Jump to content

ചാണക്യസൂത്രം (കിളിപ്പാട്ട്)/എട്ടാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • ബാലേപൈങ്കിളിപ്പെണ്ണേതേൻ മൊഴിയാളേ പാർത്താൽ
  • കാലത്തേക്കളയാതെ ചൊല്ലെടോ ശേഷം കഥാ 1
  • പാലോടു പഴം പഞ്ചസാരയും തേനും നല്ല
  • നീലമാം കരിമ്പിന്റെ ചാറതും തന്നീടുവൻ 2
  • പൈദാഹം കളഞ്ഞുള്ളം തെളിഞ്ഞുമനോരമേ
  • പൈതലേ കഥാശേഷം കഥയകഥയനീ 3
  • തത്തയുമതുകേട്ടു ചിത്തമോദവും കല-
  • ർന്നുത്തമമായ കഥാശേഷവും ചൊന്നാളെല്ലൊ:- 4
  • മ്ലേച്ഛനായുപേക്ഷിതനായൊരു മന്ത്രിവരൻ
  • വാച്ചോരുപരിതാപാൽ ഖിന്നനായ്പോകുന്നേരം 5
  • ചാണക്യപ്രണിധിയാമുന്ദുരുകാഖ്യൻ താനും
  • കാണാതേ നടന്നിതു പിന്നാലേ മറഞ്ഞുതാൻ 6
  • ചെന്നുടൻ ജീർണ്ണോദ്യാനം പുക്കുടനമാത്യനും
  • ഖിന്നനായ് മൂടിപ്പുതച്ചിരുന്നു നിരൂപിച്ചാൻ 7
  • എത്രയും കഷ്ടമോർത്താൽ മ്ലേച്ഛനന്ദനൻ തന്റെ
  • ചിത്തത്തിൽ വിവേകമില്ലായ്കയെന്നതുമിപ്പോൾ 8
  • സ്വാമിക്കുനാശം ഭവിച്ചീടിനേനാരന്തരം
  • തൂമയിൽ പരാഭവം വീണ്ടുകൊള്ളുവാനഹം 9
  • പർവതേശ്വരൻ തന്നെസ്സേവിച്ചുയത്നം ചെയ്തേ-
  • നുർവീശനവൻ താനും മരിച്ചാൻ വിധിവശാൽ 10
  • തൽപുത്രൻ തന്നെസ്സേവിച്ചീടിനേൻ പുനരഹം
  • നിഷ്ഫലമായ്‌വന്നിതുതൽ‌സേവാഫലമിപ്പോൾ 11
  • ഞാനൊരു പുരുഷൻ താൻ കണ്ടിരിക്കവേ തന്നെ
  • മാനവവീരന്മാരേ കൊല്ലിച്ച മൌര്യൻ തന്നെ 12
  • ചെന്നു ഞാൻ കാണുമെന്നു പർവതാത്മജനുള്ളിൽ
  • തോന്നിയതോർത്തുകണ്ടാൽ ദൈവത്തിൻ ബലമത്രേ 13
  • ദൈവത്താലുപഹതനായവനൊരിക്കലും
  • കൈവന്നീടുമോ ശുഭം ഹാഹന്ത!നിരൂപിച്ചാൽ 14
  • മാനുഷർക്കുള്ള ഗുണദോഷങ്ങളെല്ലാനാളും
  • കാണുന്നിതോരോകാലമോരോരോതരമല്ലോ 15
  • നന്ദഭൂപതിരാജ്യം വാണുകൊണ്ടിരിക്കുമ്പോൾ
  • മന്നവൻ തന്റെ മന്ത്രിസത്തമനായീടിനേൻ 16
  • ഞാൻ മേവും ഗൃഹത്തിങ്കൽ ഭൂപന്മാർ കാര്യവശാൽ
  • കാണ്മാനായ് വന്നു കെട്ടിക്കിടക്കുന്നവരോടും 17
  • കൂടി ഞാനൊരുമിച്ചു രാജധാനിക്കു പോം‌പോൾ
  • വീടതിലിരുന്നുള്ള പൌരന്മാരെല്ലാവരും 18
  • രാക്ഷസാമാത്യനിതാ പോകുന്നുവെന്നു ചൂണ്ടി
  • പ്രേക്ഷകന്മാർക്കു കാട്ടിക്കൊടുക്കുമെല്ലോപുരാ 19
  • രാജാവിനോളമുള്ള പദവിയോടും കൂടി
  • രാജാജ്ഞാകരനായി വാണുകൊണ്ടിരുന്നു ഞാൻ 20
  • അയ്യോ കാൺ വിധിബലം കള്ളനേപ്പോലെയിപ്പോൾ
  • പയ്യവേജീർണ്ണോദ്യാനം പുക്കൊളിച്ചിരിക്കുന്നു 21
  • ഇക്കാലം നിനക്കിതെന്നീശ്വരൻ നിയോഗിച്ചാ-
  • ലക്കാലമതുമനുഭവിക്കെന്നതേവരൂ 22
  • ചന്ദനദാസൻ തന്റെ വൃത്താന്തമറിവാനായ്
  • മന്ദനാമിനിക്കുള്ളിലാഗ്രഹമിനിയുള്ളു 23
  • ആരാനും പറഞ്ഞതു കേൾക്കുന്നീലയെന്നുള്ളി-
  • ലോരോരൊതരമിത്ഥം ചിന്തിച്ചു മന്ത്രിശ്രേഷ്ഠൻ 24
  • ചിത്തത്തിൽ നിറഞ്ഞോരു താപത്താൽ വിഷണ്ണനാ-
  • യുത്തമൻ ജീർണ്ണോദ്യാനം തന്നിലങ്ങിരിക്കുമ്പോൾ 25
  • ഉന്ദുരുകാഖ്യനായ ചാണക്യൻ തന്റെ ചാരൻ
  • മന്ത്രിതൻ വൃത്താന്തങ്ങളെപ്പേരുമറിഞ്ഞുടൻ 26
  • പാടലിപുത്രപുരമ്പുക്കവൻ മൌര്യനോടും
  • കൌടില്യവിപ്രനോടുമീവണ്ണമറിയിച്ചാൻ 27
  • “രാക്ഷസൻ ജീർണ്ണോദ്യാനത്തിങ്കലുണ്ടിരിക്കുന്നു
  • കാംക്ഷിതമാകുന്നതു ചന്ദനദാസൻ തന്റെ 28
  • വൃത്താന്തമറിവാനെന്നിനിക്കുതോന്നുന്നതു-
  • മുത്തമവിപ്രകുലസത്തമ! ധരിച്ചാലും” 29
  • എന്നതുകേട്ടുപറഞ്ഞീടിനാൻ ചാണക്യനും
  • ഉന്ദുരുകാഖ്യനോടു മെല്ലവേ ചിരിച്ചപ്പോൾ 30
  • “നീയൊരു കാര്യമുണ്ടു വേണ്ടതെന്നറിഞ്ഞാലും
  • കായനാശത്തേ ചെയ്‌വാൻ ജീർണ്ണോദ്യാനത്തിൽ ചെന്നു 31
  • രാക്ഷസൻ കാൺകെത്തന്നെ കാണാതേ വലിയൊരു
  • വൃക്ഷാഗ്രത്തിന്മേൽ കെട്ടിഞാണുചാവതിനായി 32
