും 322
- സ്വർണ്ണങ്ങൾ കണ്ടിക്കണക്കിൽ നിർമ്മിച്ചുള്ള-
- തെണ്ണമില്ലാതോളമെന്നേപറയാവു 323
- പട്ടുകളോരോതരം നിറച്ചീടുന്ന
- പെട്ടികളുമോലപ്പെട്ടിപാത്രങ്ങളും 324
- ഒക്കവെകുത്തിക്കവർന്നുകൊണ്ടന്നവർ
- വെക്കം നൃപനുടെ മുമ്പിൽ വെച്ചീടിനാർ 325
- ചന്ദനദാസനുള്ളർത്ഥമെപ്പേരുമെ
- ചന്ദ്രഗുപ്തൻ തനിക്കായോരനന്തരം 326
- സന്തോഷമുൾക്കൊണ്ടു കൌടില്യവിപ്രനും
- അന്തക്കരണത്തിലിങ്ങിനെ ചിന്തിച്ചാൻ 327
- “രാക്ഷസാമാത്യനെച്ചൊല്ലിയിവനിന്നു-
- പേക്ഷിക്കുമെല്ലൊനിജമായജീവിതം 328
- ചന്ദനദാസനെ കൊല്ലുന്ന നേരത്തു
- മന്ത്രിപ്രവരൻ മരിക്കുമെന്നും ദൃഢം 329
- സാരമായുള്ളതു സാധിപ്പതിനൊരു-
- കാരണമായ്‌വരും ചന്ദനദാസനും” 330
- ഇത്ഥമോരോതരം ചിന്തിച്ചു ചിന്തിച്ചു
- പൃഥ്വീസുരേന്ദ്രനിരിക്കും ദശാന്തരേ 331
- ഭദ്രഭടനും പുരുഷദത്താഖ്യനും
- ഭദ്രബലമുള്ള ഡിംകാരതന്താനും 332
- വമ്പനായുള്ള ബലഗുപ്തനും പിന്നെ
- കമ്പമില്ലാതൊരു രാജസേനൻ താനും 333
- ഉത്തമനായുള്ള രോഹിതാക്ഷൻ താനും
- ശക്തൻ വിജയവർമ്മാവെന്ന വീരനും 334
- ഉത്തമമന്ത്രിയായ് തത്ര വാണീടുന്ന
- ബുദ്ധിമാനാം ഭാഗുരായണനെന്നിവർ 335
- മുന്നം പുറപ്പെട്ടു പോയതു ചിന്തിച്ചു
- വന്നിതു സങ്കടം നാട്ടിലുള്ളോർകൾക്കും 336
- കൌടില്യനെല്ലാവരോടും പറഞ്ഞവ-
- ർക്കാടലുണ്ടായതും പോക്കിനാനന്നേരം 337
- വിഷ്ണുഗുപ്തന്റെ നിയോഗവും കൈക്കൊണ്ടു
- ധൃഷ്ടനാകും ഭാഗുരായണമന്ത്രിയും 338
- വിരവിനൊടുബതമലയകേതുതന്നെക്കണ്ടു
- വിശ്വാസമുള്ളൊരു മന്ത്രിയായീടിനാൻ 339
- അവനുമതുകാലമപ്പർവ്വതരാജനോ-
- ടൌചിത്യമായതു പാർത്തു ചൊല്ലീടിനാൻ 340
- “വരസചിവനായുള്ള രാക്ഷസമന്ത്രിക്കു
- തൂമയോടൊന്നു സമ്മാനിക്കയും വേണം” 341
- പ്രിയസചിവനയവചനനിശമദശാന്തരെ
- പർവ്വതപുത്രനും രാക്ഷസാമാത്യനെ 342
- ചൊല്ലിവിട്ടിങ്ങു വരുത്തിയവനോടു
- ചൊല്ലിനാനെത്രയും നല്ല മധുരമായ് 343
- “കോപ്പുകളൊന്നും ഭവാനില്ലയാഞ്ഞഹൊ
- ഉൾപ്പൂവിലുണ്ടൊരു ഖേദമെനിക്കെടൊ 344
- സ്വാമിവിനാശം നിനച്ചുഭവാനൊരു
- കാമമൊന്നിങ്കലുമില്ലെന്നിരിക്കിലും 345
- ഞാനൊരു ഭൂഷണം തന്നാലതുഭവാൻ
- മാനിച്ചലംകരിക്കേണം മഹാമതേ” 346
- ഇത്ഥമുരചെയ്തു തന്റെ കഴുത്തീന്നു
- സത്വരം നല്ലൊരു മാലയഴിച്ചവൻ 347
- മന്ത്രിപ്രവരനു കാട്ടിയ നേരത്തു
- സന്താപമുൾക്കൊണ്ടവനുമുരചെയ്താൻ 348
- “ശൂര! സുകുമാര! വീരശിഖാമണെ!
