Jump to content

ചാണക്യസൂത്രം (കിളിപ്പാട്ട്)/അഞ്ചാം പാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
  • ശാരികമാർമൌലിമാലേ! മനോരമേ!
  • ചാരുശീലേ! കഥാശേഷവും ചൊല്ലുനീ 1
  • ആര്യചാണക്യനതുകാലമെന്തൊന്നു
  • ധീരതകൈക്കൊണ്ടു ചെയ്തതുമോമലെ!? 2
  • മൌര്യനായുള്ള മഹീപതിവീരനും
  • കാര്യങ്ങളെന്തൊന്നു ചെയ്തതെന്നുള്ളതും 3
  • പാലിളന്നീരും മധുവും നുകർന്നുനീ
  • മാലകലും പർചാശുചൊല്ലീടെടൊ! 4
  • ശാരികപ്പൈതലതുകേട്ടനേരത്തു
  • ചാരുതരമായ്പറഞ്ഞുതുടങ്ങിനാൾ 5
  • ആര്യചാണക്യന്റെ നീതിപ്രയോഗവും
  • മൌര്യമഹീപതിതന്നുടെവൃത്തവും 6
  • ശേഷമിനിക്കുരചെയ്‌വതിന്നേറ്റവും
  • വൈഷംയമുണ്ടതു ചൊൽ‌വാനരുതേതും 7
  • ആർക്കുമറിഞ്ഞുകൂടാതൊന്നിതെങ്കിലും
  • കേൾക്കുന്നതിനുള്ളിലാഗ്രഹമുണ്ടെങ്കിൽ 8
  • ചൊല്ലുവാനേതും മടിക്കുന്നതില്ല ഞാൻ
  • ഉല്ലാസമാർന്നിതു കേൾപ്പിനെല്ലാവരും 9
  • ആര്യനായുള്ള ചണകസുതനൊരു
  • കാര്യമിതുകാലമിങ്ങിനേ ചിന്തിച്ചാൻ 10
  • “മൌര്യനായോടൊരു വ്യാജമുൾക്കൊണ്ടു ഞാൻ
  • വൈരവും ഭാവിച്ചിരിക്കേണമിക്കാലം 11
  • രാക്ഷസാമാത്യൻ കലഹമിതുകേട്ടു
  • രൂക്ഷമായ്ക്കൊണ്ടുവരും പട നിർണ്ണയം 12
  • പുഷ്പപുരിക്കടുത്തീടുന്ന നേരത്തു
  • കെൽ‌പ്പുള്ളമാത്യനേ മ്ലേച്ഛനെക്കൊണ്ടുഞാൻ 13
  • നല്ലനയപ്രയോഗങ്ങൾ കൊണ്ടേറ്റവും
  • കള്ളനാക്കീടുമതില്ലൊരു സംശയം” 14
  • ഇത്ഥം നിരൂപിച്ചുറച്ചു ചാണക്യനും
  • പൃത്ഥ്വീപതിയുമായുള്ളൊത്തുതങ്ങളിൽ 15
  • ഓരോരൊകാര്യങ്ങൾ കൊണ്ടിടഞ്ഞേറ്റവും
  • വൈരവും ഘോരമായ് വന്നോരനന്തരം 16
  • ചന്ദ്രഗുപ്തൻ മഹീപാലകനന്നൊരു
  • ചന്ദ്രമഹോത്സവം ഘോഷിച്ചു കല്പിച്ചാൻ 17
  • ചാണക്യനപ്പോളതുകേട്ടു കോപിച്ചു
  • മാനിച്ചതിനെ മുടക്കവും ചെയ്തുതേ 18
  • ആജ്ഞയ്ക്കു ഭംഗം വരുത്തിയ നേരത്തു
  • വിജ്ഞാനമേറിയ ചന്ദ്രഗുപ്തൻ നൃപൻ 19
  • രോഷം നടിച്ചൊരു ദൂതനെ വിട്ടുടൻ
  • ദോഷരഹിതനായുള്ള ചാണക്യനെ 20
  • രാജസഭയിൽ വരുത്തി വിരവോടു
  • പൂജയുമാദരവോടുചെയ്തേറ്റവും 21
  • ചാണക്യഭൂസുരശ്രേഷ്ഠന്റെ കാലിണ
  • താണുതൊഴുതുനമസ്കരിച്ചീടിനാൻ 22
  • തൻ പദം കുമ്പിട്ട മൌര്യനാം മന്നനെ
  • സംഭ്രമത്തോടെഴുന്നേല്പിച്ചുസാദരം 23
  • “ശൂര! സുകുമാര! മൌര്യമഹീപതെ!