  • ഭാവിച്ചീടുക വേണമന്നേരം മന്ത്രിവരൻ
  • താപത്തോടു നീയെന്തു കാട്ടുന്നതെന്നു ചൊല്ലും 33
  • അന്നേരം ചിലവസ്തു പറയേണ്ടതുമിപ്പോൾ
  • കർണ്ണത്തിലുപദേശിച്ചീടുവൻ വരികനീ” 34
  • അന്നേരമടുത്തുചെന്നീടിനാനവൻ താനും
  • കർണ്ണത്തിലുപദേശിച്ചയച്ചാൻ ചാണക്യനും 35
  • പിന്നെയസ്സിദ്ധാർത്ഥകൻ തന്നേയും ചണകജൻ
  • ഉന്നതനായ സമുദ്ധാർത്ഥകനേയും പിന്നെ 36
  • തന്നരികത്തു വിളിച്ചിങ്ങിനേ ചൊല്ലീടിനാൻ
  • “മന്നവാജ്ഞയാദിവാകീർത്തിവേഷത്തെപ്പൂണ്ടു 37
  • ചന്ദനദാസൻ തന്നെക്കൊണ്ടുപോയ്ക്കൊന്നീടുവിൻ
  • ഉന്നതനായ മന്ത്രി വന്നതു വിരോധിച്ചാൽ 38
  • കൊല്ലാതെയതുനേരം നിങ്ങളിലൊരുവൻ താൻ
  • മെല്ലവേ വന്നിങ്ങറിയിക്ക”യെന്നയച്ചുതെ 39
  • കുണ്ടറതുറന്നവർ ചെട്ടിയെപ്പുറത്താക്കി
  • കണ്ടഭീഷണങ്ങളാം വാക്കുകൾ പറഞ്ഞേറ്റം 40
  • പാശവുമരെക്കുബന്ധിച്ചവർ കുപിതരായ്
  • വേഷവും ചപലന്മാരെപ്പോലെധരിച്ചഥ 41
  • ചന്ദനദാസൻതന്നെക്കൊല്ലുവാനായിക്കൊണ്ടു
  • മന്ദമെന്നിയേകുലനിലത്തുകൊണ്ടുപോമ്പോൾ 42
  • ശ്രേഷ്ഠിതൻ കുഡുംബിനി താനും തൻപുത്രൻ താനും
  • ഇഷ്ടരായുള്ള നിജഭൃത്യരും ദുഃഖത്തോടെ 43
  • ആകവേമുറവിളിച്ചയ്യോപാപമേകൂടെ-
  • ച്ചാകയെന്നുറച്ചവർ കൂടവേ നടന്നിതു 44
  • വദ്ധ്യമാലയുമണിഞ്ഞുത്തമനാകുംശ്രേഷ്ഠി-
  • സത്തമ കുലനിലം തന്നിൽ പുക്കനന്തരം 45
  • ഉന്ദുരുകൻ താനൊരു പാശവുമെടുത്തഥ
  • മന്ദമെന്നിയെ ജീർണ്ണോദ്യാനത്തിലകം പുക്കു 46
  • രാക്ഷസാമാത്യൻ കാണ്മാൻ കരഞ്ഞുകരഞ്ഞൊരു
  • വൃക്ഷശാഖമേൽ കെട്ടി ഞാലുവാൻ തുടങ്ങുമ്പോൾ 47
  • മന്ത്രിയുമതുകണ്ടുവന്നുര ചെയ്താൻ
  • “കിമിദം ചിന്തിച്ചതെന്തെന്നു നീ പറഞ്ഞാലും” 48
  • എന്നതുകേട്ടു മാറത്തടിച്ചു കരഞ്ഞവൻ
  • ധന്യനാമമാത്യനോടിങ്ങിനെ ചൊല്ലീടിനാൻ 49
  • “എന്തു ഞാൻ പറയുന്നതയ്യോപാപമേമമ
  • ബന്ധുനാശത്തേ ചിന്തിച്ചിങ്ങിനേ ചെയ്യുന്നു ഞാൻ” 50
  • ഇത്തരം കേട്ടു മന്ത്രിസത്തമനുരചെയ്താൻ
  • ഉത്തമന്മാരില്വച്ചത്യുത്തമനല്ലോ ഭവാൻ 51
  • മിത്രനാശത്താൽ നിജഗാത്രനാശത്തേചെയ്‌വാ-
  • നുത്തമന്മാർക്കെ പുനരെത്തുമെന്നറികനീ 52
  • ബന്ധുനാശത്തിന്നെന്തുകാരണമെന്നുഭവാ-
  • നന്തരം കൂടാതേ കണ്ടെന്നോടു പറയണം” 53
  • എന്നതുകേട്ടു മന്ത്രിവീരനോടവൻ താനും
  • ഖിന്നനായുരചെയ്താനെന്തതുപറയുന്നു? 54
  • “ബന്ധുവിനോടു പിരിഞ്ഞിരിപ്പാനരക്ഷണം
  • ഹന്ത ഞാൻ ശക്തനല്ല സാം‌പ്രതം ചാകുന്നു ഞാൻ 55
  • എന്തതിൻ മൂലമെന്നു ചൊല്ലുവാനിനിക്കരു-
  • തെന്തിനുചൊല്ലുന്നു ഞാൻ കാലത്തെക്കളവാനോ?” 56
  • മന്ത്രിയുമതുകേട്ടു പിന്നെയും നിർബന്ധിച്ചാ-
  • “നെന്തതിൻ മൂലമെന്നു ചൊല്ലിയേ മതിയാവൂ” 57
  • “ആവതല്ലല്ലോ ഭവാനിങ്ങിനേ നിർബ്ബന്ധിച്ചാൽ
  • ചാവതു മുടക്കായ്കിൽ ചൊല്ലാമെന്നവൻ ചൊന്നാൻ” 58
  • “ചാക്കുഞാൻ മുടക്കയില്ലെടോ! ഞാനും കൂടി
  • ചാക്കിനു കോപ്പിട്ടതത്രേ ജീർണ്ണോദ്യാനത്തിൽ വന്നു” 59
  • ഇങ്ങിനേ മന്ത്രിശ്രേഷ്ഠൻ ചൊന്നതുകേട്ടനേരം
  • തിങ്ങിന താപത്തോടേ ചൊല്ലിനാനവൻ താനും 60
  • “എങ്കിലൊ സ്വർണ്ണശ്രേഷ്ഠിജിഷ്ണുദാസാഖ്യനിപ്പോൾ
  • തങ്കലുള്ളർത്ഥമെല്ലാം വിപ്രർക്കു ദാനം ചെയ്തു 61
  • ഖിന്നനായ് നഗരത്തിൽ നിന്നുടൻ പുറപ്പെട്ടു
  • അഗ്നിയിൽ ചാടിയിപ്പോൾ മരിപ്പാൻ തുടങ്ങുന്നു 62
  • എത്രയും പ്രിയനല്ലോ ജിഷ്ണുദാസാഖ്യൻ മമ
  • മിത്രനാശത്താൽ ഞാനും പ്രാണനെക്കളയുന്നു” 63
  • മന്ത്രിയുമതുകേട്ടു സങ്കടത്തോടേ ചൊന്നാൻ
  • “എന്തുനിന്നുടെ ബന്ധുവാകിയ ജിഷ്ണുദാസൻ 64
  • എന്തൊരു മൂലമിപ്പോൾ വഹ്നിയിൽ വീണീടുന്നു?