- തീരാത ദുഃഖങ്ങളുണ്ടെന്നിരിക്കിലും 349
- ചിന്തിക്കുമാറില്ല മുമ്പിൽ കഴിഞ്ഞതു
- എന്തു ഫലമതു ചിന്തിച്ചിനിക്കഹോ 350
- നിന്തിരുവുള്ളമെന്നെക്കുറിച്ചുണ്ടെങ്കി-
- ലെന്തിനിക്കുള്ളതു സങ്കടം ഭൂപതെ 351
- വീര്യവും കോപവും നാണവും ഖേദവും
- ശൌര്യവുമില്ലാതെയുള്ള ദേഹത്തിന്മേൽ352
- ചേരുകയില്ലാഭവാൻ തന്ന ഭൂഷണം
- പോരാത്തഞാനെന്തു വാങ്ങുന്നതും പിന്നെ 353
- മൌര്യനിരിക്കുമെഴുനിലമാടത്തിൽ
- വീര്യമേറീടുന്ന സിംഹാസനമേറി 354
- കാണ്മാൻ ഭവാനെയവകാശമുണ്ടെങ്കിൽ
- വാങ്ങാമിതന്നുഞാനേതും മടിയാതെ” 355
- എന്നതുകേട്ടു മലയകേതു താനും
- മന്ദസ്മിതം ചെയ്തവനോടു ചൊല്ലിനാൻ 356
- “അതിനെളുതു തവമനസി കാരുണ്യമുണ്ടെങ്കി-
- ലന്നുതരുവാനിതല്ലെന്നറികെടോ 357
- ഇന്നിതുവാങ്ങുക വേണം ഭവാൻ പുന-
- രെന്നെക്കുറിച്ചൊരു കാരുണ്യമുണ്ടെങ്കിൽ” 358
- ഇങ്ങിനെ കേട്ടു പറഞ്ഞാനമാത്യനും
- “അങ്ങൊത്തവണ്ണമനുഷ്ഠിച്ചുകൊള്ളുക” 359
- പർവ്വതപുത്രനതുകേട്ടനേരത്തു
- ദിവ്യമായുള്ളൊരു പൊന്മണിമാലയും 360
- മോദമുൾക്കൊണ്ടു മന്ത്രീന്ദ്രൻ കഴുത്തില-
- ങ്ങാദരപൂർവ്വമലംകരിച്ചീടിനാൻ 361
- സന്തോഷമാർന്നവൻ യാത്ര പറഞ്ഞിതു
- മന്ത്രിപ്രവരൻ പുരം പുക്കു മേവിനാൻ 362
- “രാക്ഷസനായുള്ളമാത്യപ്രവരനു
- സാക്ഷാൽ സഖിയാം വിരാധഗുപ്താഖ്യനും 363
- കെൽപ്പുള്ള രാക്ഷസൻ തന്റെ നിയോഗത്താൽ
- ശില്പമായോരാഹിതുണ്ഡികവേഷമായ് 364
- പാമ്പിൻ കുലടകൾ കെട്ടിയെടുത്തവൻ
- പാമ്പുമാടിച്ചുനടന്നുകൊണ്ടക്കാലം 365
- പുഷ്പപുരത്തിങ്കലുള്ളൊരുവൃത്താന്ത-
- മെപ്പേരുമേയറിഞ്ഞിങ്ങു വന്നീടിനാൻ 366
- ഉത്തമമന്ത്രിതന്മുമ്പിലവൻ താനും
- ചിത്താകുലതയാ ചെന്നുനിന്നീടിനാൻ 367
- നല്ലനായുള്ള വിരാധഗുപ്തൻ തന്നെ
- വല്ലാതെയുള്ള ഹിതുൺദികവേഷമായ് 368
- കണ്ടതുനേരമമാത്യപ്രവരനു-
- മുണ്ടായതില്ലവനാരെന്നതും തദാ 369
- പിന്നെയും പിന്നെയും സൂക്ഷിച്ച നേരത്തു
- ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി 370
- ഉണ്ടായനേരമമാത്യപ്രവരനു-
- മുണ്ടായ ദുഃഖേന വേഗാലെഴുന്നേറ്റു 371
- കണ്ണുനീരോലോലവീണും പരവശാൽ
- നന്നായവനെ മുറുകത്തഴുകിനാൻ 372
- കയ്യും പിടിച്ചുകൂട്ടിക്കൊണ്ടുപോന്നു താൻ
- പര്യങ്കസീമനി നന്നായിരുത്തിനാൻ 373
- താനുമിരുന്നു പുനരവൻ തന്നോടു
- ദീനനായേവം പറഞ്ഞു തുടങ്ങിനാൻ 374
- “കഷ്ടം കുറവന്റെ വേഷം ധരിക്കയാ-
- ലൊട്ടും ഭവാനെയറിഞ്ഞീല ഞാനഹോ 375
- മംഗലരൂപനായ്ക്കണ്ടൊരുനിന്നെഞാ-
- നിങ്ങിനെ കണ്ടേനിതു കാലമീശ്വര. 376
- ഭൂപാലവീരനായുള്ളോരു നമ്മുടെ
- ദേവനാം സർവ്വാർത്ഥസിദ്ധിയുള്ളോരുനാൾ 377
- ആപാദചൂഡമണിഞ്ഞാഭരണങ്ങ-
- ളാവോളമുള്ള പദവിയോടും കൂടി 378
- കേവലം നിന്നെ ഞാൻ കാണുമാറാകുവാ-
- നാവതില്ലല്ലൊ വിധിവിഹിതമിദം” 379
- ഇത്ഥം പറഞ്ഞുമോരോന്നെനിരൂപിച്ചും
- ചിത്തവിഷാദാൽ കരഞ്ഞുതുടങ്ങിനാൻ 380
- *മന്ത്രിപ്രവരൻ കരയുന്നതുനേര-
- മന്ത്രം കൂടാതവനുമുരുശോകം 381