  • വീരനായുള്ള ഭവാനു വിജയങ്ങൾ 24
  • പിന്നെയും പിന്നെയും വന്നുവന്നേറ്റവും
  • ധന്യനായീടുകെ”ന്നാശിയും ചൊല്ലിനാൻ 25
  • ആശീർവ്വചനങ്ങളിങ്ങനെ കേട്ടഥ
  • ദേശികൻ തന്നോടു മൌര്യനും ചൊല്ലിനാൻ 26
  • “നിന്തിരുവുള്ളമെല്ലൊനിരൂപിക്കിൽഞാ-
  • നന്തരമില്ലൊരു ഭൂപനായ് വാണതും 27
  • ശത്രുപ്രയോഗങ്ങൾ നീ‍ങ്ങും പ്രയോഗവും
  • ചിത്രമതില്പരമെന്തഹോ വേണ്ടതും” 28
  • ഇത്ഥമുരചെയ്ത മന്നവൻ തന്നോടു
  • ചിത്തം തെളിഞ്ഞു കൌടില്യനും ചൊല്ലിനാൻ 29
  • “എന്തുമൂലം ഭവാനെന്നെ വരുത്തുവാൻ
  • ചിന്തിതമെന്തെന്നുരചെയ്കവൈകാതെ” 30
  • പാരിടത്തിന്നധിനാഥനാം മന്നനും
  • പാരാതെ കൌടില്യനോടു ചൊല്ലീടിനാൻ 31
  • “ധർമ്മസ്വരൂപനാം മൌര്യനു കേവലം
  • കാണ്മാനപേക്ഷയുണ്ടാകതന്നെവിഭോ” 32
  • ഇത്തരം ചൊന്നൊരു മന്നവൻ തന്നോടു
  • പൃത്ഥ്വീസുരനും ചിരിച്ചു ചൊല്ലീടിനാൻ 33
  • “പോരുമിപ്രശ്രയം കൊണ്ടുള്ളതൊക്കവേ
  • കാര്യമെന്തൊന്നിഹ ചൊല്ലുക വൈകാതെ 34
  • കാര്യങ്ങളേതുമില്ലാതെ മഹീപതി
  • കാര്യപുരുഷനെയുണ്ടോ വരുത്തുന്നു? 35
  • എന്നതുകൊണ്ടെന്തഭിപ്രായമെന്നുനീ
  • മന്നവന്മാർ മുടിരത്നമേ ചൊല്ലെടോ 36
  • കൌടില്യനിങ്ങിനെ ചൊന്നോരനന്തരം
  • പാടമേറുന്ന ചന്ദ്രഗുപ്തൻ നൃപൻ 37
  • കിഞ്ചനവൈരം നടിച്ചു സഭയീന്നു
  • ചഞ്ചലം കൈവിട്ടു ചൊല്ലിനാനിങ്ങിനെ 38
  • “ചന്ദ്രോത്സവം മുടക്കീടുവാനെന്തഹോ
  • നിന്ദയൊമറ്റൊരു കാര്യം നിമിത്തമോ?” 39
  • മന്ദഹാസം പൂണ്ടു വിഷ്ണുഗുപ്തൻ നൃപ-
  • ചന്ദ്രനോടിങ്ങിനെ ചൊന്നാനതുനേരം 40
  • “ഇത്ഥം പരുഷം പറവതിനോ ഭവാൻ
  • സത്വരമെന്നെ വരുത്തുവാൻ കാരണം?” 41
  • “ആര്യനോടുണ്ടോ പരുഷം പറഞ്ഞു ഞാൻ
  • കാര്യം പറഞ്ഞതേയുള്ളു മഹാമതേ!“ 42
  • “കാര്യമറിയാതെ കല്പിക്കയില്ല ഞാൻ
  • കാര്യം ഭവാനറിവേറെയില്ലേതുമേ 43
  • പാർത്താൽ ഭവാൻ മമ ശിഷ്യനത്രേ ദൃഢ-
  • മോർത്തുപറയേണമെന്നോടിവയെല്ലാം” 44
  • “സത്യമത്രേ ശിഷ്യനല്ലെന്നെനിക്കില്ല
  • ഭൃത്യനല്ലീയെന്നു സംശയമുണ്ടുള്ളിൽ 45
  • കാര്യമറിയാത്തവരൊന്നു ചോദിച്ചാൽ
  • കാര്യമറിഞ്ഞവർ ചൊല്ലിക്കൊടുക്കണം” 46
  • ചാണക്യനുമതു കേട്ടു ചൊല്ലീടിനാൻ
  • ക്ഷോണിക്കു നാഥനാം മൌര്യനോടിങ്ങിനെ 47
  • “മൂന്നുപ്രകാരമായുള്ള നൃപതികൾ
  • മൂന്നും പറയാം തെളിഞ്ഞു കേട്ടീടുനീ 48
  • സ്വായത്തസിദ്ധികളായും ചിലർ സചി-
  • വായത്തസിദ്ധികളായും ചിലരെടോ 49
  • രണ്ടും സമങ്ങളായും ചിലരിങ്ങിനെ
  • കണ്ടുപോരുന്നു നൃപന്മാരെയൂഴിയിൽ 50
  • മൂന്നുപ്രകാരം പറഞ്ഞതിലിന്നുനീ
  • നിർണ്ണയിക്കിൽ സചിവായത്തസിദ്ധിയാം 51
  • എന്തിനുപിന്നെനീയോരോന്നുകൂടവ-
  • ന്നന്തരാപുക്കു കയർക്കുന്നിതുമെടോ? 52
  • മുറ്റും നൃപതിയായ് വാഴ്കനീയൂഴിയിൽ
  • മറ്റൊന്നുമന്വേണംചെയ്കവേണ്ടെടോ” 53
  • ഇത്തരം കൌടില്യവാക്കുകൾ കേട്ടതി-
  • നുത്തരമൊന്നുമുരിയാടാതെ മൌര്യനും 54
  • രോഷം മുഴുത്തു മുഖവും തിരിച്ചഥ
  • വേഷവുമൊന്നു പകർന്നോരനന്തരം 55
  • മന്ത്രിപ്രവരനയച്ച വൈതാളിക-