  • സന്തതം വ്യാധികളാൽ ദീനനായ് ചമകയോ? 65
  • ക്ഷുദ്രനാം മൌര്യൻ തന്റെ ദുർന്നയം നിമിത്തമോ?
  • ഉത്തമജനങ്ങളേ കൊന്നു പോകയോ സഖേ!? 66
  • കാണരുതാത കുലസ്ത്രീകളേ ഗമിക്കയോ?
  • മാനത്തിന്നൊരു ഹാനി സാം‌പ്രതം വരികയോ?”
  • എന്നതുകേട്ടനേരം ചൊല്ലിനാനവൻ താനും
  • “ഇപ്പറഞ്ഞതിലൊന്നും ചെയ്തിട്ടില്ലവനിപ്പോൾ
  • സല്പുരുഷരിൽ മുമ്പനാകുന്നു ജിഷ്ണുദാസൻ” 68
  • രാക്ഷസനതുകേട്ടു പിന്നെയും ചോദ്യം ചെയ്താൻ
  • അക്ഷമനായിത്തദാവ്യാകുലഹൃദയനായ് 69
  • “ചൊല്ലെടോസുഹൃന്മരണത്തിനുള്ളവകാശം
  • നല്ലനെത്രയും ജിഷ്ണുദാസനെന്നറിഞ്ഞാലും” 70
  • എന്തതു പറഞ്ഞിനിക്കാരിയം മഹാമതേ?
  • ബന്ധുനാശത്താൽ മനം വെന്തുരുകുന്നു മമ 71
  • കിഞ്ചനപറഞ്ഞീടാമെങ്കിലോ കേൾക്കഭവാൻ:-
  • “വഞ്ചതിയുള്ള ചണകാത്മജനിയോഗത്താൽ 72
  • ചന്ദനദാസൻ തന്നെ കൊല്ലുവാൻ കൊണ്ടു പോം‌പോൾ
  • ബന്ധുവാം ജിഷ്ണുദാസനെത്രയും ദുഃഖത്തോടേ 73
  • ചന്ദ്രഗുപ്തനോടപേക്ഷിച്ചിതു പലതരം
  • ചന്ദനദാസൻ മമ ബന്ധുവാകുന്നിതഹോ! 74
  • ബന്ധുനിഗ്രഹം വേണ്ടാ ഭൂപതേ! മഹാധനം
  • ചിന്തചെയ്യാതേ തരാമൊക്കവേ മഹാമതേ! 75
  • സങ്കടംഅതുമൂലമേറ്റമുണ്ടിനിക്കിപ്പോൾ
  • നിൻ കൃപയൊഴിഞ്ഞെന്തു ശരണം കൃപാനിധേ!? 76
  • ഇത്തരമവനപേക്ഷിച്ചതു കേളായ്കയാൽ
  • സത്വരമഗ്നിപ്രവേശത്തിനുതുടങ്ങുന്നു” 77
  • രാക്ഷസനതുകേട്ടു കണ്ണുനീരോടും കൂടി
  • തൽക്ഷണേ സഗൽഗദമിങ്ങിനേ ചൊല്ലീടിനാൻ:- 78
  • “എത്രയും ചിത്രം ചിത്രം ജിഷ്ണുദാസന്റെയൊരു
  • മിത്രസ്നേഹത്തിൻ ബലമെന്നതേ പറയാവൂ 79
  • അർത്ഥകാരണം കൊണ്ടു പുത്രനെക്കൊല്ലും താതൻ
  • പുത്രനും നിജതാതൻ തന്നെയും കൊല്ലുമല്ലോ 80
  • ബന്ധുക്കൾ തമ്മിൽ തന്നെ കൊന്നുപോമർത്ഥാശയാ
  • അന്തണരെയും കൊന്നു വിത്തത്തേ ഹരിച്ചീടും 81
  • കാന്തനെയുറങ്ങുമ്പോൾ നാരികൾ വധിച്ചീടും
  • കാന്തനും നിജകാന്താനിഗ്രഹം ചെയ്യുമല്ലോ 82
  • അർത്ഥമാഹാത്മ്യമിത്ഥം പാർത്തുകാണുന്നനേരം
  • ചിത്രമീജിഷ്ണുദാസൻ മിത്രമൂലത്താലർത്ഥം 83
  • ഒക്കവേനൃപതിക്കു നൽകുകെന്നുറച്ചപ്പോൾ
  • ഇക്കണ്ടജനങ്ങളിലുത്തമൻ ജിഷ്ണുദാസൻ 84
  • ഉത്തരമതിനെന്തു ചന്ദ്രഗുപ്തനും ചൊന്ന-
  • തുത്തമഗുണാംബുധേ ചൊല്ലുക മടിയാതെ” 85
  • അന്നേരമുരചെയ്താനുന്ദുരുകാഖ്യൻ താനും:-
  • “മന്നവൻ ചന്ദ്രഗുപ്തൻ ചൊന്നതു ധരിച്ചാലും:- 86
  • അർത്ഥാശകൊണ്ടല്ല ഞാൻ ചന്ദനദാസൻ തന്നെ
  • സത്വരം കാരാഗൃഹേ ബന്ധിച്ചുവലച്ചതും 87
  • രാക്ഷസകുഡുംബത്തെ തന്നുടെ ഗൃഹത്തിങ്കൽ
  • സൂക്ഷിച്ചുവെച്ചുകൊണ്ടു രക്ഷിക്കുന്നിതുമവൻ 88
  • എത്രയും വളരെ നിർബ്ബന്ധിച്ചു പറഞ്ഞിട്ടു-