- മന്ദമന്ദം തലോടിക്കൊണ്ടമാത്യനെ
- മന്ദം വിരാധഗുപ്തൻ പറഞ്ഞീടിനാൻ 382
- “അലമലമിതരുതരുതുദുഃഖം മഹാമതെ
- ആശുഭവാനിഹഞങ്ങളെയൊക്കവെ 383
- കനിവിനൊടു പണ്ടുള്ളപോലേപദവിയെ
- കാലാന്തരംകൊണ്ടനുഭവിപ്പിച്ചീടും.”384
- നീതിമാനാകിയരാക്ഷസൻപിന്നെയു-
- മാതുരനായവൻ തന്നോടു ചൊല്ലിനാൻ 385
- “കഷ്ടമത്രെതുലോം പാർത്തുകാണുന്നേരം
- നഷ്ടമായ്‌വന്നിതുനന്ദകുലംസഖേ! 386
- വൃഷ്ണികുലം മുനിശാപാലതുപോലെ
- വിഷ്ണുഗുപ്തൻ തന്റെ ദുർന്നയം കൊണ്ടഹൊ 387
- നന്ദകുലത്തിനുവന്നിതുനാശവും
- മന്ദനായുള്ള ഞാൻ ശേഷിക്കയും ചെയ്തു 388
- അന്നുഞാൻ ചാകാതിരിപ്പാനവകാശം
- മന്നരിൽ സ്നേഹമില്ലായ്കയുമല്ല കേൾ 389
- മാനുഷഭൂതിയിലാശകൊണ്ടുമല്ല
- പ്രാണവിനാശഭയംകൊണ്ടുമല്ലെടോ 390
- ഇത്തരങ്ങൾ നിരൂപിച്ചല്ലെടോസഖേ
- നിത്യം പരദാസ്യമേറ്റുതന്നെവയം 391
- സ്വർഗ്ഗെമരുവും മമഭൂപതിക്കരി
- വർഗ്ഗമശേഷമൊടുക്കുന്നനേരത്തു 392
- സന്തോഷമുണ്ടാകുമെന്നുതോർത്തുഞാൻ
- സന്തതമാവതു ചെയ്യുന്നതുമെടൊ 393
- ഒന്നുകൊണ്ടും ഫലിക്കുന്നതുമില്ലതി-
- നൊന്നുനിരൂപിച്ചാലൊക്കയും നിഷ്ഫലം 394
- ഭിത്തിയുണ്ടെങ്കിലെ ചിത്രമുള്ളൂസഖെ-
- യിത്രനയപ്രയോഗങ്ങൾക്കു കിം ഫലം 395
- സ്വാമിവിനാശം നിനച്ചു നിനച്ചൊരു
- കാമവുമില്ലിനിക്കൊന്നിങ്കലുമെടൊ 396
- രാത്രിയിൽ ചെന്നുകിടന്നാലുറക്കവു-
- മോർത്തോർത്തോരോതരമില്ലനിക്കൊട്ടുമെ 397
- അറ്റമില്ലാതൊരു ദുഃഖം മുഴുക്കയാൽ
- ചോറ്റിനുമില്ലരുചിയേതുമെസഖെ! 398
- എന്നുടെ സ്വാമിയാം നന്ദമഹീപതി
- എന്നെയീവണ്ണമാക്കിച്ചമച്ചീടിനാൻ 399
- രാക്ഷസനെന്നുള്ളതൊട്ടേടമേയുള്ളു
- കാൽക്ഷണമെന്നെപ്പിരിഞ്ഞാൽ പൊറുക്കുമൊ 400
- ഞാനൊരു കാര്യം നിരൂപിച്ചറിയിച്ചാൽ
- മാനസെ ഭൂപനു കാര്യമതുതന്നെ 401
- ബന്ധുവായുള്ളൊരു ചന്ദനദാസന്റെ
- മന്ദിരത്തിങ്കൽ കുടുംബത്തെയും വെച്ചു 402
- ധൈര്യമുൾക്കൊണ്ടു പുറപ്പെട്ടുപോന്നു ഞാൻ
- കാര്യമല്ലാതൊന്നു ചെയ്തതുമില്ലെടൊ 403
- ബന്ധുജനമനോധൈര്യമുണ്ടാവതി-
- നെന്തൊന്നു വേണ്ടതെന്നാലതും ചെയ്തു ഞാൻ 404
- തീക്ഷ്ണനായുള്ളൊരു മൌര്യനെക്കൊല്ലുവാൻ
- തീക്ഷ്ണരസവാദികളെയും കല്പിച്ചു 405
- അതിനവർകളെ ഭരിച്ചീടുവാനായി ഞാൻ
- അഥശകടദാസനെ കല്പിക്കയും ചെയ്തു 406
- അനുദിനമരാതിവൃത്താന്തമറിവതി-
- നതിനിപുണരാം ക്ഷപണാദികൾ തമ്മെയും 407
- കുസുമപുരിതന്നിലങ്ങാക്കീട്ടുമുണ്ടഹൊ
- കിമിഹഫലമെന്നുതോന്നുന്നതുമുണ്ടെടോ 408
- എന്നുടെ സ്വാമിയാം സർവ്വാർത്ഥസിദ്ധിതാൻ
- തന്നുടെ മക്കളാം മൌര്യാദി ദുഷ്ടരെ 409
- ശാർദ്ദൂലപോതങ്ങളെപ്പോലെ പോറ്റിനാൻ
- നിർദ്ദയനിന്നവരിൽ വെച്ചൊരു ദുഷ്ടൻ 410
- കാരണമായ്‌വന്നു ഭൂപനു നാശവും
- മാറുമൊതാപമിനിക്കതു ചിന്തിച്ചാൽ 411
- എന്നതുകൊണ്ടു ഞാൻ കാലാന്തരം കൊണ്ടു
- മന്നനായ്‌വാഴുന്ന ചന്ദ്രഗുപ്തൻ തന്നെ 412
- കൊന്നു പരിഭവം തീർത്തുകൊൾവൻ ദൈവ-
- മിന്നൊരു വർമ്മമായ് നിന്നീലവനെങ്കിൽ 413