  • നന്തരം കൊള്ളാമിതെന്നു കണ്ടന്നേരം 56
  • വന്ദിപ്രവരൻ ‘സ്തനകലശൻ’ ചെന്നു
  • ചന്ദ്രഗുപ്തൻ തന്റെ മുമ്പിൽ നിന്നാദരാൽ 57
  • വീര്യങ്ങൾ വാഴ്ത്തി സ്തുതിച്ചു തുടങ്ങിനാൻ
  • “മൌര്യമഹീപതിവീര!ജയ!ജയ!! 58
  • ദാതാവുതന്നുടെ വൈഭവമോർക്കുമ്പോൾ
  • ചേതോഹരമെന്നതേ പറഞ്ഞീടാവൂ; 59
  • ഓരോ ജനങ്ങൾ നൃപന്മാരെവന്നുക-
  • ണ്ടോരോതരം സേവ ചെയ്തുകരയേറി 60
  • ക്ഷോണീശനായി ഞാനെന്നഹം ഭാവിച്ചു
  • വീണുപോകുന്നതറികയുമില്ലഹോ!“ 61
  • മത്തഗജത്തിൻ കഴുത്തിൽ കരയേറി
  • ചിത്തമുറപ്പിച്ചിരിക്കുന്ന ചേവകൻ 62
  • കുത്തുകള്ളക്കണ്ടൊഴിച്ചുഗജോപരി
  • ചിത്തമിളകാതെതന്നെവസിക്കയും 63
  • ചിത്തത്തിലിത്ഥം വരുമെന്നൊരുമത-
  • മിത്തിരിപോലും വിചാരവുമില്ലല്ലൊ; 64
  • വാരിധിക്കുള്ളിലടങ്ങിയ ഭൂമിക്കു
  • മൌര്യനൊരുത്തനധിപതിയെന്നഹോ 65
  • സത്യലോകത്തോളമുണ്ടൊരു കേളിയും
  • ചിത്രമത്രെപുനരിത്തൊഴിലെത്രയും; 66
  • രാജാവു കല്പിച്ചൊരാജ്ഞ നടത്തുന്ന-
  • താചരിയാതവരില്ല മഹീതലേ; 67
  • സർവാഭരണമലംകരിച്ചാൽനൃപ-
  • നുർവീപതിയാകയില്ലെന്നു നിർണ്ണയം 68
  • ആജ്ഞയ്ക്കൊരന്തരം കൂടാതെ നിത്യവും
  • പ്രാജ്ഞനായുള്ള രാജാവു രാജാവല്ലൊ’ 69
  • ഇത്തരം ദോഷങ്ങൾ കൂടാതെ ഭൂപനാ-
  • യുത്തമഭൂപതെ! നിത്യം ജയജയ!“ 70
  • ഇത്തരമാശീർവചനങ്ങൾ കേട്ടപോ-
  • തുത്തമൻ കൌടില്യനിങ്ങിനെ ചിന്തിച്ചാൻ 71
  • മന്ത്രിപ്രവരനയച്ചുവന്നോനിവ-
  • നന്തരം കൊള്ളാമിതെന്നുകണ്ടിക്കാലം 72
  • കോപപ്രവർദ്ധനം ചെയ്‌വതിനായിവൻ
  • ഭൂപതിതന്നെ സ്തുതിപ്പാനവകാശം 73
  • രാക്ഷസന്റെപ്രയോഗങ്ങള,റിഞ്ഞുഞാൻ
  • സൂക്ഷമെന്നാകിലും പറ്റുകയില്ലഹോ 74
  • ചിത്തത്തിലിത്ഥം നിരൂപിച്ചു ചാണക്യ-
  • നിത്തിരി നേരമിരിക്കും ദശാന്തരെ 75
  • ഉത്തമചിത്തനാം ചന്ദ്രഗുപ്തൻ നിജ-
  • ഭൃത്യനെത്തത്ര വിളിച്ചു ചൊല്ലീടിനാൻ 76
  • “പട്ടും പുടവയുമാഭരണങ്ങളു-
  • മൊട്ടുമേ വൈകാതെ വൈതാളികന്നുനീ 77
  • കൊണ്ടുവന്നാശു കൊടുത്തയച്ചീടുക
  • കണ്ടിട്ടുമില്ലിവനെപ്പോലെയാരെയും” 78
  • അപ്പോൾ നൃപനോടു ചാണക്യവിപ്രനും
  • കെല്പോടു കോപം നടിച്ചു ചൊല്ലീടിനാൻ 79
  • “ഭണ്ഡാരമായുള്ളതെപ്പേരുമിന്നുനീ
  • കണ്ടവർക്കൊക്കെ കൊടുക്കെന്നു കല്പിച്ചാൽ 80
  • വല്ലാതെവന്നുപോമെന്നറിഞ്ഞീടുക-
  • യെല്ലാം നിനക്കൊത്തവണ്ണംവരാദൃഢം 81
  • സ്ഥാനത്തുവേണം വ്യയങ്ങൾ ചെയ്തീടുവാൻ
  • സ്ഥാനവ്യതിക്രമം സാദ്ധ്യവുമല്ലെടോ” 82
  • മൌര്യനതുകേട്ടു കോപം കലർന്നുള്ളിൽ
  • ആര്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ 83
  • “ആജ്ഞയ്ക്കു ഭംഗം വരുത്തുവാനെത്രയും
  • പ്രാജ്ഞനത്രേ ഭവാനില്ലൊരു സംശയം 84
  • ഒന്നുമിനിക്കൊത്ത വണ്ണമല്ലായ്കയാൽ
  • ദണ്ഡം പ്രജകൾക്കുമുണ്ടെന്നറിഞ്ഞാലും” 85
  • ഇത്തരം കേട്ടു ചണകതനൂജനു-
  • മുത്തരം ചൊന്നാൻ പലരുമിരിക്കവെ 86
  • “കേവലമൊത്തവണ്ണം നടന്നീടുകി-
  • ലീവണ്ണമുള്ള ദോഷങ്ങളകപ്പെടും 87