  • മത്രനാളുമേയതു കാട്ടീലാശഠനവൻ 89
  • മന്ത്രി തൻ കളത്രത്തെ കാട്ടുകയില്ലെന്നവൻ
  • ചിന്തിതമാകുന്നതിൻ കാരണാൽ ബന്ധിപ്പിച്ചു 90
  • കൊല്ലുകയൊഴിഞ്ഞൊരു കാര്യമില്ലിനിതവ
  • നല്ലതിക്കാര്യമുരിയാടാതെപൊയ്ക്കൊൾകെടോ 91
  • ജിഷ്ണുദാസനോടേവം ചന്ദ്രഗുപ്തനാം നൃപൻ
  • ഉഷ്ണിച്ചു പറഞ്ഞതു കേട്ടതി ദുഃഖത്തോടെ 92
  • മിത്രത്തെപ്പിരിഞ്ഞുഞാനിരിക്കുന്നീലെന്നോർത്തു
  • സത്വരമഗ്നിപ്രവേശത്തിനു തുടങ്ങുന്നൂ 93
  • മിത്രനാശത്താൽ ഞാനും പ്രാണനെക്കളവാനാ-
  • യത്രവന്നിതു മന്ത്രിസത്തമ! ധരിച്ചാലും 94
  • ചെന്നതു തടുപ്പതിന്നാളല്ലെന്നിരിക്കിലും
  • ഇന്നിതുചെയ്തീടുവാനാളു ഞാനറിഞ്ഞാലും 95
  • മിത്രമെന്നിവണ്ണം രണ്ടക്ഷരം ചമച്ചതി-
  • നെത്രമാഹാത്മ്യമെന്നു ചൊല്ലാമോ വിരിഞ്ചനും?” 96
  • ഉന്ദുരുകോക്തികേട്ടുരാക്ഷസൻ ചൊന്നാനപ്പോൾ
  • “ചന്ദനദാസൻ തന്നെ കൊന്നിതോ ശിവശിവ” 97
  • ചൊല്ലിനാനതുകേട്ടു മന്ത്രിയോടവനപ്പോൾ
  • “കൊല്ലുവാനവകാശമില്ലത്രേമഹാമതെ! 98
  • കാലത്തിൻ വിളംബനമാകുന്നതിപ്പൊൾതവ
  • നീലക്കാർ കുഴലിയെക്കാട്ടുവാൻ നിർബ്ബന്ധിച്ചു 99
  • ഭീഷണമായിട്ടുള്ള വാക്കുകൾ പറകയും
  • ദൂഷണങ്ങളെത്തന്നെ പിന്നെയും പറകയും 100
  • ഈവണ്ണമോരോതരം കൊണ്ടിപ്പോൾ ശ്രേഷ്ഠീന്ദ്രനും
  • കേവലം മരണത്തിന്നാകുന്നു വിളംബനം 101
  • ധന്യനാം ഭവാനുടെ ബന്ധുത്വം നിനച്ചവൻ
  • എന്നുമേതവകുഡുംബത്തെ നൽകീല നൂനം” 102
  • ഇത്തരമവൻ പറഞ്ഞീടിനോരനന്തരം
  • ഉത്തമനായ മന്ത്രിസത്തമൻ നിരൂപിച്ചാൻ 103
  • “ചന്ദനദാസൻ തന്നോടൊത്തവരാരുമില്ല
  • നിർണ്ണയമൊരുപുമാനൂഴിയിൽ പാർത്തുകണ്ടാൽ 104
  • ബന്ധുസ്നേഹത്താൽ ഭവാനെന്തെല്ലാം ദണ്ഡങ്ങളെ
  • എന്തൊരു കഷ്ടമനുഭവിച്ചതോർക്കുന്നേരം” 105
  • എന്തിനിവേണ്ടതെന്നൊരാവേശം മനക്കാമ്പിൽ
  • ചിന്തിച്ചുനിൽക്കുന്നേരം ജ്വലിച്ചു രോഷാഗ്നിയും 106
  • കണ്ണിണചുവന്നിതു ഞെരിഞ്ഞൂപുരികങ്ങൾ
  • മിന്നുന്ന കരവാളും കൈത്തലേ പിടിച്ചുടൻ 107
  • ഉച്ചത്തിലിടിവെട്ടും പോലെയങ്ങുരചെയ്താൻ
  • “നിശ്ചയം മരിക്കേണ്ടാ ഞനുണ്ടെന്നറിഞ്ഞാലും 108
  • കൃഷ്ണവർത്മാവിൽ പ്രവേശിപ്പതിനൊരുമ്പെട്ട
  • ജിഷ്ണുദാസനെത്തടുത്തീടുക വൈകാതെപോയ് 109
  • ചെന്നു ഞാൻ രിപുക്കളെ വെട്ടിക്കൊന്നറുത്തുടൻ
  • ചാഞ്ചല്യം കൂടാതെയാക്കീടുവനവർകളെ” 110
  • സന്തോഷിച്ചവനപ്പോൾ മന്ത്രിതൻ കാക്കൽ വീണു
  • വന്നിച്ചങ്ങെഴുനീറ്റു നിന്നുര ചെയ്തീടിനാൻ 111
  • “ആര്യന്റെ കൃപയൊഴിഞ്ഞേതുമില്ലിനിക്കഹോ
  • വീര്യപൂരുഷന്മാരിൽ മുമ്പനല്ലയോ ഭവാൻ 112
  • ഞാനൊന്നു പറയുന്നതുണ്ടിനി മഹാമതേ!