- കനിവിനൊടു കുസുമപുരവൃത്താന്തമൊക്കവെ
- കഥയകഥയാശു കേൾക്കേണമെടൊസഖെ” 414
- ഇത്ഥമാകർണ്ണ്യവിരാധഗുപ്തന്താനു-
- മുത്തമാമാത്യനോടോർത്തു ചൊല്ലീടിനാൻ 415
- “ഏതൊരുദിക്കു പിടിച്ചുപറ്യേണ്ട
- തേതുമറിഞ്ഞീല ഞാനെന്നറിഞ്ഞാലും” 416
- എന്നതുകേട്ടുകുലമന്ത്രിവീരനും
- ചൊന്നാൻ വിരാധഗുപ്താഖ്യനോടിങ്ങിനെ 417
- “ചന്ദ്രഗുപ്തന്റെ പുരപ്രവേശാദിയും
- മന്ദനാം മൌര്യനെക്കൊന്നുകളവാനായ് 418
- തീക്ഷ്ണരസവാദികളാമവർകളും
- രൂക്ഷതയോടെന്തു ചെയ്തതെന്നുള്ളതും 419
- ദാരുവർമ്മാവുമംബഷ്ഠനുംവെദ്യനും
- ഘോരമായെന്തൊന്നു ചെയ്തതെന്നുള്ളതും 420
- ശത്രുജനത്തിൻ പ്രവൃത്തിയെന്തെന്നതും
- ഇത്തരമൊക്കെപ്പറകനീവൈകാതെ” 421
- എന്നതുകേട്ടുവിരാധഗുപ്തൻ തദാ
- മന്ദസ്മിതം ചെയ്തവനോടു ചൊല്ലിനാൻ 422
- “ഒന്നും ഫലിച്ചീല പിന്നെയവർകൾക്കു
- വന്നിതുനാശവുമെന്നെപറയേണ്ടു 423
- ദാരുവർമ്മാവിന്റെ യന്ത്രപ്രയോഗങ്ങൾ
- മൌര്യനല്ലംബഷ്ഠനായി ഫലിച്ചിതു 424
- ദാരുവർമ്മാവഥ മൌര്യനെന്നോർത്തുള്ളിൽ
- വൈരോധകനെയും കൊന്നാനതുനേരം 425
- പൌരജനങ്ങളും മ്ലേച്ഛരുമായ്പ്പിന്നെ
- ദാരുവർമ്മാവിനേയും തച്ചുകൊന്നിതെ” 426
- ആർക്കറിയാമഹൊ ചാണക്യനീതിക-
- ളൊക്കവേയുമവൻ തന്റെ പ്രയോഗങ്ങൾ 427
- ഭോഷനായുള്ള ഭിഷക്കിനെക്കൊണ്ടവൻ
- ദോഷചൂർണ്ണമതുതന്നെ ഭുജിപ്പിച്ചു 428
- കൊല്ലിച്ചിതു ചണകാത്മജൻ പിന്നെയും
- നല്ല ധനവാൻ പ്രമോദകൻ തന്നെയും 429
- ക്ഷോഭമുൾക്കൊണ്ടു ധനങ്കണ്ടുകൊല്ലിച്ചു
- ബീഭത്സനാദികൾ തന്നെയും കൊന്നിതെ” 430
- ബന്ധുവൃത്താന്തങ്ങളിങ്ങിനെ കേട്ടുട-
- നന്തരാദുഃഖേന ചൊല്ലിനാൻ രാക്ഷസൻ 431
- “അയ്യോ നിരൂപിച്ചു കാൺക നീ മൌര്യന്റെ
- ദൈവാനുകൂല്യങ്ങളെന്തു ചൊല്ലാവതും 432
- പൂർവ്വമവനെ വധിപ്പാൻ നിയോഗിച്ച
- സർവ്വമനോഹരിയാം വിഷകന്യക 433
- ഉർവ്വീപതിയായ മൌര്യനു തട്ടാതെ
- പർവ്വതരാജന്നകപ്പെട്ടിതുബലാൽ 434
- അർദ്ധരാജ്യത്തെ ഹരിപ്പാനിരുന്നവൻ
- ചത്തതും മൌര്യനൊരു ഗുണമായ്‌വന്നു 435
- കർണ്ണൻ പുരാമഹാഭരതസംഗരെ
- വിണ്ണവർ നാഥൻ കൊടുത്തോരു വേൽ കൊണ്ടു 436
- അർജ്ജുനന്തന്നെക്കുലചെയ്കവേണമെ-
- ന്നുജ്ജ്വലവീരനായ് വാഴും ദശാന്തരെ 437
- കൃഷ്ണന്തിരുവടി, തൻ വൈഭവം കൊണ്ടു
- ജിഷ്ണുവിന്നേലാതെ വേലതുകൊണ്ടഥ 438
- നന്നായ്മരണം ഘടോൽക്കവനാകിയോ-
- രെന്നുടെ പേരുടയോനുമാക്കീടിനാൻ; 439
- എന്നപോലെ ഞാൻ ക്ഷപണകൻ തന്നൊരു
- കന്യാവിഷം കൊണ്ടു മൌര്യനെക്കൊല്ലുവാൻ 440
- കല്പിച്ചതാശു ചാണക്യൻ നയം കൊണ്ടു
- കെല്പോടു പർവ്വതരാജനാക്കിടിനാൻ 441
- കർണ്ണന്റെ വേൽ കൊണ്ടുമെൻ വിഷനാരിയും
- തിണ്ണമൊരു പുമാനെക്കൊല്ലുകേയുള്ളു 442
- ഞങ്ങൾക്കിരുവർക്കും വേലും തരുണിയും
- എങ്ങുമേലാക്കിന്നു തട്ടിയതുമില്ല; 443
- വിഷ്ണുഗുപ്തനിന്നു പാർത്തുകാണുന്നേരം
- കൃഷ്ണൻ തിരുവടിക്കൊത്തവൻ നിർണ്ണയം; 444
- നന്നുനന്നേറ്റം നയങ്ങളവനുടെ
- യെന്നതുതന്നെ പറഞ്ഞുകൂടൂസഖെ! 445
- പിന്നെയെന്തെല്ലാം പ്രയോഗിച്ചതുമവൻ?”