  • ഇച്ചൊന്നതേതും സഹിക്കുന്നതല്ലെങ്കിൽ
  • വെച്ചു ഞാനിന്നധികാരമറിഞ്ഞാലും 88
  • നീനിനക്കൊത്തവണ്ണം നടന്നീടുകിൽ
  • നൂനമരികൾക്കു ഭൃത്യനായ് വന്നീടും 89
  • എങ്കിലിനിക്കെന്തു ചേതമതുകൊണ്ടു
  • സങ്കടമെള്ളോളമില്ലെന്നറിഞ്ഞാലും;” 90
  • “കൌമുദിനാമമായുള്ള മഹോത്സവം
  • ഭൂമിദേവശ്രേഷ്ഠനായ ഭവാനിപ്പോൾ 91
  • എന്തുമൂലം മുടക്കീടുവാനെന്നുള്ള-
  • തന്തരമില്ല പറഞ്ഞേ മതിയാവൂ” 92
  • വിഷ്ണുഗുപ്തൻ ചന്ദ്രഗുപ്തനോടന്നേരം
  • ഉഷ്ണിച്ചു ചൊന്നാൻ വിനയവും കൂടാതെ; 93
  • “കൌമുദിനാമോത്സവം തുടങ്ങീടുവാൻ
  • കാമിച്ചതെന്തെന്നിനിക്കുമറിയണം” 94
  • “ആജ്ഞക്കുഭംഗം വരുത്തുമെന്നോർത്തുഞാ-
  • നജ്ഞാനിയായിതു കല്പിച്ചതുമിപ്പോൾ” 95
  • “ഞാനുമതുതന്നെ വാഞ്ഛിച്ചതുമെടോ
  • മാനമേറീടുന്ന ചന്ദ്രഗുപ്തപ്രഭോ! 96
  • ഊഴിയിലുള്ള നൃപന്മാരെ നിന്നുടെ
  • കീഴാക്കിവെച്ചതുമാരെന്നുതോന്നുന്നൂ 97
  • ആരുമറിയാത്തതല്ലെടോനിന്നുടെ
  • ധീരതയേറും പ്രഭുത്വവും പ്രൌഢിയും” 98
  • “അത്ര വൈദഗ്ദ്ധ്യം ഭവാനുമുണ്ടെങ്കിലോ
  • ഭദ്രഭടാദി പ്രധാനജനത്തെയും 99
  • രാക്ഷസാമാത്യനേയും കളഞ്ഞീടുവാൻ
  • രൂക്ഷമായെന്തപരാധമവർക്കഹോ!“ 100
  • “എങ്കിലോ കേട്ടുകൊൾകെന്നു ചാണക്യനും
  • ശങ്ക കൂടാതെ പറഞ്ഞുതരുവൻ ഞാൻ 101
  • വാരണാദ്ധ്യക്ഷനാം ഭദ്രഭടനശ്വ-
  • കാരകനായ പുരുഷദത്താഖ്യനും 102
  • മദ്യപാനം ചെയ്തു മത്തരായേറ്റവും
  • ഹൃദ്യമാരായുള്ള നാരീജനങ്ങളെ 103
  • കണ്ടേടമെത്തിപ്പിടിപെട്ടു പുൽകയും
  • കണ്ടജനങ്ങളെക്കൊന്നുമുടിക്കയും 104
  • തങ്ങൾക്കു വേണ്ടും പ്രവൃത്തിയും കൈവിട്ടു
  • തിങ്ങിനിറഞ്ഞോരു മാനമദങ്ങളും 105
  • ഈവണ്ണമുള്ള ധിക്കാരങ്ങൾ കണ്ടു ഞാൻ
  • ജീവിതം നീക്കി പ്രവൃത്തി വിരോധിച്ചു; 106
  • കോപിച്ചുപോയാരവരുമതുകൊണ്ടു
  • സേവിച്ചിതുചെന്നു പർവ്വതരാജനെ 107
  • രാജഭണ്ഡാരങ്ങൾ വെച്ചുരക്ഷിക്കുന്ന
  • രാജസേനൻ തവ സേവകനാമവൻ 108
  • ഭണ്ഡാരമോഷണം ചെയ്തുതന്നെയവ-
  • നുണ്ടായിതു ധനമെന്നറിഞ്ഞീടുനീ 109
  • എല്ലാവരുമറിഞ്ഞീടുന്നനേരത്തു
  • കള്ളനാം താനെന്നു ശങ്ക മുഴുത്തവൻ 110
  • ഉൾക്കനം വിട്ടു പുറപ്പെട്ടു പോയുട-
  • നൂക്കനാം മ്ലേച്ഛനെ ചെന്നു സേവിച്ചതും 111
  • പിന്നെ ബലഗുപ്തഡിങ്കാരതന്മാർക്കു
  • മന്നവനീകൊടുത്തീടുന്നജീവിതം 112
  • ലോഭം മുഴുക്കയാൽ പോരായ്കയെന്നിട്ടു
  • ലാഭമിതിലേറ്റമുണ്ടെന്നുകണ്ടവർ 113
  • തിണ്ണം മലയകേതു ക്ഷിതിനാഥനെ
  • ചെന്നുസേവിച്ചാരവർകളും ഭൂപതെ!; 114
  • പിന്നെയും കേൾ ഭാഗുരായണനാമവൻ
  • മുന്നമെ പർവതസേവകനാകയാൽ 115
  • തല്പുത്രനോടൊന്നു ചെന്നു പറഞ്ഞുപോൽ
  • ‘ത്വൽ‌പ്പിതാവെക്കുലചെയ്തതുചാണക്യൻ’ 116
  • ഇത്ഥം പറഞ്ഞു മലയകേതുതന്നെ
  • സത്വരം തന്നിടത്തിന്നയച്ചീടിനാൻ; 117
  • ചന്ദനദാസൻ തുടങ്ങിയുള്ളോർകൾക്കു
  • നിന്ദനിന്നെക്കുറിച്ചുണ്ടായതുമൂലം 118
  • ദണ്ഡമകപ്പെടുമെന്നുഭയപ്പെട്ടു
  • കുണ്ഠനായ് ചെന്നവൻ മ്ലേച്ഛനെ സേവിച്ചാൻ; 119