  • മാനമേറീടും ഭവാൻ വാളുമായടുകുമ്പോൾ 113
  • സത്വരം ഭവാനണയുന്നതിനുമുന്നം തന്നെ
  • വദ്ധ്യനെഗ്ഘാതകന്മാർ കൊന്നുടനോടിപ്പോകും 114
  • എന്നതുകൊണ്ടു ഭവാനായുധം കൂടാതെപോയ്
  • ചന്ദനദാസൻ തന്നെ വേർപെടുത്തയച്ചാലും 115
  • ഞാനിതാ ജിഷ്ണുദാസനാകുന്ന സുഹൃത്തിനെ
  • മാനമോടഗ്നിപ്രവേശത്തിങ്കന്നൊഴിക്കുന്നേൻ” 116
  • “പോകനീ”യെന്നു പറഞ്ഞയച്ചാനവനെയു-
  • മാകുലം കളഞ്ഞമാര്യേന്ദ്രനുമെഴുനീറ്റീ- 117
  • ട്ടായുധം കൂടാതവൻ ചൊന്നതുപോലെതന്നെ
  • വായുവേഗേന വധഭൂമിക്കു നടന്നുതേ 118
  • ചന്ദനദാസൻ താനും ഭാര്യയും പുത്രൻ താനും
  • കുന്തങ്ങൾ കരങ്ങളിലേന്തിയ ചണ്ഡാലരും 119
  • ചെന്നുടൻ കുലനിലം പുക്കതുനേരത്തിങ്കൽ
  • ഉന്നതന്മാരാം ദിവാകീർത്തികൾ ചൊല്ലീടിനാർ 120
  • “ശ്രേഷ്ഠികൾ കുലശ്രേഷ്ഠ! കേളെടോ ഭവാനിപ്പോൾ
  • നിഷ്ഠുരമായ കുലഭൂമിയിലകപ്പെട്ടു- 121
  • മന്ത്രിതൻ കുഡുംബത്തെ നൽകുക മടിയാതെ
  • ചന്ദ്രഗുപ്തനായുള്ള ഭൂപതിതനിക്കിപ്പോൾ, 122
  • ഇന്നുമക്കാര്യം ഭവാൻ ചെയ്കയില്ലെന്നു വന്നാൽ
  • വന്നുപോം ദേഹത്തിനു നാശമെന്നറിഞ്ഞാലും” 123
  • ഇത്തരമവരുടെ വാക്കുകൾ കേട്ടിട്ടവ-
  • നുത്തരമവർകളോടിങ്ങിനെ ചൊല്ലീടിനാൻ 124
  • “മിത്രകാര്യത്താൽ മരിക്കുന്നതിനിനിക്കിപ്പോൾ
  • ചിത്തത്തില്പരവശമില്ലെന്നു ധരിച്ചാലും” 125
  • കണ്ണുനീരോടും കൂടിപ്പിന്നെയും മണിക്കാരൻ
  • തന്നരികത്തുനിൽക്കും ഭാര്യയോടുരചെയ്തു 126
  • “വല്ലഭേ! പൊയ്ക്കൊൾകനീ ബാലകനോടും കൂടി
  • വല്ലതും വിചാരിച്ചു ഖേദിച്ചീടരുതല്ലൊ 127
  • ബാലനെപ്പരിപാലിച്ചീടുക ഭവതി നീ
  • കാലദോഷത്താൽ വന്നതൊഴിച്ചുകൂടാനാഥെ!“ 128
  • ഭർത്താവിൻ വചനങ്ങളിങ്ങിനേ കേട്ടിട്ടവൾ
  • ചിത്തതാപേന കരഞ്ഞീവണ്ണമുരചെയ്താൾ 129
  • “എന്നുടെ ഭർത്താവെ! ഞാൻ നിന്നോടു പിരിഞ്ഞയ്യോ
  • മന്നിടത്തിങ്കലിരിക്കുന്നതെങ്ങിനെനാഥ? 130
  • നിന്നോടുകൂടെ പരലോകത്തു പോന്നു ഞാനും
  • ധന്യനാം നിന്നെസ്സേവിച്ചീടുകെന്നതേയുള്ളു” 131
  • “ബാലേ! നീ കൂടെ മരിച്ചീടുകെന്നാൽ‌പ്പിന്നെ
  • ബാലനാമിവനെന്തുശരണം ജീവനാഥേ! 132
  • വാണിഭം ചെയ്തുകാലം കഴിച്ചു കൊൾവാനേതും
  • വാണിഭത്തിങ്കൽ പരിചയിച്ചീലല്ലോ ബാലൻ” 133
  • “അയ്യോ മൽ പ്രാണനാഥ! ബാലനേക്കാത്തീടുവാൻ
  • പൊയ്യല്ല കുലദൈവമുണ്ടെന്നു ധരിച്ചാലും 134
  • ആശ്രയമില്ലാതവർക്കീശ്വരൻ തന്നേപുന-
  • രാശ്രയമാകുന്നതുമെന്നല്ലൊപറയുന്നു” 135
  • അന്നേരം പുത്രൻ താനും താതനെ വന്ദിച്ചഥ
  • കണ്ണുനീരോടേ കരഞ്ഞിങ്ങിനെ ചൊല്ലീടിനാൻ:- 136
  • “താതനെപ്പിരിഞ്ഞരനാഴികനേരം പോലും
  • ചേതസി പാർത്താലറിയുന്നതില്ലയ്യോ ഞാനും 137
  • പിന്നെ ഞാനെവിടേക്കു പോകുന്നു മഹാമതേ!