- എന്നതുകേട്ടുവിരാധഗുപ്തൻ ചൊന്നാൻ
- “പിന്നെപ്രവർത്തിച്ചതെങ്കിലൊകേട്ടാലും 446
- പർവ്വതരാജനെക്കൊന്നതുമൂലമായ്
- നിർവ്വസിപ്പിച്ചാൻ ക്ഷപണകനെ ക്ഷണാൽ 447
- ദാരുവർമ്മാദിപരിപാലനം കൊണ്ടു
- ഘോരമാം വണ്ണം ശകടദാസാഖ്യനെ 448
- കൊന്നുശൂലത്തിന്മേലിട്ടോരനന്തരം
- ചന്ദനദാസനോടാശുചാണക്യനും 449
- ചെന്നു ഭവാന്റെ കളത്രമുണ്ടെന്നിട്ടു
- എന്നുമവൻ കൊടുത്തീലതു കൊണ്ടഥ 450
- ബന്ധിച്ചുപുത്രകളത്രാദികളോടും
- അന്ധകാരക്കുണ്ടറയിലിട്ടീടിനാൻ 451
- അർത്ഥമവനുള്ളതെപ്പേരുമേപിന്നെ
- കുത്തിക്കവരിച്ചുകൊണ്ടുപോയീടിനാൻ” 452
- ഇത്തരം കേട്ടു വിഷാദിച്ചു രാക്ഷസൻ
- ചിത്തമുഴന്നവനോടു ചൊല്ലീടിനാൻ 453
- “ബന്ധുജനങ്ങൾക്കു ദുഃഖമുണ്ടാക്കുവാൻ
- അന്ധനാം ഞാനൊരു കാരണമായഹോ 454
- നന്ദവിനാശെമരിയായ്കകൊണ്ടിപ്പോൾ
- ചന്ദനദാസാദികളായ ബന്ധുക്കൾ 455
- അന്തമില്ലാതോളമുള്ള ദുഃഖങ്ങളും
- എന്തൊരു കഷ്ടമനുഭവിക്കുന്നതും 456
- മോഹമോരോന്നെ നിനച്ചു നിനച്ചു ഞാൻ
- ഹാഹാമരിയാതിരുന്നേനിതുകാണ്മാൻ 457
- വിശ്വാസമേറുന്ന ചന്ദനദാസനും
- നിശ്ശേഷനാശം ഭവിച്ചിതെല്ലോശിവ 458
- ശൂലാഭിരോഹമനുഭവിച്ചാനഹോ
- ശീലഗുണമുള്ള നല്ലശകടനും” 459
- ഇങ്ങിനേ മന്ത്രിപ്രവരൻ പറകയും
- തിങ്ങിനശോകം പൊറാഞ്ഞുകരകയും 460
- മന്ത്രിപ്രവരനീവണ്ണംവിലാപിച്ചൊ-
- രന്ധനെപ്പോലെമരുവും ദശാന്തരെ 461
- “ഉണ്ടുവരുന്നുശകടദാസ”നെന്നു
- മണ്ടിവന്നിങ്ങറിയിച്ചാനൊരു ദൂതൻ 462
- അപ്പോളതുമേട്ടമാത്യപ്രവരനും
- ഉൾക്കാമ്പിലുണ്ടായമോദാകുലതയാൽ 463
- ചൊന്നാൻ വിരാധഗുപ്താഖ്യനോ”ടെന്തഹോ
- വന്നതെന്തിപ്പോൾ മരിച്ചശകടനും”? 464
- എന്നതുകേട്ടവനും പറഞ്ഞീടിനാൻ
- “കൊന്നുകളവാനരയ്ക്കു കയറിട്ടു 465
- കൊണ്ടുപോകുന്നൊരു നേരത്തവിടുന്നു
- കണ്ടു ഞാൻ പിന്നേയുഴറിവന്നീടിനേൻ 466
- ഈശ്വരാനുഗ്രഹം കൊണ്ടു ചാകാഞ്ഞതും
- ഈശ്വരനും വിപരീതമല്ലോർക്കെടോ” 467
- അഥശകടദാസനും സിദ്ധാർത്ഥകനുമായ്
- അതിവിനയമോടമാത്യം വണങ്ങീടിനാൻ 468
- അതുപൊഴുതിലഥശകടദാസനെച്ചെന്നവൻ
- അതികുതുകമോടു ഗാഢാലിംഗനം ചെയ്താൻ 469
- കരമതുപിടിച്ചരികത്തിരുത്തിക്കൊണ്ടു
- കണ്ണുനീർ വാർത്തവൻ തന്നോടു ചൊല്ലിനാൻ 470
- “അയിശകടമരണമിഹവന്നുനിന്നെക്കണ്ടോ-
- രാനന്ദമുള്ളിൽ പറയാവതല്ലഹോ 471
- തവമരണഭയമകലുവതിനുപുനരെന്തഹോ
- പ്രിയസുമുഖകാരണം ചൊല്ലുചൊല്ലാശുനീ” 472
- സചിവവരവചനമിതികേട്ടോരനന്തരം