  • ‘എന്നുടെ ജീവനെ രക്ഷിച്ചതുമിവൻ’
  • എന്നുനിരൂപിച്ചു പർവതപുത്രനും 120
  • അച്ഛനെ സ്നേഹമുള്ളോനെന്നു കാൺകയാൽ
  • മ്ലേച്ഛാധിപൻ ഭാഗുരായണനെത്തദാ 121
  • മന്ത്രിപ്രവരനാക്കിക്കൊണ്ടനന്തരം
  • സന്തോഷമുൾക്കൊണ്ടിരിക്കുന്നിതിക്കാലം; 122
  • മാനമേറീടുന്ന ലോഹിതാക്ഷൻ താനും
  • ജ്ഞാനമില്ലാത്തവിജയവർമ്മാവുമായ് 123
  • പുത്രദ്വയത്തെ വെറുപ്പിച്ചതുമൂലം
  • ഉത്തമന്മാരായ ബാലകന്മാരവർ 124
  • വീട്ടിൽ പൊറുതിയില്ലാതെ പുറപ്പെട്ടു
  • കഷ്ടം പരവശപ്പെട്ടു കരഞ്ഞവർ 125
  • സങ്കടമെന്നോടറിയിച്ചതുമൂലം
  • നിൻ കഴൽ കൂപ്പിച്ചു ബാലകന്മാരെ ഞാൻ 126
  • അർത്ഥമേതാനുമവർക്കുകൊടുത്തഥ
  • ചിത്തം തെളിയിച്ചു വെച്ചോരനന്തരം 127
  • ഒട്ടുമതിനെ സഹിയാഞ്ഞവരുടെ
  • ധൃഷ്ടരായുള്ള പിതാക്കളിരുവരും 128
  • കണ്ടുപോൽ ചെന്നുടൻ പർവതരാജനെ
  • പണ്ടിതു ചെയ്യുമാറില്ലെന്നറിഞ്ഞാലും; 129
  • ഇത്ഥമവർക്കപരാധങ്ങളാകുന്നു
  • ധാത്രീപതെ ധരിച്ചീടുക മാനസെ” 130
  • ഇത്തരമുള്ള ചണകാത്മജോക്തികേ-
  • ട്ടുത്തരം ചൊന്നാനവനോടു മൌര്യനും 131
  • “ഓരോ ജനങ്ങൾക്കപരാധമിങ്ങിനെ
  • ഓരോ തരത്തിലുണ്ടായ് വരും നിർണ്ണയം; 132
  • വീര്യപുരുഷർക്കിതുണ്ടെന്നിരിക്കിലും
  • കാര്യമോർത്താൽ കളയാമൊമഹീസുത! 133
  • വെച്ചുകൊള്ളാതെ കളഞ്ഞതെന്തിങ്ങിനെ
  • പിച്ചയല്ലിച്ചൊന്നതെന്നുധരിച്ചാലും” 134
  • എന്നതുകേട്ടു കൌടില്യനും ചൊല്ലിനാൻ
  • “ഇന്നതുതോന്നീലിനിക്കെടൊ മന്നവ” 135
  • മന്ദഹാസം പൂണ്ടതു നേരമിങ്ങിനെ
  • ചന്ദ്രഗുപ്തൻ ക്ഷിതിനായകൻ ചൊല്ലിനാൻ; 136
  • “കൌശലമില്ലായ്കയൊനയങ്ങൾക്കിഹ?
  • വാശിപിടിച്ചതൊഴിച്ചുകൂടായ്കയൊ?” 137
  • “നീതിക്കു കൌശലം പോരായ്ക കൊണ്ടല്ല
  • ചാതുര്യമോടതു ചൊല്ലിത്തരുവൻ ഞാൻ 138
  • നാട്ടിൽ പ്രജകൾക്കു രാജാവിനെക്കുറി-
  • ച്ചൊട്ടുമേരാഗമില്ലാതെവരും വിധൌ 139
  • രണ്ടുപ്രകാരം പ്രതിവിധാനമുണ്ടു
  • രണ്ടും പറയാമനുഗ്രഹം നിഗ്രഹം 140
  • ഭദ്രഭടനും പുരുഷദത്താഖ്യനും
  • ക്ഷുദ്രമതികളായീടുകകൊണ്ടെടോ 141
  • സപ്തവ്യസനങ്ങൾ കൊണ്ടും പ്രമത്തരായ്
  • ക്ഷിപ്താധികാരികളായുള്ളവർകളെ 142
  • രണ്ടാമതുമതിന്നാക്കീടുകില്പുന-
  • രുണ്ടാമതിനാലനേകമനർത്ഥങ്ങൾ 143
  • ഹസ്തികുലത്തെയുമശ്വഗണത്തെയും
  • പൃത്ഥ്വീപതെ മുടിച്ചീടുമറികനീ; 144
  • ഏവമനുഗ്രഹമാകുന്നിതുമെടൊ
  • കേവലം ദോഷമല്ലാതെയില്ലേതുമെ 145
  • എങ്കിലൊകേൾക്കമഹീപതെ!പിന്നെയും
  • ‘ഡിങ്കാരതാഖ്യൻ’ ബലഗുപ്തനെന്നിവർ 146
  • എത്രയും ലുബ്ധപ്രകൃതികളാകയാൽ
  • ധാത്രിയെത്തന്നെകൊടുത്തുവെന്നാകിലും 147
  • പ്രീതിവരാതവർക്കെങ്ങിനെ ഭൂപതെ!
  • ചേതസി പാർത്താലനുഗ്രഹം നൽകുന്നു? 148
  • രാജസേനൻ ഭാഗുരായണനും പിന്നെ
  • രാജധനപ്രാണനാശഭയത്തിനാൽ 149
  • ഏറ്റം പരവശപ്പെട്ടവർക്കെങ്ങിനെ
  • മുറ്റുമനുഗ്രഹം നൽകുന്നു സാമ്പ്രതം? 150
  • ലോഹിതാക്ഷാഖ്യൻ വിജയവർമ്മാഖ്യനും
  • സാഹസകാരികളാകകൊണ്ടല്ലയൊ 151
  • പുത്രരോടേറ്റം മറുത്ത, വർക്കെങ്ങിനെ?