  • മുന്നെ ഞാനറിയുന്ന ദേശവുമില്ല പാർത്താൽ 138
  • ആരിനിപ്പരിപാലിച്ചിങ്ങിനെലാളിപ്പാനു-
  • മാരിനിത്തരിവളമോതിരം തരുവാനും” 139
  • ഇങ്ങിനെ പറഞ്ഞവൻ കണ്ണുനീർ തൂകിത്തൂകി
  • തിങ്ങിനെ ദുഃഖം പൊറഞ്ഞുച്ചത്തിൽ കരകയും 140
  • അച്ഛനുമവനോടു കണ്ണുനീർ വാർത്തു ചൊന്നാ-
  • “നിച്ചതി ചെയ്ത ചണകാത്മജനില്ലാത്തൊരു 141
  • ദിക്കതിൽ ചെന്നു വസിച്ചീടുക വത്സ! നീയു-
  • മിക്കുടിലന്മാർ നിന്നെക്കൊല്ലുമല്ലായ്കിൽ നൂനം” 142
  • ദണ്ഡപാണികയെപ്പോലെ കുന്തവുമേന്തിത്തദാ
  • ചണ്ഡാലന്മാരുമിരുപുറത്തും നിന്നു ചൊന്നാർ 143
  • “നാട്ടിയ കഴുവിന്മേലേറ്റുവാൻ നിന്നെ ഞങ്ങൾ-
  • ക്കൊട്ടുമേ വൈകിച്ചുകൂടായെന്നു ധരിച്ചാലും 144
  • ഊഴിയിലിരുന്നാലും മാറത്തു കുന്തം കുത്തി-
  • പ്പായിച്ചീടുവാൻ ഞങ്ങൾ നിന്നെയിക്കഴുവിന്മേൽ” 145
  • “അയ്യോയെന്നതുനേരം പുത്രനും ഭാര്യ താനും
  • മെയ്യഴകുള്ള കാന്ത! താത! യെന്നലറിയും” 146
  • ചന്ദനദാസൻ താനും ചഞ്ചലം കൈവിട്ടപ്പോൾ
  • നന്ദനനോടും നിജ ഭാമിനിയോടും ചൊന്നാൻ 147
  • “എന്തിനു കരഞ്ഞുഴൽ തേടുന്നു കാന്തേ! നീയും
  • ഹന്തനീവത്സ! കരഞ്ഞീടുക വേണ്ടയല്ലോ 148
  • ആപത്തുവരുന്നേരമീശ്വരൻ തുണയുണ്ടാം
  • താപത്തെക്കെടുപ്പാനെന്നുള്ളതുകേട്ടിട്ടില്ലേ? 149
  • ബന്ധുക്കൾ നിമിത്തമായ് വന്നതിന്നിളയ്ക്കാമോ?
  • ചിന്തിച്ചാൽ മമദോഷം കൊണ്ടുവന്നതുമല്ല 150
  • എന്നതുകൊണ്ടു കരഞ്ഞീടുവാനവകാശം
  • കന്നൽ നേർമിഴിയാളെ! പാർത്തുകണ്ടാലില്ലല്ലോ” 151
  • അന്നേരം പിടിപെട്ടാർ ചന്ദനദാസൻ തന്നെ
  • കണ്ണിണ ചുവത്തിയ ചണ്ഡാലരിരുവരും 152
  • ചനദനദാസൻ താനും ചൊല്ലിനാനതുനേരം
  • “നന്ദനൻ തന്നേപ്പുണർന്നാശ്വസിപ്പിച്ചീടുവാൻ 153
  • കിഞ്ചനകാലം തരികെ”ന്നതുകേട്ടനേരം
  • നെഞ്ചകം കുളിർത്തവൻ കൈവിട്ടാനവനെയും 154
  • പുത്രനെപ്പുണർന്നിതു ഗാഢമായവൻ പിന്നെ
  • “മിത്രത്തെയുപേക്ഷിച്ചീടായ്കെ”ന്നു ചൊല്ലീടിനാൻ 155
  • “ബാല! നീ ചിരകാലം ജീവിക്കെ”ന്നാശീർവാദം
  • ഓലോലേവീഴും കണ്ണുനീരോടെ ചൊല്ലീടിനാൻ 156
  • തക്കത്തിൽ പിടിക്കെന്നു ചൊല്ലിയശ്വപചന്മാർ
  • ചിക്കനെപ്പിടിപെട്ടാർ ശ്രേഷ്ഠിയെയതുനേരം 157
  • തല്പുത്രകളത്രങ്ങളുച്ചതിലതുനേരം
  • “മല്പതേ!താത” യെന്നു വാവിട്ടു കരകയും 158
  • “ആരയ്യൊപരിപാലിപ്പാ”നെന്നു പറകയും
  • പാരാത”ഞാനുണ്ടെ” ന്നു രാക്ഷസാമാത്യൻ താനും 159
  • ഉച്ചത്തിൽ വിളിച്ചുടൻ പറഞ്ഞുവരുന്നതും
  • ആശ്ചരിയപ്പെട്ടുകണ്ടീടിനാനവർകളും 160
  • ക്രുദ്ധനായ്ക്കുലനിലം പുക്കുടനമാത്യനും
  • സത്വരം ചണ്ഡാലരോടിങ്ങിനെ ചൊല്ലീടിനാൻ:- 161
  • “ചന്ദനദാസൻ തന്നെ കൊല്ലുക വേണ്ട നിങ്ങൾ
  • മന്ദനാമെന്നെത്തന്നെ കൊല്ലുകേയിനിവേണ്ടൂ 162
  • സ്വാമിനാശത്തിങ്കൽ ഞാനന്ദനായ് മരിയാതെ
  • ഭൂമിയിലിരുന്നുള്ള ബന്ധുനാശവും കണ്ടു 163
  • ശത്രുക്കൾ ചെയ്യും പരാഭവങ്ങൾക്കെല്ലാമൊരു
  • പാത്രമായ്പിടിയാതെ നാണമില്ലാതൊരെന്റെ 164
  • കണ്ഡത്തിൽ വധമാല ബന്ധിച്ചു മടിയാതെ
  • ചണ്ഡാലന്മാരെ! നിങ്ങൾ കൊല്ലുവിൻ വൈകീടാതെ” 165
  • ചന്ദനദാസൻ താനും ഖിന്നനായതുനേരം
  • മന്ദമായ് മന്ത്രികുലവീരനോടുര ചെയ്താൻ 166
  • “എന്തിനു തുടങ്ങുന്നു ചിന്ത ചെയ്യാതെ ഭവാൻ?