- ശകടനതികൌതുകം പൂണ്ടു ചൊല്ലീടിനാൻ 473
- “വിരവിനൊടു കുലനിലമമർന്നിതു ഞാനഹോ
- പ്രിയതരസുഹൃത്തായ സിദ്ധാർത്ഥകനിവൻ 474
- ആട്ടിക്കളഞ്ഞുടൻ ഘാതകന്മാരെയും
- കൂട്ടിയിങ്ങെന്നെയും കൊണ്ടുപോന്നീടിനാൻ” 475
- ശകടഗിരമിങ്ങിനെ കേട്ടോരനന്തരം
- സന്തോഷമുള്ളിൽ നിറഞ്ഞുവഴികയാൽ 476
- ചൊല്ലിനാനിങ്ങിനെ രാക്ഷസാമാത്യനും
- സല്ലാപമോടഥ സിദ്ധാർത്ഥകനോടും 477
- “സിദ്ധാർത്ഥനായിതു ഞാനുമെടോ സഖേ!
- എന്തൊരുവസ്തുതരേണ്ടതിതിനെന്നു 478
- ചിന്തിച്ചുകണ്ടാലിതിനൊത്തസമ്മാനം
- ഏതുമില്ലെന്നുവരിലികും ഞാനിപ്പോൾ 479
- തരുവനിതുതവ” പുനരിവണ്ണം പറഞ്ഞവൻ
- തന്റെ കഴുത്തിൽ കിടന്നോരു പൊന്മാല 480
- പണ്ടുമലയകേതുകൊടുത്തൊന്നതും
- ഉണ്ടായമോദാൽ കഴുത്തീന്നഴിച്ചവൻ 481
- സിദ്ധാർത്ഥകനു കൊടുത്താനതുനേരം
- ബദ്ധമോദത്തോടു വാങ്ങീടിനാനവൻ 482
- മാലയും വാങ്ങിച്ചു മന്ത്രിപ്രവരന്റെ
- കാലിണകുമ്പിട്ടവനുമുരചെയ്താൻ 483
- “മുന്നമിവിടെക്കു മന്ത്രികുലോത്തമ
- വന്നുപരിചമില്ലിനിക്കേതുമേ 484
- എന്നതുകൊണ്ടുഭവാനുവിശേഷിച്ചു-
- മെന്നെക്കുറ്ച്ചുകാരുണ്യമുണ്ടാകേണം 485
- ഇങ്ങിനിക്കുണ്ടൊരു മോഹമിതുകാലം
- അങ്ങുന്നിനിക്കു തന്നുള്ളോരു ഭൂഷണം 486
- അംഗുലീയമിതുകൊണ്ടടയാളമി-
- ട്ടിങ്ങുള്ള ഭണ്ഡാരമഞ്ചയിൽ വെയ്ക്കണം 487
- പിന്നേയൊരിക്കലൊരാവശ്യമാകുമ്പോൾ
- തന്നാൽ മതി” യെന്നവനുരചെയ്തപ്പോൾ 488
- രാക്ഷസൻ തന്റെ നിയോഗാൽ ശകടനും
- തൽക്ഷണേ ഭൂഷണം വാങ്ങിച്ചവനോടു 489
- ഭണ്ഡാരമഞ്ചയിൽ വെപ്പതിനായിട്ടു
- കൊണ്ടുപോകുമ്പോളമാത്യനാമാങ്കമാം 490
- അംഗുലീയം കണ്ടമാത്യനോടോതിനാൻ
- “അങ്ങുള്ള നാമമീമുദ്രമേൽക്കാണുന്നു” 491
- രാക്ഷസനപ്പോളവനോടുവാങ്ങിച്ചു
- സൂക്ഷിച്ചനേരത്തുകണ്ടു നിരൂപിച്ചാൻ 492
- “പണ്ടുഞാനിങ്ങുപുറപ്പെട്ടുപോരുമ്പോൾ
- വണ്ടാർക്കുഴലാളായകാന്തയും 493
- ഉണ്ടായശോകം പൊറഞ്ഞതുനേരമുൾ-
- ത്തണ്ടാർ വിനോദാർത്ഥമായവളെന്നുടെ 494
- കൈവിരൽ മേൽ നിന്നഴിച്ചുകൊണ്ടാളവൾ
- ഏവമിവന്നതുകിട്ടിയതെങ്ങിനെ” 495
- ഇത്ഥം നിരൂപിച്ചു രാക്ഷസനന്നേരം
- സിദ്ധാർത്ഥകനോടു ചൊല്ലിനാനിങ്ങിനെ” 496
- “അയിസുമുഖപറകതവകയ്യീലിതുകാല-
- മംഗുലീയമിതു കിട്ടിയതെങ്ങിനെ” 497
- കനിവിനൊടതു കേട്ടവനും പറഞ്ഞീടിനാൻ
- “കുസുമപുരവാസിയാം ചന്ദനദാസന്റെ 498
- ഗൃഹനികടഭൂമിയിൽ വീണുകിടന്നിതു
- കിട്ടിയിന്നെനിക്കെന്നറികമഹാമതെ!“ 499