  • ധാത്രീശനൽകുന്നതിപ്പോളനുഗ്രഹം; 152
  • രണ്ടുപക്ഷം ഞാൻ പറഞ്ഞതിൽ മുന്നേതി-
  • ലുണ്ടൊ നിരൂപിച്ചു കണ്ടാലവകാശം? 153
  • പിന്നെപ്പറഞ്ഞപക്ഷത്തിന്നുവൈഷംയ-
  • മെണ്ണരുതാതോളമുണ്ടെന്നറിഞ്ഞാലും 154
  • നന്ദരാജ്യം നിനക്കിന്നു ലഭിക്കയാൽ
  • നന്നായിണങ്ങീല നാട്ടിലുള്ളോരെല്ലാം 155
  • എന്നുവരുമ്പോൾ “പ്രധാനജനങ്ങൾക്കു
  • ദണ്ഡമകപ്പെട്ടുപോ”ലെന്നു കേൾക്കുമ്പോൾ 156
  • വിശ്വാസമില്ലാതെയാം പ്രജകൾക്കിഹ
  • വിശ്വൈകവീര! മഹീപതെ! നിർണ്ണയം; 157
  • എന്നതുകൊണ്ടിഹനിഗ്രഹാനുഗ്രഹം
  • മന്നവ! രണ്ടിനും ദോഷമുണ്ടോർക്കനീ 158
  • പർവതപുത്രൻ മലയകേതുപ്രഭു
  • ഗർവ്വിതനായ് നമുക്കുള്ള ജനത്തെയും 159
  • രാക്ഷസാമാത്യനേയുമവന്തന്നുടെ
  • പക്ഷത്തിലാക്കിവെച്ചാദരപൂർവകം 160
  • മ്ലേച്ഛൻ പെരുമ്പടയോടുമൊരുമിച്ചു
  • വാച്ചവിദ്വേഷമകത്തുവർദ്ധിക്കയാൽ 161
  • യുദ്ധത്തിനായൊരുമ്പെട്ടവൻ നമ്മോടു
  • ബദ്ധരോഷത്തോടിരിക്കും ദശാന്തരെ 162
  • ഉത്സവത്തിന്നൊരുമ്പെട്ടതെന്തിന്നുനീ-
  • യുത്സാഹമുണ്ടെങ്കിലൊന്നിഹ വേണ്ടതും 163
  • അസ്ത്രശസ്ത്രാഭ്യാസവും ചെയ്തുനിത്യവും
  • ധാത്രീശ,വെണ്മതിൽ, കോട്ട, കിടങ്ങുകൾ, 164
  • നന്നായുറപ്പിച്ചു ശത്രു വരും വിധൌ
  • നിന്നുകൊൾവാൻ കരുതീടുക മാനസെ; 165
  • എന്നതുകൊണ്ടു ഞാൻ ചന്ദ്രമഹോത്സവം
  • ചന്ദ്രഗുപ്താവനിനാഥ! വിലക്കിനേൻ” 166
  • പാടവമേറുന്ന കൌടില്യഭൂസുരൻ
  • കേടുതീർത്തേവം പറഞ്ഞോരന്തരം 167
  • മൌര്യനായുള്ള നരവരശ്രേഷ്ഠനും
  • ആര്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ; 168
  • “ബന്ധുവാം നമ്മുടെ പർവ്വതപുത്രനെ
  • എന്തുമൂലം ഭവാൻ ദൂരെക്കളഞ്ഞത്?” 169
  • “എങ്കിലോ കേൾക്ക നീ ചന്ദ്രഗുപ്തപ്രഭൊ!
  • ശങ്കകൂടാതെ പറയാമതുമെടൊ! 170
  • പർവ്വതപുത്രനിവിടെയിരിക്കുമ്പോൾ
  • പൂർവ്വം പ്രതിശ്രുതമായുള്ള രാജ്യത്തിൽ 171
  • പാതിപകുത്തുകൊടുക്കയൊ വേണ്ടതും
  • ചേതസി പാർത്താൽ വധിക്കയൊ വേണ്ടതും 172
  • കൊന്നാലവനുടെ താതനെക്കൊന്നതും
  • നിർണ്ണയം നാമെന്നു ചൊല്ലുമെല്ലാവരും 173
  • നൂനമതിനാൽ കൃതഘ്നരെന്നുള്ളൊരു
  • നാണയം നീളെ നടക്കും നമുക്കെടൊ 174
  • നാടിഹപാതിപകുത്തുകൊടുക്കിലും
  • കേടതിനുണ്ടെന്നറിക ധരാപതെ! 175
  • മാനിയാം പർവ്വതരാജനെക്കൊന്നതിൽ
  • നൂനം കൃതഘ്നത മാത്രം ഫലമെടൊ! 176
  • ഇച്ചൊന്നതൊക്കെ നിരൂപിച്ചു കണ്ടു ഞാൻ
  • മ്ലേച്ചസുതനെക്കളവാനവകാശം,“ 177
  • “മന്ത്രിപ്രവരനാം രാക്ഷസൻ തന്നുടെ
  • അന്തർന്നഗരത്തില്വാഴും ദശാന്തരെ 178
  • എന്തോന്നുകണ്ടിട്ടപേക്ഷിച്ചതുമെന്നു
  • ചിന്തിച്ചുതോന്നീലിനിക്കെ”ന്നുമൌര്യനും; 179
  • “ചൊല്ലാമതും നൃപശ്രേഷ്ഠ, നീ കേളെടൊ!