  • ബന്ധുകാര്യത്തിൻ ഫലം നിഷ്ഫലമാക്കീടാതെ 167
  • മിത്രത്തെ ചൊല്ലി മരിച്ചീടുകിലിതിനിപ്പോൾ
  • ചിത്രമാം വിഷ്ണുപദം പ്രാപിക്കാമല്ലൊസഖെ!“ 168
  • കണ്ണുനീർ വാർത്തു പറഞ്ഞീടിനാനമാത്യനും
  • “നന്നുനന്നെടോ തവ ബന്ധുവല്ലയോ ഞാനും 169
  • നീ ചെയ്ത ബന്ധുത്വത്തിന്നേകദേശത്തെ ചെയ്‌വാൻ
  • നീചമാനസനായൊരിനിക്കാകായെന്നുണ്ടോ?” 170
  • എന്നതുകേട്ടു ചണ്ഡാലന്മാരിലേകൻശീഖ്രം
  • ചെന്നുമന്നവനോടും ചാണക്യനോടും ചൊന്നാൻ 171
  • “ചന്ദനദാസൻ തന്നെ കൊല്ലുവാൻ തുടങ്ങുമ്പോൾ
  • മന്ത്രിരാക്ഷസൻ വന്നു ഞങ്ങളെ വിരോധിച്ചു” 172
  • ഇങ്ങിനെ കേട്ടു ചന്ദ്രഗുപ്തനും ചാണക്യനും
  • തിങ്ങിനെ മോദം പൂണ്ടു വേഗേന പുറപ്പെട്ടാർ 173
  • ചെന്നുടൻ കുലനിലം പുക്കമാത്യന്റെ പാദം
  • വന്ദിച്ചു നിന്നാർ ചണകാത്മജ മൌര്യന്മാരും 174
  • മന്ത്രിയോടതുനേരം ചാണക്യമഹീസുരൻ
  • മന്ദഹാസവും ചെയ്തു മന്ദമായുര ചെയ്താൻ 175
  • “ചന്ദ്രഗുപ്തനും ഞാനും വന്ദിച്ചു നിൽക്കുന്നേരം
  • എന്തഹോ ഭവാനേതും മിണ്ടാത്തെന്നുര ചെയ്തു” 176
  • പിന്നെയും വിഷ്ണുഗുപ്തമൌര്യന്മാർചെന്നുകാക്കൽ
  • വീണുടൻ നമസ്കരിച്ചീടുവാൻ തുടങ്ങുമ്പോൾ 177
  • കുണ്ഠിതഭാവം പൂണ്ടു ചൊല്ലിനാനമാത്യനും
  • “ചണ്ഡാലസ്പർശംകൊണ്ടു ദൂഷിതനഹമിപ്പോൾ 178
  • എന്നതുകൊണ്ടുതൊട്ടുപോകരുതെന്നെ നിങ്ങൾ”
  • എന്നുരചെയ്തു വാങ്ങി നിന്നിതു മന്ത്രീന്ദ്രനും 179
  • കൌടില്യനതുകേട്ടു മന്ദഹാസവും പൂണ്ടു
  • കേടുതീർത്തേവം മന്ത്രിരാക്ഷസനോടു ചൊന്നാൻ 180
  • “ചണ്ഡാലന്മാരല്ലിവർ കണ്ഡാലാകൃതിയത്രെ
  • കണ്ടറിവതിനവകാശമുണ്ടിവർകളെ 181
  • പണ്ടിവർ തവ ഭൃത്യന്മാരെന്നു ധരിച്ചാലും
  • ദണ്ഡാധികാരിയാകും സിദ്ധാർത്ഥനിവനല്ലൊ 182
  • വ്യാജേനശകടനെക്കൊണ്ടൊരുലേഖപണ്ടു
  • രാജപൂരുഷനെഴുതിച്ചതുമിവനല്ലൊ 183
  • അന്യനെയറിഞ്ഞതില്ലേ ഭവാൻ മഹാമതേ!
  • ധന്യനാകുന്ന സമുദ്ധാർത്ഥകനറിഞ്ഞാലും 184
  • വ്യാജങ്ങൾ ഭവാനോടു സന്ധിചെയ്‌വതിന്നതേ
  • ആചരിച്ചിതു ഞങ്ങൾ സാമ്പ്രതം മഹാമതേ! 185
  • കിഞ്ചനപോലും ഭവാനോടൊരു വിദ്വേഷത്താൽ
  • അഞ്ചിതമതേ ഞങ്ങൾ ചെയ്തതല്ലറിഞ്ഞാലും 186
  • ലേഖയും ഭദ്രഭടാദികളും സിദ്ധാർത്ഥനും
  • ഭദ്രമായ് ഭവാൻ കൊണ്ടഭൂഷണത്രയമതും 187
  • മിത്രമായരികത്തു വന്നൊരു ക്ഷപണനും
  • ഇന്നുമാജീർണ്ണോദ്യാനേ വന്നൊരു പുരുഷനും 188
  • ചന്ദനദാസൻ തന്നെ ദണ്ഡിപ്പിച്ചതുമെല്ലാം
  • ചന്ദ്രഗുപ്തനോടിണക്കീടുവാൻ ഭവാനെ ഞാൻ 189
  • ചെയ്തകർമ്മങ്ങളെന്നു കേവലമറിഞ്ഞാലും
  • എന്നതു ഭവാനുള്ളിൽ ക്ഷമിച്ചു കൊള്ളേണമേ 190
  • ചന്ദനദാസൻ തന്റെ ജീവിതം വേണമെങ്കിൽ
  • ചന്ദ്രഗുപ്തന്റെ മന്ത്രിയാകയും വേണമല്ലോ 191
  • ഞാനധികാരസ്ഥാനമെടുത്ത ശസ്ത്രം ഭവാൻ
  • മാനമുൾക്കൊണ്ടു ധരിച്ചീടുകനവാംബുധേ!“ 192
  • രാക്ഷസനതുകേട്ടു വിപ്രനോടുരചെയ്താൻ
  • “സാക്ഷാൽ ഞാനതിന്നധികാരിയല്ലറിഞ്ഞാലും 193
  • യോഗ്യനായുള്ള ഭവാനെടുത്ത ശസ്ത്രമിപ്പോൾ
  • ഭാഗ്യഹീനന്മാർക്കെടുത്തീടുകയരുതല്ലൊ 194
  • അത്രയും വേണ്ടീലിനി മോഹമില്ലിതിനേതും
  • മിത്രത്തെ വധത്തിങ്കൽ നിന്നു രക്ഷിച്ചീടേണം” 195
  • വിഷ്ണുഗുപ്തനുമതു കേട്ടുര ചെയ്തീടിനാൻ
  • ഉഷ്ണിച്ചു മന്ത്രികുലശ്രേഷ്ഠനോ “ടെന്നാലിപ്പോൾ 196
  • ചന്ദ്രഗുപ്തന്റെ മന്ത്രിയാകയില്ലെന്നുനുണ്ടെങ്കിൽ
  • ചന്ദനദാസൻ തന്നെ കൊല്ലുകേയുള്ളു നൂനം” 197
  • മന്ത്രിയുമതുകേട്ടു വിപ്രനോടുരചെയ്താൻ
  • “ബന്ധുസ്നേഹത്തെക്കാളില്ലപ്പുറമിനിയേതും 198