- “ഒക്കുമൊക്കുമതെന്നപ്പോളമാത്യനും
- ഇക്കണക്കേയുള്ള വയ്തുപലതരം 500
- വാണിഭക്കാരുടെ പീടികമുറ്റത്തു
- വീണുകിടക്കുമതിനില്ലസംശയം 501
- ഓരോ ജനങ്ങൾക്കു കിട്ടുമതിങ്ങിനെ
- ആരുമതുതിരക്കീടുമാറില്ലല്ലൊ” 502
- അതുപൊഴുതുശകടനവനോടുചൊല്ലീടിനാ-
- “നംഗുലീയമിതു മന്ത്രിനാമാങ്കിതം 503
- മതിയിൽ മതിവരുമളവുമർത്ഥംതരാമെടോ
- മാനിച്ചു മന്ത്രിക്കിതുനീകൊടുക്കേണം” 504
- ശകടഗിരമിങ്ങിനെ കേട്ടു സിദ്ധാർത്ഥകൻ
- “വികടമകലേക്കളഞ്ഞേനെന്നു ചൊല്ലിനാൻ 505
- ഏതുമൊരുകില്ലതിനില്ലെടോസഖേ
- ചേറ്റസ്സിലേറ്റം പ്രസാദമത്രേമമ 506
- മുറ്റുമമാത്യനു തന്നെയുള്ളോന്നിതു
- ചെറ്റുവൈഷംയമിനിക്കില്ലഞാൻ തരാം” 507
- ഇത്ഥം പറഞ്ഞവനംഗുലീമുദ്രയു-
- മുത്തമാമാത്യപ്രവരനുനൽകിനാൻ 508
- “ഒന്നുണ്ടിനിക്കു ചുരുക്കിപ്പറയേണ്ട-
- തെന്നവൻ മത്രിവരനോടു ചൊല്ലിനാൻ” 509
- “എങ്കിൽ പറകെന്നു രാക്ഷസൻ ചൊല്ലിനാൻ
- ശങ്കാവിഹീനം പറഞ്ഞാനവൻ താനും 510
- “അറികചണകാപത്യവിപ്രിയം ചെയ്കയാൽ
- അവനെയൊരുപേടിയുണ്ടാകയാൽ മാനസെ 511
- പാടലീപുത്രപുരത്തിന്നുപോവതി-
- നാടലുണ്ടേറ്റമതുകൊണ്ടുഞാനിനി 512
- നിത്യമമാത്യനെ ശുശ്രൂഷയും ചെയ്തു
- ചിത്തമോദത്തലിവിടേ വസിക്കുന്നേൻ” 513
- “അങ്ങിനേതന്നേയൊരതരമില്ലിതി
- നെങ്ങിനേ നിന്മനമെന്നറിയാഞ്ഞു ഞാൻ 514
- മുമ്പേ പറയാഞ്ഞതെന്നറിഞ്ഞീടുനീ
- കമ്പം കളഞ്ഞിവിടെത്തന്നെവാഴ്കെടോ” 515
- എന്നുപറഞ്ഞൊരു രാക്ഷസമന്ത്രിക്കും
- നന്നായവനിഷ്ടസേവകനായിതെ 516
- തുഷ്ടനായുള്ള ശകടനും രാക്ഷസ-
- നിഷ്ടനായുള്ളൊരു ലേഖകനായിതെ 517
- പിന്നെയും മന്ത്രി വിരാധഗുപ്തൻ തന്നോ-
- ടന്യൂനരാഗം പറഞ്ഞു തുടങ്ങിനാൻ 518
- “വിരവിലിവർ കനിവിനൊടു മദ്ധ്യേവരികയാൽ
- വൃത്താന്തശേഷം പറഞ്ഞതുമില്ലല്ലൊ 519
- ചന്ദ്രഗുപ്തന്റെ പ്രജകൾക്കു നമ്മിലും
- നന്ദനൃപനിലും സ്നേഹം മറഞ്ഞിതൊ?” 520
- ഖേദമുൾക്കൊണ്ടവനേവം പറഞ്ഞപ്പോൾ
- മോദമുൾക്കൊണ്ടു വിരാധഗുപ്തൻ ചൊന്നാൻ 521
- “പ്രജകളിഹവിരവിനൊടു പോരുമെല്ലാവരും
- പാരം പൊറുതികേടുണ്ടവർക്കൊക്കവേ 522
- ഭദ്രഭടാദിപ്രധാനപുരുഷന്മാർ
- ഛിദ്രിച്ചവിടന്നു പോയോരറിഞ്ഞാലും 523
- പർവ്വതകാത്മജൻ പോന്നോരന്തരം
- സർവ്വകാര്യത്തിന്നുമന്തരം കാണുന്നു 524
- ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളി-
- ലൂന്നിച്ചിതു വൈരമെന്നുണ്ടു തോന്നുന്നു 525
- ചാണക്യവിപ്രന്റെ കല്പനാശക്തികൾ