  • വല്ലായ്മ കാട്ടുന്ന ദുർമ്മന്ത്രി രാക്ഷസൻ 180
  • ഉള്ളിൽ കിടന്നാലവനിഹ നമ്മെയും
  • വല്ലപ്രകാരവും കൊല്ലുമറിഞ്ഞാലും 181
  • ദൂരെയകറ്റിക്കളഞ്ഞാൽ പുറത്തിരു-
  • ന്നാരാനെയും ചെന്നു സേവിച്ചുകൊണ്ടവൻ 182
  • കാട്ടുന്നതു തടുത്തീടുവാനേതുമെ
  • വാട്ടമില്ലെന്നങ്ങറിക മഹീപതെ!“ 183
  • “എങ്കിലെന്താര്യനുപായം പ്രയോഗിച്ചു
  • സങ്കടം കൂടാതെ രാക്ഷസാമാത്യനെ 184
  • ദൂരെയകറ്റിക്കളഞ്ഞതിതെന്തെന്നു
  • നേരെപറകെ”ന്നു ചൊല്ലിനാൻ മൌര്യനും 185
  • “എന്തറിഞ്ഞൂ ഭവാനേറ്റമുപായങ്ങ-
  • ളന്തരം കൂടാതെ ചെയ്തമാത്യേന്ദ്രനെ 186
  • ഉള്ളിൽ തറച്ചിളകാതെ കിടക്കുന്ന
  • ശല്യം പറിച്ചു കളയുന്നതുപോലെ 187
  • തള്ളിക്കളഞ്ഞതറിഞ്ഞീലയൊഭവാ-
  • നല്ലെന്നു തോന്നുവാനെന്തൊരു വിഭ്രമം!“ 188
  • “അത്രവൈദഗ്ദ്ധ്യമുണ്ടെങ്കിൽ ഭവാനെന്തു
  • വിക്രമം ചെയ്തു പാടാക്കിവെക്കാത്തതും?” 189
  • “വിക്രമിച്ചാലതിനുണ്ടെടൊ വൈഷമ്യ-
  • മുൾക്കരുത്തേറുന്ന മന്ത്രികുലോത്തമൻ 190
  • പ്രാണൻ കളയുമതല്ലായ്കിൽ നിന്നുടെ
  • ചേണാർന്നവൻ പടകൊന്നു മുടിച്ചീടും 191
  • രണ്ടുപ്രകാരവുമെന്നാകിലുമാകാ
  • കണ്ടുകളഞ്ഞുഞാനെന്നറിഞ്ഞീടുനീ 192
  • ഏറ്റുമരിച്ചുവെന്നാകിലതിനൊരു
  • കുറ്റം ഗുണജ്ഞനല്ലൊ മന്ത്രിസത്തമൻ 193
  • കാട്ടിൽ കിടക്കുന്ന കാട്ടാനയെപ്പോലെ
  • വീട്ടിൽ വരുത്തുവാൻ യത്നവും ചെയ്കനീ” 194
  • ആര്യൻ പറഞ്ഞാൽ മടക്കുവാനാളല്ല
  • കാര്യമറിയുന്നവർകളിൽ വെച്ചഹൊ 195
  • രാക്ഷസാമാത്യനോടൊത്തവരാരുമി-
  • ലിക്ഷിതിതന്നിലതിനില്ല സംശയം” 196
  • “ഒക്കുമൊക്കുമെടൊ രാക്ഷസാമാത്യന-
  • ങ്ങിക്കാലമെന്തൊന്നതിശയമായതും?” 197
  • “ഏതുമറിഞ്ഞതില്ലെങ്കിൽ ഭവാനു ഞാൻ
  • ഭൂതധാത്രീദേവ! ചൊല്ലിത്തരാമിപ്പോൾ 198
  • നന്ദനൃപതികൾ നിത്യമായ് വാഴുന്ന
  • മന്ദിരമിങ്ങു ലഭിച്ചോരനന്തരം 199
  • തന്നിൽ നിനച്ച കാലം നിജവാസിതം
  • നന്നായിവന്നിതെന്നില്ലാമനസിമെ 200
  • കല്പിതം സാധിപ്പതിനറിയാതെനാം
  • കല്പാന്തവും വസിച്ചീടുക യോഗമൊ? 201
  • വാണാനതുമൂല,മേറപ്രജകൾക്കു
  • കാണാതെയായ്‌വന്നുനമ്മിലനുരാഗം” 202
  • ഭൂസുരനാകിയ ചാണക്യനുമതി-
  • ഭാസുരമായതിനുത്തരം ചൊല്ലിനാൻ 203
  • “രാഗം പ്രജകളിലേറിച്ചമകയു-
  • മേകത്രവാസം വളരെക്കഴിക്കയും 204
  • നന്ദനൃപതിയെക്കൂറുള്ളവർകൾക്കു
  • നിന്ദകൂടാതെവരികയും ഭൂപതെ 205
  • അർത്ഥപുരുഷാരമുണ്ടാകയും നിജ-
  • ബുദ്ധിവിലാസം വിളങ്ങിച്ചമകയും 206
  • കൂറുള്ള ബന്ധുക്കളേറയുണ്ടാകയു-
  • മേറുന്ന ഭക്തി നൃപനിലുണ്ടാകയും 207
  • ഇത്തരമുള്ളതുകൊണ്ടമാത്യൻ പണ്ടു
  • ചിത്തമുറപ്പിച്ചിവിടെ വസിച്ചതും; 208
  • രാക്ഷസാമാത്യനു തന്നുള്ളിലുണ്ടൊന്നു
  • സാക്ഷാൽ കിടന്നു മുറുകുന്നു സന്തതം 209
  • നന്ദനൃപന്മാരെയൊക്കെ വധിപ്പിച്ചു
  • ചന്ദ്രഗുപ്തപ്രഭൊ നിന്നെ ഞാനാദരാൽ 210
  • ഭൂമിക്കു നാഥനായ് വാഴിച്ചതുപോലെ
  • കാമിച്ചിരിക്കുന്നു പർവ്വതപുത്രനെ 211
  • വാഴിപ്പതിനുഭവാനെക്കുലചെയ്തു
  • ഭോഷത്വമേറുന്ന രാക്ഷസൻ കശ്മലൻ 212
  • നന്ദനെക്കൊന്നതും നിന്നെവാഴിച്ചതും
  • പട്ടാംഗചൊല്ലുനീമറ്റാരതായതും 213
  • ദുഷ്ടനാം രാക്ഷസൻ നോക്കിയിരിക്കവെ