  • കാര്യത്തെ സാധിപ്പിച്ചീടുന്നതു ബന്ധുസ്നേഹം
  • വീര്യത്തിന്നിതാനമസ്കാരമെന്നതേവേണ്ടൂ” 199
  • എന്നുരചെയ്തുശസ്ത്രം വാങ്ങിനാനമാത്യനും
  • അന്നേരം വിഷ്ണുഗുപ്തനേറ്റവും മോദത്തോടെ 200
  • മൌര്യനോടുരചെയ്താൻ” രാക്ഷസനിപ്പോൾ തവ
  • കാര്യസാധകകരനായിതെന്നറിഞ്ഞാലും 201
  • എന്നുടെ ബുദ്ധിവിലാസങ്ങളും പിന്നെത്തവ
  • മന്നവവിചിത്രമാം ഭാഗ്യത്തിൻ വിലാസവും 202
  • രാക്ഷസാമാത്യൻ തന്റെ നീതിയുമിവ മൂന്നും
  • ഇക്ഷിതിതലത്തിങ്കലൊന്നായിക്കളിക്കുമ്പോൾ 203
  • ദേവകൾ പോലുമെതിരില്ലെന്നുവരുമിപ്പോൾ
  • കേവലം നൃപനായി വാഴ്ക നീ മഹാമതേ!“ 204
  • മൌര്യനുമതുകേട്ടു മോദം പൂണ്ടുരചെയ്താൻ
  • “ആര്യന്മാരുടെ ബലം കേവലം മമബലം” 205
  • സന്തോഷിച്ചെല്ലാവരും പിന്നെപ്പോയ്പുരം പുക്കു
  • സന്തതം സമ്മാനിച്ചു മന്ത്രിയെ നൃപന്താനും 206
  • മൌര്യനുമതുകാലം കൌടില്യൻ പറകയാൽ
  • ആര്യനാമമാത്യനോടിങ്ങിനെചൊല്ലീടിനാൻ 207
  • “പർവ്വതപുത്രൻ തന്നെ ബന്ധിച്ചു കിടക്കുന്നു
  • സർവധാതവമതത്തിന്നു തക്കവണ്ണമാം” 208
  • ഉത്തമനായമന്ത്രിസത്തമനതുകേട്ടി-
  • ട്ടുത്തരം നൃപതിയോടിങ്ങിനെ ചൊല്ലീടിനാൻ 209
  • “പർവ്വതപുത്രനായ മലയകേതുവിനെ
  • സർവധാരക്ഷിച്ചയച്ചീടുകവേണമല്ലൊ 210
  • ആശ്രയമവനായിക്കഴിഞ്ഞുമുന്നമെന്നാ-
  • ലാശ്രയഭൂതൻ തന്നെ സമ്മാനിച്ചയക്കണം” 211
  • മൌര്യനുമതുകേട്ടിട്ടാര്യന്റെ മുഖം നോക്കി-
  • “ക്കാര്യമാകുന്നതെ”ന്നു പറഞ്ഞു ചാണക്യനും 212
  • ബന്ധവുമഴിച്ചുവിട്ടന്നേരം പർവതക-
  • നന്ദനൻ തനിക്കുള്ള പടയും ഭണ്ഡാരവും 213
  • പ്രാണനും നഗരവുമൊക്കവേകൊടുത്തഥ
  • മാനവവീരന്മാനിച്ചയച്ചാനതുകാലം 214
  • ആര്യന്മാരുടെ മനം തെളിഞ്ഞു പുനരഥ
  • മൌര്യനാം മഹീപതി ചന്ദനദാസൻ തന്നെ 215
  • തന്നരികത്തുവിളിച്ചാദരപൂർവം പിന്നെ
  • മന്നവൻ സർവനഗരശ്രൈഷ്ഠ്യംകൊടുത്തുടൻ 216
  • മുന്നം താനടക്കിയ ഭണ്ഡാരങ്ങളുമെല്ലാം
  • എണ്ണമോരോന്നേ കൊടുത്തീടിനാൻ സന്തോഷത്താൽ 217
  • ബന്ധിച്ച ജനങ്ങളെയൊക്കവെയഴിച്ചുവി-
  • ട്ടന്തർമ്മോദേന പാർപ്പിച്ചീടിനാനവരെയും 218
  • ചന്ദ്രഗുപ്തന്റെ ഗുണവൈഭവങ്ങളെക്കൊണ്ടു
  • സന്തതം മന്ത്രിക്കുള്ളിൽ സ്നേഹവും വളർന്നുതെ 219
  • ചാണക്യൻ താൻ ചെയ്തൊരു ഘോരമാം പ്രതിജ്ഞയെ
  • മാനത്താൽ സന്ധിച്ചു കെട്ടീടിനാൻ കുഡുംബയും 220
  • എത്രയും നിരാശനെന്നാകിലും ചാണക്യനു
  • വിത്തവുമനവധി നൽകിനാൻ ചന്ദ്രഗുപ്തൻ 221
  • “ഭൂമിനായകകുലമൌലിനായകക്കല്ലേ!
  • ഭൂമിയെ പാലിച്ചു നീ ജീവിക്ക ചിരകാലം” 222
  • ആശിയും പലതരമിങ്ങിനെചൊല്ലിച്ചൊല്ലി
  • ദേശികനായ വിഷ്ണുഗുപ്തനാം ദ്വിജശ്രേഷ്ഠൻ 223
  • യാത്രയും പറഞ്ഞുപോന്നാശ്രമം പുക്കു പിന്നെ
  • നിത്യവും തപസ്സുകൾ ചെയ്തുകൊണ്ടിരുന്നുതേ 224
  • പിന്നെയും വന്നു ചന്ദ്രഗുപ്തനേക്കണ്ടുനിജ-
  • മന്ദിരം പുക്കു മരുവീടിനാൻ ദ്വിജശ്രേഷ്ഠൻ 225
  • ഭാഗ്യവാനായീടുന്ന ചന്ദ്രഗുപ്തനും പിന്നെ
  • യോഗ്യമായ് പിതൃഭ്രാതൃതന്നുടെ പ്രതിക്രിയാ 226
  • ചിന്തിച്ചവണ്ണം തന്നെ സാധിച്ചുസന്തുഷ്ടനാ-
  • യ്മന്ത്രിയോടനുദിനം ചേർന്നുകൊണ്ടവനിയെ 227
  • ധർമ്മത്തിൽ പിഴയാതെ പാലിച്ചുവഴിപോലെ
  • സമ്മോദം പൂണ്ടു പുഷ്പമന്ദിരേ മേവീടിനാൻ -228
  • ഇക്കഥചുരുക്കിഞാനൊക്കവേപറഞ്ഞുവെ-
  • ന്നുൾക്കുരുന്നിങ്കൽ മോദം കലർന്നു കിളിമകൾ 229
  • ആലസ്യം കളഞ്ഞവൾ കീർത്തനങ്ങളും പാടി
  • ക്കാലത്തുപറന്നുപോയീടിനാളതുകാലം. 230
  • ഇതിമുദ്രാരാക്ഷസം എട്ടാം പാദം സമാപ്തം.