- മാനസേമൌര്യൻ സഹിക്കുന്നതല്ലേതും 526
- എന്നൊരു ശങ്കയുണ്ടെന്നേ പറയേണ്ടു
- നിർണ്ണയം വന്നീല പക്ഷേ വരുമെടോ” 527
- ചണകസുതമൌര്യവൈരാംകുരാരംഭവും
- ശക്തരാം ഭദ്രഭടാദിപ്രവാസവും 528
- കേട്ടതിമോദം കലർന്നഥരാക്ഷസൻ
- പെട്ടെന്നവനേയും മാനിച്ചയച്ചവൻ 529
- സ്തനകലശനെന്നൊരു വൈതാളികനോടു
- താല്പര്യമുൾക്കൊണ്ടു ചൊല്ലിനാനിങ്ങിനെ 530
- “കുസുമപുരമഴകിനൊടു ചെന്നുപുക്കാശുനീ
- കാര്യം ചിലതിനി വേണ്ടതുമുണ്ടെടോ 531
- മൌര്യന്റെ കല്പന കൌടില്യഭൂസുരൻ
- വൈരമുൾക്കൊണ്ടു ഭംഗങ്ങൾ വരുത്തുമ്പോൾ 532
- മൌര്യനായുള്ളൊരു ഭൂപതിതന്നുടെ
- വീര്യങ്ങൾ വാഴ്ത്തി സ്തുതിക്കേണമാശു നീ” 533
- കനിവൊടവനെപ്പറഞ്ഞേവമയച്ചുടൻ
- കരഭകനെയും വിളിച്ചിങ്ങിനെ ചൊല്ലിനാൻ 534
- “കുസുമപുരവൃത്താന്തമൊക്കെയറിഞ്ഞുനീ
- കനിവിനൊടുവരികെ”ന്നയച്ചാനവനേയും 535
- ശകടനതുപൊഴുതു ചിലവിപ്രർ കൊണ്ടന്നിട്ടു
- ശോഭതേടുന്നൊരു മൂന്നാഭരണങ്ങൾ 536
- വില്പതിന്നായിത്തുടങ്ങുന്നതുകണ്ടു
- ക്ഷിപ്രമമാത്യനെക്കണ്ടുചൊല്ലീടിനാൻ 537
- “ഭാസുരമായിതാമൂന്നാഭരണങ്ങൾ
- ഭൂസുരന്മാർ ചിലർ വില്പാൻ തുടങ്ങുന്നു 538
- കൊള്ളേണ്ട്വൊന്നതെ”ന്നിങ്ങിനെ കേട്ടപ്പോൾ
- കൊള്ളുവാനാശമുഴുത്തൊരു രാക്ഷസൻ 539
- മുമ്പിലെ ഭൂഷണം സിദ്ധാർത്ഥകൻ തനി-
- ക്കമ്പിൽ കൊടുത്തൊന്നുമില്ലായ്കകൊണ്ടവൻ 540
- തന്നുടെ മെയ്മേലലംകരിച്ചീടുവാൻ
- നല്ലതരമാം ധനവും കൊടുത്തവൻ 541
- ശോഭിതമായതിഭാസുരമായീടും
- ആഭരണത്രയം കൊണ്ടാനതുനേരം 542
- സന്തുഷ്ടനായഥ മന്ത്രിപ്രവരനു-
- മന്തഃകരണത്തിലിങ്ങിനെ ചിന്തിച്ചാൻ 543
- മൌര്യൻ മഹാരാജനായി ഞാനെന്നൊരു
- വീര്യവും ഭാവിച്ചിരിക്കുന്നതിക്കാലം 544
- മന്മതിവൈഭവം കൊണ്ടവനിക്കാലം
- നന്മയിൽ പൃത്ഥ്വീന്ദ്രനായി വാഴുന്നതും 545
- എന്നൊരു ധിക്കാരമുണ്ടു ചാണക്യനും
- എന്നതുകൊണ്ടു വിശേഷിച്ചുപിന്നെയും 546
- ആധിപത്യമിന്നുകിട്ടിയെന്നേകനും
- സാധിച്ചിതു മൽ പ്രതിജ്ഞയെന്നേകനും 547
- ഉണ്ടാകകൊണ്ടുമിരുവർക്കുമന്യോന്യ-
- മുണ്ടാം വിരോധമതിനില്ല സംശയം 548
- ഇത്ഥമോരോന്നേ നിരൂപിച്ചു രാക്ഷസൻ
- ചിത്തമോദത്തോടിരുന്നതുകാലം 549
- ആവതല്ലേതുമിനിക്കിനിച്ചൊല്ലുവാൻ
- ആമെങ്കിൽ നാളെയും ചൊൽവനെന്നക്കിളി- 550
- പ്പൈതല്പറഞ്ഞു പലരോടുമിങ്ങിനേ
- പൈതീർത്തിരുന്നാൾ പരിചോടതുകാലം 551
ഇതിമുദ്രാരക്ഷസവഞ്ചനനാമഗാനവിശേഷം സമാപ്തം