  • ധൃഷ്ടനായ് ചെയ്തോരവസ്ഥകളൊന്നുമെ 214
  • ഞാനല്ലയൊചൊല്ലുമത്സരം കൈവിട്ടു
  • മാനം മുഴുത്തൊരു മൌര്യ മഹീപതെ!“ 215
  • “ദൈവമത്രെ നവനന്ദനൃപന്മാരെ
  • ഈവണ്ണമാക്കിച്ചമച്ചതറിഞ്ഞാലും 216
  • ആര്യനെന്നുള്ളോരഹംഭാവമുണ്ടെങ്കിൽ
  • മൌര്യനെന്നുള്ളതിനിക്കുണ്ടുതോന്നുന്നു” 217
  • “ദൈവം പ്രമാണീകരിക്കുന്നവർകളെ
  • ക്കേവലം മൂഢരെന്നുള്ളതറികനീ” 218
  • “മൂഢരല്ലാതവർ വമ്പു പറയുമൊ
  • പ്രൌഢിയെക്കാട്ടുമൊവിപ്രകുലപതെ!“ 219
  • ഇത്തരം വാക്കുകൾ കേട്ട ചാണക്യനും
  • ചിത്തത്തിലേറ്റം വളർന്നിതുകോപവും 220
  • ധാത്രംവിറച്ചുകണ്ണും ചുവത്തിക്കൊണ്ടു
  • ധാത്രീശനോടു പറഞ്ഞുതുടങ്ങിനാൻ 221
  • “പോരുമെന്നോടു നീയിത്തരം ചൊന്നതു
  • മേറപ്പറഞ്ഞുപോകദുരാത്മാവെ 222
  • ഭൃത്യനോടെന്നപോലേനീപലതരം
  • ഉത്തരം ചൊന്നതുപോരും ജളപ്രഭോ 223
  • സത്യം വൃഷലനല്ലോനീനിരൂപിക്കി-
  • ലുത്തമനായുള്ള ഭൂസുരൻ ഞാനെടോ 224
  • മന്നവരാം നവനന്ദവധംകൊണ്ടു
  • മന്ദമടങ്ങുന്നമന്യൂദഹനനെ 225
  • ഉജ്വലിപ്പിക്കയാലാശുനിനക്കിന്നു
  • നിശ്ചയം നാശം ഭവിക്കും ജളപ്രഭോ 226
  • എന്നിൽ വലിയവൻ രാക്ഷസനെന്നൊന്നു
  • നിന്നുള്ളിലുണ്ടെങ്കിലേതുമേവൈകാതെ 227
  • വാളിതാവെക്കം കൊടുക്കനീരാക്ഷസ-
  • ന്നാളല്ല ഞാനിത്തരങ്ങൾക്കറിഞ്ഞാലും” 228
  • എന്നുപറഞ്ഞഥവാളുമെറിഞ്ഞാശു
  • തിണ്ണമെഴുന്നേറ്റു ചാണക്യഭൂസുരൻ 229
  • മന്നനോടൊന്നുമെമിണ്ടാതെ നോക്കാതെ
  • തന്നിടം പുക്കിരുന്നിങ്ങിനെ ചിന്തിച്ചാൻ 230
  • “രാക്ഷസനിപ്രയോഗങ്ങളെപ്പേരുമെ
  • സൂക്ഷ്മതരമായറിഞ്ഞവനൊക്കവെ 231
  • ചാണക്യനോടു വിപരീതമാക്കിഞാൻ
  • നൂനമിച്ചന്ദ്രഗുപ്താവനിനാഥനെ 232
  • ഇപ്പോൾ ജയിക്കുന്നതുണ്ടെന്നുറച്ചവൻ
  • കെൽ‌പ്പോടും ചെയ്യും പ്രയോഗങ്ങളൊക്കവെ 233
  • നിഷ്ഫലമായ്‌വരുമെന്നതുമല്ലെടോ
  • തൽ ഫലം നീതാനനുഭവിക്കും ദൃഢം” 234
  • ഇത്തരമോരോന്നു ചിന്തിച്ചു തന്നുടെ
  • പത്തനത്തിങ്കൽ വാണീടിനാൻ വിപ്രനും 235
  • കോപിച്ചുപോയോരു ഭൂദേവനെക്കണ്ടു
  • താപം കലർന്നു ചിന്തിച്ചിതു മൌര്യനും 236
  • “ആര്യനിന്നെന്നോടു കോപിച്ചതുമിഹ
  • കാര്യമായ്ത്തന്നെ വരുന്നതോദൈവമേ! 237
  • കോപിച്ച ഭാവം നിരൂപിച്ചു കാണുമ്പോൾ
  • ഭാവിച്ചതല്ലെന്നു തോന്നുന്നു മാനസേ 238
  • വല്ലായ്മമൌര്യൻ പറഞ്ഞതുകേട്ടിട്ടു
  • വല്ലതും വന്നാൽ പൊറുക്കെന്നതേയുള്ളു” 239
  • ഇത്ഥം നിരൂപിച്ചു ചന്ദ്രഗുപ്തനൊരു
  • ഭൃത്യനോടിങ്ങിനെ പാർത്തുചൊല്ലീടിനാൻ 240
  • “ആര്യചാണക്യനധികാരമൊക്കവെ
  • വൈരവശാൽ വെച്ചുപോയി”തെന്നിങ്ങിനെ 241
  • നാട്ടിൽ പ്രജകളോടൊക്കെപ്പറയണം
  • ഒട്ടുമേവൈകരുതെന്നയച്ചീടിനാൻ 242
  • എല്ലാവരുമറിഞ്ഞാരതുമക്കാല-
  • മെല്ലാടവുമൊരുഘോഷവുംകൊണ്ടുതെ 243
  • “വെച്ചുപോൽ സർവ്വാധികാരം ചണകജൻ
  • സ്വച്ഛനായ്‌വാഴുമാറായിതുമൌര്യനും” 245
  • മൌര്യനും പിന്നെയതുതന്നെ ചിന്തിച്ചു
  • ധൈര്യമുറപ്പിച്ചിരുന്നാനതുകാലം 246
  • ഏതുമരുതിച്ചൊൽ‌വാനിനിക്കെന്നു
  • ചാതുര്യമോടുരചെയ്താൽ കിളിമകൾ 247
  • പാലും മധുവും തെളിഞ്ഞൂനുകർന്നഥ
  • പാൽമൊഴിയാളുമടങ്ങി മരുവിനാൾ 248

അഞ്ചാം പാദം സമാപ്തം.